എലിപ്പനി മാരകമാകുന്നതിന്റെ പ്രധാന കാരണം അതിന്റെ സങ്കീർണതകളാണ്. അവ ഏതൊക്കെയാണ്, അവയെ എങ്ങനെ പ്രതിരോധിക്കാം, ആരംഭത്തിലേ കണ്ടെത്താം എന്നൊക്കെ എല്ലാവരും അറിഞ്ഞിരിക്കണം. 

സാധാരണ എലിപ്പനി ആരംഭത്തിൽതന്നെ ചികിത്സിച്ചാൽ ഏതാനും ദിവസം കൊണ്ടുതന്നെ ഭേദമാകും. പക്ഷേ ചിലരിൽ സങ്കീർണതകളുണ്ടാവുന്നു. രോഗാണുക്കളായ ലെപ്ടോസ്പൈറ ബാക്ടീരിയ ത്വക്കിൽ കൂടി ശരീരത്തിനുള്ളിൽ പ്രവേശിച്ച് ഒന്നുരണ്ടാഴ്ചയ്ക്കകം രോഗമുണ്ടാവുന്നു. ബാക്ടീരിയ രക്തത്തിലേക്ക് കടന്ന് അവയുടെ എണ്ണം വര്‍ധിക്കുമ്പോഴാണ് പനി ആരംഭിക്കുന്നത് (Bacteraemia). ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ രോഗാണുക്കൾ ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളിലും എത്തിച്ചേർന്ന് അവയുടെ പ്രവർത്തനത്തിന് തടസ്സം ഉണ്ടാക്കുന്നു. ഇതിനെയാണ് സങ്കീർണതകൾ എന്നു വിളിക്കുന്നത്. സങ്കീർണതകൾ പലതാണ്.

വൃക്കപരാജയം
എലിപ്പനി വൃക്കകളെ ബാധിക്കുമ്പോൾ വൃക്കകളുടെ പ്രവർത്തന പരാജയം ഉണ്ടാവുന്നു. മൂത്രത്തിന്റെ അളവ് കുറയുകയോ, തീർത്തും ഇല്ലാതാവുകയോ മൂത്രത്തിൽ കൂടി രക്തം വരികയോ ഒക്കെയാണ് ലക്ഷണങ്ങൾ.

മഞ്ഞപ്പിത്തം
എലിപ്പനി കരളിനെ ബാധിക്കുന്നതു കൊണ്ടാണ് ചിലരിൽ മഞ്ഞപ്പിത്ത ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇതിനെ icteric leptospirosis അല്ലെങ്കിൽ Weils disease എന്ന് ഡോക്ടർമാർ വിളിക്കുന്നു. മിക്കപ്പോഴും ഇത് അപകടത്തിലേക്കു നയിക്കുന്നു. മഞ്ഞപ്പിത്തത്തോടൊപ്പം ത്വക്കിൽ രക്തസ്രാവം മൂലമുണ്ടാവുന്ന പാടുകൾ, രക്തം ഛർദിക്കൽ, മൂക്കിൽ കൂടി രക്തം വരുക, മലം കറുത്തു പോവുക തുടങ്ങിയവയും ഉണ്ടാവാം. രക്തത്തിൽ പ്ലെറ്റ്ലറ്റുകളുടെ കുറവും ഉണ്ടാവാം. വൃക്ക പരാജയം, ഹൃദ്രോഗങ്ങൾ, തലച്ചോറിന്റെ ആവരണമായ മെനിജിസ്ന് ഉണ്ടാവുന്ന നീർക്കെട്ട് എന്നിവ ഗൗരവമേറിയ സങ്കീർണതകളാണ്.

എലിപ്പനി ശ്വാസകോശത്തെ ബാധിക്കുമ്പോൾ
രക്തം ചുമച്ച് തുപ്പുക, ചുമ, ശ്വാസം മുട്ടൽ, ശ്വാസകോശങ്ങളുടെ പ്രവർത്തനം നിലയ്ക്കൽ എന്നിവയാണ് ലക്ഷണങ്ങൾ. ഇതോടൊപ്പം ശരീരത്തിലെപ്രധാന അവയവങ്ങളുടെ എല്ലാം പ്രവർത്തനം നിലയ്ക്കാം. മരണം പെട്ടെന്ന് സംഭവിക്കുന്നു.

മറ്റു രോഗങ്ങളുള്ളവർക്ക് പ്രത്യേക ശ്രദ്ധ വേണം
ഹൃദ്രോഗങ്ങൾ, പ്രമേഹം, ശ്വാസകോശരോഗങ്ങൾ എന്നിവ ഉള്ളവരും രോഗപ്രതിരോധശക്തി കുറവുള്ളവരും പനിയുടെ ആരംഭത്തിൽ തന്നെ ശ്രദ്ധിക്കണം. സങ്കീർണതകൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. പനിയുടെ ആരംഭത്തിൽതന്നെ ചികിത്സ തേടണം.

എലിപ്പനി മൂലം അപകടം ഉണ്ടാവാതിരിക്കണമെങ്കിൽ അതിന്റെ സങ്കീര്‍ണതകളെ ഒഴിവാക്കണം. അതിനുവേണ്ടത് പനിയുടെ ആരംഭത്തിലെ തന്നെയുള്ള രോഗനിര്‍ണയവും ചികിത്സയുമാണ്.

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)