ആര്‍ത്തവകാലം സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ കാലം കൂടിയാണ്. ആര്‍ത്തവത്തിന്റെ ആദ്യ ദിനങ്ങളിലെ വയറുവേദനയും അസ്വസ്ഥതകളുമാണ് പൊതുവേ സ്ത്രീകള്‍ നേരിടുന്ന പ്രശ്നം. ഓരോരുത്തരിലും വേദനയുടെ കാഠിന്യം ഏറിയും കുറഞ്ഞുമിരിക്കുെമന്നു മാത്രം. വേദനസംഹാരികളെ എപ്പോഴും ആശ്രയിക്കുന്നതും നല്ലതല്ല. എന്നാല്‍ എന്താണ് ഫലപ്രദമായ മാര്‍ഗം ? 

ട്രെഡ് മില്‍ ഈ പ്രശ്നം പരിഹരിക്കുമെന്നാണ് ആംഗ്ലിയ റസ്കിൻ സർവകലാശാലയിലെ സീനിയർ ലക്ചററായ ലെയ്ക ക്ലെഡൺ മുള്ളർ പറയുന്നത്. Primary dysmenorrhea അല്ലെങ്കില്‍ ആര്‍ത്തവവേദന കുറയ്ക്കാന്‍ ട്രെഡ് മില്‍ ഉപയോഗം മൂലം സാധിക്കും എന്നാണ് ഏഴു മാസത്തെ ഗവേഷണത്തിനു ശേഷം ഗവേഷകര്‍ പറയുന്നത്. 18 - 43 പ്രായത്തിനിടയിലുള്ള സ്ത്രീകളെ നിരീക്ഷിച്ച ശേഷമാണ് ഈ കണ്ടെത്തല്‍. 

പഠനത്തിന്റെ ഭാഗമായി ഈ പ്രായത്തിനിടയിലുള്ള ഒരു സംഘം സ്ത്രീകൾക്ക് ആഴ്ചയില്‍ മൂന്നു വട്ടം വീതം ഓരോ ആര്‍ത്തവചക്രത്തിനിടയിലും supervised aerobic training നല്‍കി. കൂടാതെ ആറുമാസം ഇവരോട് വീട്ടിലും വ്യായാമം ചെയ്യാന്‍ നിര്‍ദേശിച്ചു. ആറുമാസം ഇതു തുടര്‍ന്ന സ്ത്രീകളില്‍ ആര്‍ത്തവസമയത്തെ വയറുവേദന 22% കുറഞ്ഞതായി കണ്ടെത്തി. ഈ വ്യായാമം ഏഴു മാസം തുടര്‍ന്ന സ്ത്രീകളുടെ ജീവിതശൈലിയിലും ആരോഗ്യത്തിലും സാമൂഹികജീവിതത്തിലും മാറ്റം വന്നതായും കണ്ടെത്തി. ശാരീരികവും മാനസികവുമായി അവര്‍ മെച്ചപ്പെടുന്നുണ്ടെന്നു ഗവേഷകര്‍ പറയുന്നു. 

സാധാരണ, ആര്‍ത്തവകാലത്ത് വ്യായാമം ചെയ്യാതിരിക്കുകയാണ് സ്ത്രീകള്‍ ചെയ്യുന്നത്. എന്നാല്‍ വ്യായാമം ചെയ്യുന്നത് വേദനകുറയ്ക്കുമെന്ന് കണ്ടംപററി ക്ലിനിക്കൽ ട്രയൽസ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.