ജീവിതത്തിൽ ഇന്നുവരെ വന്നിട്ടില്ലാത്ത വിധം അതികഠിനമായ തലവേദനയുണ്ടായിട്ടുണ്ടെങ്കിൽ സംശയിക്കാവുന്ന രോഗമാണ് അന്യൂറിസം. ഏതു പ്രായത്തിലുള്ളവരെയും ഈ രോഗം ബാധിക്കാം. ചില വ്യക്തികളിൽ തലച്ചോറിലെ രക്തധമനികളിൽ കുമിളകൾ രൂപപ്പെടാറുണ്ട്. 

സാധാരണ ഈ കുമിളകൾ വേദനയുണ്ടാക്കാറില്ലെങ്കിലും അതുപൊട്ടി രക്തസ്രാവം ഉണ്ടാകുമ്പോൾ (സബ് അരക്കനോയിഡ് ഹെമറേജ്) അതികഠിനമായ തലവേദനയുണ്ടാകും. ഇതിനെയാണ് അന്യൂറിസം എന്നു പറയുന്നത്. ചില വ്യക്തികളിൽ ഒന്നിലേറെ കുമിളകൾ ഉണ്ടാകും. ആദ്യ തവണ പൊട്ടിക്കഴിഞ്ഞാൽ സ്കാനിങ്ങിലൂടെ രോഗത്തിന്റെ സ്ഥിതിഗതി മനസ്സിലാക്കി ആവശ്യമെങ്കിൽ തലയോട്ടി തുറന്നുള്ള ക്ലിപ്പിങ്ങോ രക്തക്കുഴലിനകത്തൂടെയുള്ള കോയിലിങ്ങോ നടത്താം.