2007–ൽ ആണ് ചിക്കുൻഗുനിയ എന്ന വൈറൽ പനി കേരളത്തിൽ പ്രത്യേകിച്ച് പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിൽ പടർന്നു പിടിച്ചത്. ആശുപത്രികളെല്ലാം ചിക്കുൻ ഗുനിയ രോഗികളെ കൊണ്ട് നിറഞ്ഞ ആ കാലഘട്ടം വളരെ ഭീതിയോടെയാണ് ഇന്നും ജനങ്ങള്‍ നോക്കിക്കാണുന്നത്. അന്ന് രോഗം ബാധിച്ചും അതിന്റെ ബാക്കി പത്രവുമായി സന്ധികളിൽ നീർക്കെട്ടും വേദനയുമായി കഴിയുന്ന പലരും ഇന്നും നാട്ടിലുണ്ട്. സാധാരണ മഴക്കാലത്താണ് ഈ പനി പടർന്നു പിടിക്കുക. ഇനി എന്നാണ് ഈ പനി വീണ്ടും വരികയെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ ഈ പനിയുടെ ലക്ഷണങ്ങളെപ്പറ്റി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. 

ആർബോ വിഭാഗത്തിൽപ്പെടുന്ന വൈറസുകളാണ് രോഗമുണ്ടാക്കുന്നത്. ഈഡിസ് (Aedes) വിഭാഗത്തിൽപ്പെടുന്ന കൊതുകുകളാണ് രോഗാണുവാഹകർ. രോഗാണുക്കളുള്ള കൊതുകു കടിച്ച് 2–12 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. മിക്കവരിലും 7 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. 

കഠിനമായ പനി

ഏറ്റവും പ്രധാന ലക്ഷണം ശക്തമായ പനി തന്നെയാണ്. മിക്കവരിലും വിറയലോട് കൂടിയ കഠിനമായ പനിയാണ് ഉണ്ടാവുക. പനിക്ക് ഡെങ്കിപ്പനി, വൈറൽ പനി എന്നിവയോട് സാമ്യമുണ്ടെങ്കിലും ചില പ്രത്യേകതകൾ ശ്രദ്ധിച്ചാൽ ചിക്കൻ ഗുനിയ പനിയെ വേർതിരിച്ചറിയാം. ചിക്കുൻ ഗുനിയ പനിയോടൊപ്പം ശരീരത്തിലെ വിവിധ സന്ധികളിൽ നീരും വേദനയും ഉണ്ടാവുന്നു. ചിലർക്ക് പനിയോടൊപ്പം ക്ഷീണം, ഛർദ്ദി, മനംമറിച്ചിൽ എന്നിവയും ഉണ്ടാവാം. 

സന്ധിവേദന

മറ്റു പകർച്ചപ്പനികളെ അപേക്ഷിച്ചു ചിക്കുൻഗുനിയ പനിയുടെ പ്രത്യേകത സന്ധികളിൽ ഉണ്ടാവുന്ന വേദനയും നീർക്കെട്ടും ആണെന്ന് സൂചിപ്പിച്ചുവല്ലോ. കണങ്കാൽ, കാൽമുട്ട്, കൈകളിലെ ചെറിയ സന്ധികള്‍ എന്നിവയിലാണ് വേദന അനുഭവപ്പെടുക. അസഹ്യമായ സന്ധിവേദന മൂലം രോഗി വളഞ്ഞ് കൂനിപ്പോകുന്നതു കൊണ്ടാണ് രോഗത്തിന് ചിക്കുൻ ഗുനിയ എന്ന പേരു വന്നത്. ആഫ്രിക്കയിലെ സ്വാഹിലി ഭാഷയിൽ ചിക്കുന്‍ഗുനിയ എന്ന വാക്കിന്റെ അർത്ഥം ‘വളയുക’ എന്നാണ്. ഒരു സന്ധിയിൽ നിന്നും മറ്റു സന്ധികളിലേക്കും മാറി മാറി വേദന ഉണ്ടാവാം. പനി മാറിയാലും ചിലർക്ക് സന്ധിവേദനയും നീർക്കെട്ടും മാസങ്ങളോ വർഷങ്ങളോ നീണ്ടു നിൽക്കും. പ്രായമേറിയവരിലാണ് ഇങ്ങനെ സംഭവിക്കാൻ സാധ്യത കൂടുതൽ. ചിലരിൽ സന്ധിവേദനയും വീക്കവും കൂടിയും കുറഞ്ഞും കാണുന്നു. സന്ധികൾ മടക്കാനും നിവർക്കാനും ബുദ്ധിമുട്ട് ഉണ്ടാവാം. 

മറ്റ് ലക്ഷണങ്ങൾ

∙കണ്ണിന് ചുവപ്പ് നിറം വരുക. പ്രകാശത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ടുണ്ടാവുക. 

∙ശരീരത്തിൽ അങ്ങിങ്ങായി ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുക. കുരുക്കൾ ഉണ്ടാവുക.

∙ത്വക്കിൽ ചെറിയ തോതിൽ രക്തസ്രാവം.

∙ചിലപ്പോൾ ഛർദി, മനംമറിച്ചിൽ, തലവേദന,

∙ക്ഷീണം അനുഭവപ്പെടുക.

∙ചിലർക്ക് മൂക്കിൽ കൂടി രക്തസ്രാവം ഉണ്ടാവാം. 

ചിക്കുൻ ഗുനിയ മരണകാരണമായ ഒരു രോഗമായി വൈദ്യശാസ്ത്രം കരുതുന്നില്ല. പക്ഷേ, അതുണ്ടാക്കുന്ന രോഗാതുര കുറച്ചൊന്നുമല്ല. മറ്റു രോഗങ്ങൾ ഉള്ളവരിൽ മരണം സംഭവിക്കാം. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ഉടൻ തന്നെ ചികിത്സ ആരംഭിക്കണം. 

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)