തലവേദനയോ വയറുവേദനയോ ഒക്കെ അലട്ടുമ്പോൾ വേദനാസംഹാരി കഴിച്ച് ആശ്വാസം തേടുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ഇവ കഴിക്കുന്നത് കിഡ്നി രോഗങ്ങൾക്കു കാരണമാകുമെന്നു പറയുന്നവരും കുറവല്ല. ഇിനു പിന്നിൽ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ?

വേദനാസംഹാരികൾ പൊതുവെ ശല്യക്കാരാണ്. വയറ്റിൽ അസിഡിറ്റിയും വൃക്കകൾക്കു ക്ഷതവും കരളിനു കേടും ഉണ്ടാക്കുവാൻ കൂടിയ അളവിലുള്ള വേദനാസംഹാരികളുടെ തുടർച്ചയായ ഉപയോഗം കാരണമാകാം. പെതുവെ സുരക്ഷിതമെന്നു കരുതുന്ന പാരസെറ്റമോൾ പോലും കൂടിയ അളവിൽ കഴിക്കുന്നതു വൃക്കകൾക്കും കരളിനും ദൂഷ്യമുണ്ടാക്കും.

ആസ്പിരിൻ, നപ്രോക്സൻ തുടങ്ങിയ വേദനാസംഹാരികൾ കൂടിയ അളവിൽ ഏറെ ദിവസം തുടർച്ചയായി കഴിക്കുമ്പോൾ വൃക്കകളുടെ പ്രവർത്തനശേഷി കൂടെക്കൂടെ പരിശോധിക്കുന്നതു നല്ലതാണ്. വൃക്കരോഗമുള്ളവർ, പ്രായം ചെന്നവർ, കൂടിയ ബിപി ഉള്ളവർ, ഹൃദ്രോഗികൾ, മൂത്ര തടസ്സത്തിനു മരുന്നു കഴിക്കുന്നവർ തുടങ്ങിയവർ ഇത്തരം മരുന്നുകളുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കണം.

കൂടിയ അളവിൽ രണ്ടാഴ്ചയിൽ കൂടുതൽ കാലം തുടർച്ചയായി വേദനാസംഹാരികൾ കഴിക്കുകയാണെങ്കിൽ റീനൽ ഫങ്ഷൻ ടെസ്റ്റ് നടത്താൻ ശ്രദ്ധിക്കണം. വേദനാസംഹാരികൾ കഴിക്കുമ്പോൾ കുറഞ്ഞത് 8–10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.