കാഴ്ചയിൽ യഥാർഥ സിഗരറ്റ് പോലെ തോന്നുമെങ്കിലും ബാറ്ററി ഉപയോഗിച്ചു പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഉപകരണമാണ് ഇ–സിഗരറ്റ്. നിക്കോട്ടിനും കൃത്രിമ രുചികൾക്കുള്ള ചേരുവകളും ചേർത്ത ദ്രവരൂപത്തിലുള്ള മിശ്രിതമാണു ഇ-സിഗരറ്റിലുള്ളത്. ഇത് ചൂടാകുമ്പോൾ ഉണ്ടാകുന്ന ആവിയാണ് ഉള്ളിലേക്കു വലിക്കുന്നത്. നിക്കോട്ടിൻ ട്യൂബ്, അതിന്റെ രുചി എന്നിവ അനുസരിച്ചാണു ഇതിന്റെ വില നിശ്ചയിക്കുന്നത്.

ന്യുയോർക്ക് സർവകലാശാലയിൽ നടത്തിയ പഠനത്തിൽ ഇ –സിഗരറ്റ് കാൻസറിനു കാരണമാകുമെന്നു കണ്ടെത്തിയിരുന്നു. കാൻസറിനു കാരണമാകുന്ന ബെൻസേൻ എന്ന ഘടകം ഇ-സിഗററ്റ് വേപ്പറുകളിൽ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങളിൽ വ്യക്തമാകുന്നത്.  ഇവയിൽനിന്നുള്ള പുക ഹൃദയമിടിപ്പു വർധിപ്പിക്കുമെന്നും ഡിഎൻഎ ഘകങ്ങളില്‍ മാറ്റം വരുത്തുമെന്നും ഗവേഷകര്‍ പറയുന്നു. പത്തുവര്‍ഷം ഇ– സിഗരറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ശ്വാസകോശാര്‍ബുദം, ഹൃദ്രോഗം എന്നിവ വരാനുള്ള സാധ്യത പതിന്മടങ്ങാണ്.

ഇതുവരെ യുഎസിൽ ഏഴു പേരുടെ മരണത്തിന് ഇ– സിഗരറ്റ് കാരണമായിട്ടുണ്ട്. ആരോഗ്യത്തിനു ഹാനികരമാകുന്ന ഇ– സിഗരറ്റിന് ചെറുപ്പക്കാരും കുട്ടികളും അടിമകളാകുന്നുവെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതിന്റെ ഉൽപാദനവും വിൽപനയും ഓൺലൈൻ സംവിധാനങ്ങളിലൂടെ ഉൾപ്പടയെുള്ള പരസ്യവും രാജ്യവ്യാപകമായി നിരോധിച്ച് വി‍ജ്ഞാപനമിറക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്.