ജർമനിയിലെ ഹാംബർഗിൽ കോവിഡ് ന്യൂമോണിയ ബാധിച്ചു മരിച്ച 96 വയസ്സുകാരന് എങ്ങനെയാണ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ കിടക്കുന്ന വയനാട്ടിലെ മുപ്പത്തെട്ടുകാരനെ സഹായിക്കാൻ കഴിയുക? മരണം കൊണ്ടും ജീവിച്ചിരിക്കുന്നവർക്ക് വഴികാട്ടിയാകുന്നവരെ കുറിച്ച് ഓർത്തിട്ടുണ്ടോ? കോവിഡ് ന്യൂമോണിയ വന്നു മരിച്ച ശേഷം

ജർമനിയിലെ ഹാംബർഗിൽ കോവിഡ് ന്യൂമോണിയ ബാധിച്ചു മരിച്ച 96 വയസ്സുകാരന് എങ്ങനെയാണ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ കിടക്കുന്ന വയനാട്ടിലെ മുപ്പത്തെട്ടുകാരനെ സഹായിക്കാൻ കഴിയുക? മരണം കൊണ്ടും ജീവിച്ചിരിക്കുന്നവർക്ക് വഴികാട്ടിയാകുന്നവരെ കുറിച്ച് ഓർത്തിട്ടുണ്ടോ? കോവിഡ് ന്യൂമോണിയ വന്നു മരിച്ച ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജർമനിയിലെ ഹാംബർഗിൽ കോവിഡ് ന്യൂമോണിയ ബാധിച്ചു മരിച്ച 96 വയസ്സുകാരന് എങ്ങനെയാണ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ കിടക്കുന്ന വയനാട്ടിലെ മുപ്പത്തെട്ടുകാരനെ സഹായിക്കാൻ കഴിയുക? മരണം കൊണ്ടും ജീവിച്ചിരിക്കുന്നവർക്ക് വഴികാട്ടിയാകുന്നവരെ കുറിച്ച് ഓർത്തിട്ടുണ്ടോ? കോവിഡ് ന്യൂമോണിയ വന്നു മരിച്ച ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജർമനിയിലെ ഹാംബർഗിൽ കോവിഡ് ന്യൂമോണിയ ബാധിച്ചു മരിച്ച 96 വയസ്സുകാരന് എങ്ങനെയാണ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ കിടക്കുന്ന വയനാട്ടിലെ മുപ്പത്തെട്ടുകാരനെ സഹായിക്കാൻ കഴിയുക?

മരണം കൊണ്ടും ജീവിച്ചിരിക്കുന്നവർക്ക് വഴികാട്ടിയാകുന്നവരെ കുറിച്ച് ഓർത്തിട്ടുണ്ടോ? കോവിഡ് ന്യൂമോണിയ വന്നു മരിച്ച ശേഷം പോസ്റ്റ്മോർട്ടത്തിന് വിധേയമായ അനേകം ശരീരങ്ങളിൽ ഒന്നാണ് ഈ 96 വയസ്സുകാരന്റെ. അതേ പോലെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ നിരവധി പേരുടെ ത്യാഗത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞു വന്ന പുതിയ പുതിയ അറിവുകൾ ആണ് ഇന്ന് കോവിഡ് രോഗികളുടെ ചികിത്സക്കായി ഉപയോഗിക്കുന്നത്. അതെല്ലാം ഉപയോഗിച്ചാണ് വെന്റിലേറ്റർ വരെ എത്തിപ്പോയ വായനാട്ടുകാരനെ ജീവിതത്തിലേക്ക് തിരിച്ചു നടത്തുന്നത്.

ADVERTISEMENT

അതാണ്‌ ശാസ്ത്രം. ഒരു കുഞ്ഞിനെ പോലെ പിച്ച വച്ചും, വീണും, വീണ്ടും നടന്നും ശക്തി ആർജ്ജിച്ചു വരും ശാസ്ത്രം. കോവിഡിന്റെ കാര്യത്തിലും തിരിഞ്ഞു നോക്കിയാൽ ഇതേ കാഴ്ച നമുക്ക് കാണാം. 2019 ഡിസംബർ മുതൽ 2020 ഓഗസ്റ്റ് വരെയുള്ള യാത്രയിൽ നിരവധി തവണ വീണും, സ്വയം തിരുത്തിയും, കരുത്താർജിച്ചും യാത്ര തുടരുകയാണ് ശാസ്ത്രം. അതിന്റെ ശരിയായ പ്രയോഗവത്കരണമാണ് നമ്മുടെ രോഗികൾക്ക് നമുക്ക് വാഗ്ദാനം ചെയ്യാൻ കഴിയുക. നമ്മുടെ കാത്തിരിപ്പും, നമ്മൾ ഇതു വരെ കാഴ്ചവച്ച പ്രതിരോധവും പാഴായി പോകാതെ നമുക്ക് ഉതകുന്ന രീതിയിൽ അറിവുകളുടെ ഉപയോഗം, അതാണ്‌ ഇനി നമുക്ക് മുൻപോട്ടുള്ള വഴി.

ആദ്യകാലത്ത് ലക്ഷ്യം അറിയാതെ അയക്കുന്ന അമ്പുകൾ ആയിരുന്നെങ്കിൽ കോവിഡിനെതിരെയുള്ള പോരാട്ടം ഇപ്പോൾ മർമം നോക്കിയുള്ള അടിയായി മാറിയിരിക്കുന്നു. ഓരോ ദിവസവും പുതിയ തന്ത്രങ്ങൾ പുറത്തെടുക്കാൻ സാധിക്കുന്നു. കണ്ണും കാതും തുറന്ന് വയ്ക്കണമെന്നു മാത്രം.

ഇനി അങ്ങോട്ടുള്ള വഴി അനായാസമാവില്ല. ഏറ്റവും വലിയ ചോദ്യം പുതിയ കണ്ടുപിടിത്തങ്ങൾ, പുതിയ മരുന്നുകൾ നമ്മുടെ സാമ്പത്തിക ശേഷിക്ക് ഒതുങ്ങുന്നതാകുമോ എന്നതാണ്. പ്രത്യേകിച്ച് രോഗികളുടെ എണ്ണം വല്ലാതെ കൂടുന്ന സാഹചര്യങ്ങളിൽ. അതുകൊണ്ട് പുതിയ അറിവുകളെ നമുക്ക് പാകമാവുന്ന രീതിയിൽ തുന്നിയെടുക്കേണ്ടി വരും.

ഈയിടെ പുറത്തു വന്ന പ്രധാനപ്പെട്ട രണ്ടു പഠനങ്ങൾ നമ്മളെ സംബന്ധിച്ചിടത്തോളം വളരെ പ്രതീക്ഷ തരുന്നവയാണ്. 'റിക്കവറി ട്രയൽ' എന്ന പേരിൽ പുറത്തു വന്നതാണ് ആദ്യത്തേത്. തുച്ഛമായ വിലയുള്ള, നമുക്ക് അനേകവർഷക്കാലമായി ഉപയോഗിച്ച് പരിചയമുള്ള "dexona" (dexamethasone) എന്ന മരുന്ന് കൃത്യസമയത്തു തുടങ്ങിയാൽ രോഗം മൂർച്ഛിക്കുന്നത് തടയാൻ കഴിയും എന്നതാണ് ഒന്നാമത്തെ പഠനം. അതിനു ശേഷം ന്യൂയോർക്കിൽ നിന്നു പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ ഇതേ കാര്യം അടിവരയിടുന്നു എന്ന് മാത്രമല്ല, വളരെ ലളിതമായ CRP (C reactive protein ) എന്ന പരിശോധനയിലൂടെ രോഗം മൂർച്‌ഛിക്കുന്നത് നേരത്തെ തിരിച്ചറിയാമെന്നും അതു വഴി മേൽ പറഞ്ഞ മരുന്ന് തുടങ്ങുന്നത് തീരുമാനിക്കാമെന്നും പറയുന്നു. ഓട്ടക്കീശയിൽ തപ്പി നിരാശരാകുന്നവർക്കുള്ള പിടിവള്ളി ആണ് ഇതെന്നതിൽ സംശയം ഇല്ല. ഈ പറഞ്ഞ മരുന്നും പരിശോധനയും എത്രയോ കാലമായി നമുക്ക് അറിവുള്ളതാണ്. ഏതു മുക്കിലും മൂലയിലും നടപ്പാക്കാവുന്നതുമാണ്.

ADVERTISEMENT

എന്നാൽ നമ്മൾ വളരെ പ്രതീക്ഷയോടെയും അതേ സമയം ആശങ്കയോടെയും കണ്ടിരുന്ന ഒരു മരുന്നായിരുന്നു ടോസിലിസുമാബ് എന്ന മോണോക്ലോണൽ ആന്റിബോഡി. കോവിഡ് ശരീരത്തിൽ ഉണ്ടാക്കുന്ന വലിയ അപകടങ്ങൾക്ക് കാരണം രോഗിയുടെ ശരീരത്തിലെ രോഗ പ്രതിരോധാവസ്ഥയിൽ ഉണ്ടാകുന്ന അസംതുലിതാവസ്ഥയാണെന്നും അതിന്റെ ഭാഗമായി ഒരു കൊടുങ്കാറ്റായി വീശുന്ന സൈറ്റോകൈനുകൾ ആണെന്നുമുള്ള തിരിച്ചറിവിൽ നിന്നായിരുന്നു ടോസിലീസുമാബ് രംഗപ്രവേശം ചെയ്യുന്നത്. ഈ കൊടുങ്കാറ്റിനെ മന്ദഗതിയിൽ ആക്കാനും രോഗിയെ രക്ഷിച്ചെടുക്കാനുമുള്ള കരുത്ത് ഉണ്ടെന്ന് ആ മരുന്നിന്റെ പ്രവർത്തനരീതി വച്ച് ഊഹിച്ചതായിരുന്നു. അതായിരുന്നു പ്രതീക്ഷ. ആശങ്ക എന്താണെന്നു വച്ചാൽ മരുന്നിന്റെ അസാമാന്യ വിലയും ലഭ്യതയും. രോഗികളുടെ എണ്ണം വല്ലാതെ കൂടുന്ന അവസരത്തിൽ ഇത്ര വില കൂടിയ മരുന്ന് എത്ര പേർക്ക് ലഭ്യമാക്കാൻ കഴിയും എന്നതിനെ കുറിച്ച് ഭയമുണ്ടായിരുന്നു.

ഈ മരുന്ന് (Tocilizumab ) മരണം കുറക്കുന്നതിലോ വെന്റിലേറ്റർ പോലുള്ള ചികിത്സാ ആവശ്യം കുറക്കുന്നതിനോ കാര്യമായി ഫലം ചെയ്യുന്നില്ല എന്ന നിഗമനവുമായി ഒരു പഠനം പുറത്തു വന്നിട്ടുണ്ട്.

കൂടുതൽ പഠനങ്ങൾ ഇതിൽ ആവശ്യമാണെങ്കിലും എല്ലാ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കും ഈ മരുന്ന് വേണം എന്ന ഒരു ചിന്തയിൽ നിന്നും നമുക്ക് പ്ലാനുകൾ മാറ്റാൻ ഈ പഠനം സഹായകമാവും എന്നു കരുതാം. തിരഞ്ഞെടുത്ത ചില രോഗികളിൽ (ലക്ഷണങ്ങളുടെ പ്രത്യേകതകളാൽ) മാത്രം ഉപയോഗിക്കാൻ വേണ്ടി കരുതി വയ്ക്കുന്ന മരുന്നുകളിൽ ഒന്നായി ടോസിലിസുമാബിനെ ഇനി കണക്കാക്കാം.

അപ്പോൾ, അവിടേയും സമാധാനം. ഒരു പാട് പേർക്ക് അസുഖം ഒന്നിച്ചു വരുമ്പോൾ ഈ മരുന്ന് കൊടുക്കാഞ്ഞത് കൊണ്ട് മനസ്സ് വിഷമിക്കേണ്ട ഒരവസ്ഥ ഉണ്ടാവില്ലല്ലോ.

ADVERTISEMENT

അതേപോലെ മറ്റൊരു കാര്യമാണ് വൈറസിനെതിരെ ഉള്ള ആന്റി വൈറൽ മരുന്നുകൾ. (Remdesivir, Favipiravir ). ആയിരക്കണക്കിന് രൂപ വരും ഒരാളെ ചികിൽസിക്കാൻ. കാടടച്ചു വെടി വെക്കാതെ വളരെ വിവേകപൂർവം തിരഞ്ഞെടുക്കേണ്ട മരുന്നുകളിൽ ഇവയേയും ഉൾപ്പെടുത്തേണ്ടി വരും. നേരത്തേ നമുക്ക് പരിചയം ഉള്ള ഹൈഡ്രോക്സി ക്ലോറോക്വിൻ, എച്ച്ഐവി മരുന്നായ ലോപിനാവിർ- റിട്ടോനാവിർ തുടങ്ങിയവ ഉപയോഗിച്ചുള്ള പഠനങ്ങൾ ഇന്ത്യ പോലൊരു രാജ്യം ഏറ്റെടുത്തു നടത്തുന്നത് വളരെ നന്നായിരിക്കും. രോഗികൾക്ക് ഗുണം ഉണ്ടാകുന്നു എന്ന് കണ്ടാൽ അതു വലിയ ഒരു ആശ്വാസം ആയേനെ. പുറത്തു നിന്ന് പ്രസിദ്ധീകരിച്ച പല പഠനങ്ങളും തള്ളിയെങ്കിലും ഹോങ്കോങ് പോലുള്ള രാജ്യങ്ങളിൽ ഇപ്പോളും ലോപിനാവിർ റിട്ടോനാവിർ ആണ് ആന്റിവൈറൽ ആയി ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

അതായത് വരും നാളുകള്‍ ഒരു സുനാമി തിരമാല പോലെ കോവിഡ് വന്നാലും, നമ്മളുടെ കൊക്കിലൊതുങ്ങുന്ന ചികിത്സകൾ കൊണ്ട് നമുക്ക് നേരിടാൻ ആവണം. അതിനനുസരിച്ചുള്ള ഭേദഗതികൾ ചികിത്സ ഗൈഡ്‌ലൈനുകളിൽ കൊണ്ടുവരാൻ സർക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്.

രോഗം ഗുരുതരാവസ്ഥയിലേക്കു പോകുമ്പോൾ കണ്ടു വരുന്ന രക്തക്കുഴലുകളിലെ മാറ്റങ്ങൾ ആണ് കോവിഡിന്റെ മറ്റൊരു പ്രത്യേകത. കൃത്യ സമയത്തു ഹെപ്പാരിൻ ( Anticoagulant) തുടങ്ങിയാൽ രക്തം കട്ട പിടിക്കുന്നത് തടയാനും, ചില സങ്കീർണതകൾ തടയാനും കഴിഞ്ഞേക്കും. ഒരാളുടെ രക്തം കട്ട പിടിക്കാനുള്ള സാധ്യതയും രക്തസ്രാവം ഉണ്ടാവാൻ ഉള്ള സാധ്യതയും തുലനം ചെയ്യാനും അതിനനുസരിച്ചു ഹെപ്പാരിൻ ഇൻജക്‌ഷൻ കൊടുക്കാനും കോവിഡ് ചികിൽസിക്കുന്ന എല്ലാ ഡോക്ടർമാരെയും പ്രാപ്തരാക്കുന്ന മാറ്റങ്ങളും ഗൈഡ്‌ലൈനുകളിൽ ഉൾപ്പെടുത്താം.

വളരെ പ്രതീക്ഷ തരുന്ന മറ്റൊരു ചികിത്സാ മാർഗം ആണ് പ്ലാസ്മ ചികിത്സ. (Convalescent Plasma Therapy). കൂടുതൽ കേന്ദ്രങ്ങളിൽ പ്ലാസ്മ ചികിത്സ കൊടുക്കാൻ സാധിക്കുന്ന രീതിയിൽ പ്ലാസ്മ ബാങ്ക് കൂടുതൽ വ്യാപിക്കാവുന്നതാണ്. നേരത്തേ ആസൂത്രണം ചെയ്തു വച്ചാൽ താരതമ്യേന കുറഞ്ഞ ചെലവിൽ എളുപ്പം ലഭിക്കാവുന്ന ഒന്നാണ് പ്ലാസ്മ.

മനുഷ്യ വിഭവശേഷിയുടെ കുറവോ ? അതെങ്ങനെ പരിഹരിക്കും ?

കോവിഡ് ആശുപത്രിയിലും, ഇപ്പോള്‍ പല ഫ്രണ്ട് ലൈൻ ചികിത്സാ കേന്ദ്രങ്ങളിലും രോഗീ ബാഹുല്യം അനുഭവപ്പെടുകയാണ്. വരും നാളുകളിൽ ഇത് കൂടും എന്നത് പറയേണ്ടതില്ല.

രോഗ ലക്ഷണം ഇല്ലാത്ത പോസിറ്റീവ് ആളുകളെ വീടുകളിലേക്ക്, മുറികളിലേക്ക് മാറ്റാൻ ആവശ്യം ആയ നിർദേശങ്ങൾ സർക്കാർ തന്നു കഴിഞ്ഞു എന്നത് വളരെ ആശ്വാസകരമാണ്. ആരോഗ്യ പ്രവർത്തകരുടെ ചുമലുകളിൽ നിന്ന് ഈ വലിയ ഭാരം ഇറക്കി വച്ചാൽതന്നെ അവർക്കൊന്ന് ശ്വാസം വിടാൻ കഴിയും.

സന്നദ്ധ പ്രവർത്തകർ, രോഗം മാറിയവർ, ആരോഗ്യ മേഖലകൾക്കപ്പുറത്തു നിന്നുള്ളവർ തുടങ്ങിയവരും ഒപ്പം ചേരാതെ ഈ യുദ്ധത്തിൽ നമ്മൾ വിജയം കാണില്ല. ഇതൊരു ആരോഗ്യ മേഖലയുടെ മാത്രം ഉത്തരവാദിത്വം എന്ന ധാരണ തിരുത്തണം. രോഗം സ്ഥിരീകരിച്ചവർക്ക് റൂം സൗകര്യം ഉണ്ടോ എന്ന് ആരായുക, അവരുടെ വീട്ടിൽ റിസ്ക് കൂടിയ ആളുകൾ ഉണ്ടെങ്കിൽ അവരെ എങ്ങനെ സംരക്ഷിക്കാൻ കഴിയും എന്ന് കണ്ടെത്തുക, അവർക്ക് ആവശ്യം ഉള്ള മരുന്ന്, ഭക്ഷണം തുടങ്ങിയവ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക തുടങ്ങിയവയിൽ എല്ലാം ആരോഗ്യ പ്രവർത്തകരുടെയും രോഗികളുടെയും ഇടയിൽ ഒരു പാലമായി പ്രവർത്തിക്കാൻ ഇവർക്ക് സാധിക്കും. പ്രത്യേകിച്ചും മഴ കൂടി വെള്ളപ്പൊക്കക്കെടുതി കൂടി ഉണ്ടാകുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്ക് മാത്രം എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുക്കൽ അപ്രായോഗികം ആയിരിക്കും.

ലാബുകൾ വേണ്ടേ ?

വേണം, ഫ്രണ്ട് ലൈൻ ചികിത്സാ കേന്ദ്രങ്ങളിൽ ഇപ്പോൾ നേരിയ ലക്ഷണങ്ങൾ ഉള്ളവരെ (category A) ആണ് പാർപ്പിക്കുന്നത്. വരും നാളുകളിൽ ഇതിൽ ഇത്തിരി കൂടി ഗൗരവം കൂടിയവരെ (Category B )കൂടി വേണ്ടി ഉൾപ്പെടുത്തേണ്ടി വന്നേക്കും.

അടിസ്ഥാന പരിശോധനയ്ക്കുള്ള ഏർപ്പാട് ഇവിടെയും വേണ്ടി വരും.

ഇവിടെ ആണ് സി ആർ പി പരിശോധന എടുത്തു പറയേണ്ടത്. രക്തത്തിലെ ഷുഗർ നോക്കാൻ ഉള്ള സൗകര്യം, രക്തത്തിലെ കൗണ്ടും, കരൾ, വൃക്ക ഫങ്‌ഷൻ ടെസ്റ്റുകളും കൂടി ചെയ്യാൻ അടുത്ത് സൗകര്യം ഉണ്ടെങ്കിൽ നന്നായിരിക്കും.

ചെലവേറിയ ഉപകരണങ്ങൾ ചികിത്സയ്ക്കും പരിശോധനയ്ക്കും ഒക്കെ വേണ്ടേ ?

ചികിത്സാ സൗകര്യങ്ങൾ എന്ന് പറയുമ്പോഴൊക്കെ ആദ്യം പറഞ്ഞു കേൾക്കുന്നത് "വെന്റിലേറ്റർ എത്ര എണ്ണം ഉണ്ട്?" എന്നാണ്.

ലക്ഷങ്ങൾ വിലയുള്ള വെന്റിലേറ്ററുകൾ കുറവാണല്ലോ എന്ന പരിവേദനം ആണ് ചുറ്റും. സത്യത്തിൽ, വെന്റിലേറ്ററുകൾ അല്ല കൂടുതൽ എണ്ണം വേണ്ടത്. വെന്റിലേറ്റർ ഉപയോഗിച്ച് ചികിൽസിക്കേണ്ടി വരുന്നത് ഏറെ വിരളം കേസുകളിൽ മാത്രം. ലോകത്ത് മറ്റു ഭാഗങ്ങളിൽ എല്ലാംതന്നെ ഗുരുതരമായ കോവിഡിൽ വെന്റിലേറ്റർ ഉപയോഗിച്ചുള്ള ചികിത്സയിൽ ഉണ്ടായ ഫലം പൊതുവേ അത്ര നല്ലതായിരുന്നില്ല എന്നാണ് പല പഠനങ്ങളും കാണിക്കുന്നത്.

ലോകത്തെമ്പാടും ഗുരുതരാവസ്ഥയിലായ മിക്ക രോഗികൾക്കും വേണ്ടി വന്നത് ശരിയായ രീതിയിൽ ഓക്സിജൻ കൊടുക്കാൻ ഉള്ള ഉപകരണങ്ങൾ ആയിരുന്നു, അതോടൊപ്പം ഓക്സിജൻ കുറയുന്നത് നേരത്തെ തിരിച്ചറിയുന്നതിനുള്ള ഉപകരണങ്ങളും.

വളരെ എളുപ്പത്തിൽ ഓക്സിജൻ അളവ് അറിയാൻ കഴിയുന്ന ഫിംഗർ ടൈപ്പ് പൾസ്‌ ഓക്സിമീറ്റർ ആവശ്യത്തിന് വേണം. സ്വയമോ, ഒരു വോളന്റീയർക്കൊ എളുപ്പത്തിൽ നോക്കാൻ കഴിയും. വീടുകളിൽ കഴിയുന്ന രോഗികളും ഇതുപയോഗിക്കുന്നത് അപകടം കുറയ്ക്കാൻ സഹായിക്കും.

HFNC ( high flow nasal cannula) മൂന്നു ലക്ഷത്തിൽ താഴെ വിലയുള്ള ഇവയാവും വെന്റിലേറ്ററുകളെക്കാളും രക്ഷകർ ആയി അവതരിക്കാൻ പോവുന്നത്.

HFNC വച്ചുകൊണ്ട് സംസാരിക്കാം, ഭക്ഷണം കഴിക്കാം എന്നതു കൊണ്ടുതന്നെ പേടി കൂടാതെ ജനം അത് സ്വീകരിക്കും. ഏറെ ഫലപ്രദം ആണ് താനും. HFNC ഘടിപ്പിച്ച രോഗിക്ക് അതിനു പുറത്തായി മാസ്കും ധരിക്കാൻ കഴിയും. അത് ആരോഗ്യ പ്രവർത്തകരുടെ റിസ്ക് കുറയ്ക്കുകയും ചെയ്യും.

രോഗിക്ക് ഓക്സിജൻ നൽകുന്ന ഉപകരണങ്ങളിൽ , തീരെ ചെലവ് കുറഞ്ഞ മറ്റൊന്നാണ് നോൺ റീബ്രീത്തിങ് മാസ്ക്.

ഈ മൂന്നു കാര്യങ്ങൾ വരും നാളുകളിൽ രോഗത്തിന് അടിപ്പെടുന്നവരെ തിരികെ കൊണ്ട് വരുന്നതിൽ പ്രധാന പങ്കു വഹിക്കും എന്നതിൽ തർക്കമില്ല.

രോഗിയുടെ പൊസിഷൻ മാറ്റി ഓക്സിജൻ അളവ് കൂട്ടുന്ന രീതി ലോകത്തിന്റെ പല ഭാഗത്തും പ്രയോജനം കണ്ടു കഴിഞ്ഞു. ഈ തന്ത്രങ്ങളും പ്രായോഗിക തലത്തിൽ ഏറെ ഗുണം ചെയ്യും. (awake proning protocol)

ഒടുവിൽ പറയാനുള്ളത്

മനുഷ്യവിഭവം എണ്ണത്തിൽ മാത്രം പോരാ, ഐ സി യു രോഗികളുടെ എണ്ണം കൂടുമ്പോൾ, ഇത്തരത്തിലുള്ള ഉപകരണങ്ങളുടെ ഉപയോഗം കൂടുമ്പോൾ നൈപുണ്യമുള്ള ആളുകളുടെ എണ്ണം പോരാതെ വരും. അവരുടെ എണ്ണം കൂട്ടാനുള്ള നടപടികൾക്ക് ഊന്നൽ നൽകണം.

നമ്മെക്കാൾ ശക്തരായ ശത്രുവിനോട് യുദ്ധം ചെയ്യുമ്പോൾ ഏറ്റവും നിർണായകമായിരിക്കും ആസൂത്രണം. ഇനി വരാൻ പോകുന്നത് ഒട്ടും എളുപ്പമുള്ള നാളുകൾ ആവില്ല. ഏറ്റവും വിവേകത്തോടെ, സൂക്ഷ്മതയോടെ നമ്മുടെ വിഭവശേഷി വിതരണം ചെയ്യപ്പെടുന്നു എന്ന് ഉറപ്പു വരുത്തുന്നത് ഫലപ്രാപ്തിയെ കാര്യമായി സ്വാധീനിക്കും എന്നതിൽ സംശയം ഇല്ല.

English Summary: New studies and treatment strategies, COVID- 19