വളരെ സാധാരണയായി കണ്ടുവരുന്ന ഒരു മസ്തിഷ്ക രോഗമാണ് അപസ്മാരം അഥവാ ചുഴലി. മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പഴക്കമേറിയ അസുഖങ്ങളിലൊന്ന് കൂടിയാണ് അപസ്മാരം...

വളരെ സാധാരണയായി കണ്ടുവരുന്ന ഒരു മസ്തിഷ്ക രോഗമാണ് അപസ്മാരം അഥവാ ചുഴലി. മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പഴക്കമേറിയ അസുഖങ്ങളിലൊന്ന് കൂടിയാണ് അപസ്മാരം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ സാധാരണയായി കണ്ടുവരുന്ന ഒരു മസ്തിഷ്ക രോഗമാണ് അപസ്മാരം അഥവാ ചുഴലി. മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പഴക്കമേറിയ അസുഖങ്ങളിലൊന്ന് കൂടിയാണ് അപസ്മാരം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ സാധാരണയായി കണ്ടുവരുന്ന ഒരു മസ്തിഷ്ക രോഗമാണ് അപസ്മാരം അഥവാ ചുഴലി  (Epilepsy). മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പഴക്കമേറിയ അസുഖങ്ങളിലൊന്ന് കൂടിയാണ് അപസ്മാരം. ഏകദേശം 50 ദശലക്ഷം വ്യക്തികൾക്ക് അപസ്മാര രോഗബാധ ഉണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. അതിൽ, ഇന്ത്യയിൽ ഏകദേശം ആയിരത്തിൽ അഞ്ചു പേർക്ക് അപസ്മാരം ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇതിൽ, മൂന്നിൽ രണ്ടുപേരും കുട്ടികളാണ്. സ്ത്രീ പുരുഷ ഭേദമില്ലാതെ, ഏതു പ്രായപരിധിയിലുള്ളവരെയും ഏത് വംശീയപശ്ചാത്തലത്തിലുള്ളവരെയും അപസ്മാരം ബാധിക്കാം. നല്ലൊരു പങ്ക് രോഗികളിലും അപസ്മാരത്തിന്റെ തുടക്കം ഇരുപത് വയസ്സിനു മുൻപാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

എന്താണ് അപസ്മാരം?

ADVERTISEMENT

അപസ്മാരം ഒരു മസ്തിഷ്കരോഗമാണ്. മസ്തിഷ്കത്തിലെ വൈദ്യുതതരംഗംങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനമാണ് അപസ്മാര രോഗത്തിന്റെ കാരണം. അപസ്മാരത്തെ ഫോക്കൽ എന്നും ജനറലൈസ്ഡ് എന്നും തരംതിരിക്കാവുന്നതാണ്. മസ്തിഷ്കത്തിന്റെ ഏതു ഭാഗത്തുനിന്നാണ് ആരംഭിക്കുന്നത് എന്നതനുസരിച്ചാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.

അപസ്മാര ലക്ഷണങ്ങൾ 

അസാധാരണ പെരുമാറ്റം, ചില അനുഭവപ്പെടലുകൾ, താത്കാലികമായതും ഹ്രസ്വമായതുമായ ആശയക്കുഴപ്പം,  കൈകാലുകളുടെയും മുഖത്തിന്റെയും അനിയന്ത്രിതമായ ചലനം, ഇടയ്ക്കിടെയുള്ള ബോധം നഷ്ടപ്പെടൽ, ശക്തമായ വിറയൽ, ഉച്ചത്തിലുള്ള അപശബ്ദങ്ങൾ, വായിൽ നിന്നും നുരയും പതയും വരിക, ഭയം, ഉത്കണ്ഠ മുതലായവയെല്ലാം അപസ്മാര ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. എപ്പോഴെങ്കിലും ഒരിക്കൽ ഈ ലക്ഷണങ്ങൾ കാണപ്പെട്ടു എന്നതുകൊണ്ട് ആ വ്യക്തി അപസ്മാര രോഗി ആകണമെന്നില്ല. എന്നാൽ അപസ്മാര ലക്ഷണങ്ങളായ കൈകാലുകളുടെ അനിയന്ത്രിത ചലനങ്ങളും മറ്റും അഞ്ചു മിനിറ്റിൽ കൂടുതലായി നീണ്ടു നിന്നാലോ, ലക്ഷണങ്ങൾ അവസാനിച്ചിട്ടും ശ്വാസമോ, ബോധമോ തിരിച്ചുവരാതെ ഇരുന്നാലോ, ഒരു തവണ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ശേഷം ഉടനടി തന്നെ വീണ്ടും ഇതാവർത്തിച്ചാലോ, അപസ്മാരത്തിന്റെ ഭാഗമായി പനി ഉൾപ്പടെയുള്ള രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാലോ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുക.

തലച്ചോറിനുള്ളിൽ പ്രത്യക്ഷപ്പെടുന്ന അസാധരണമായ ചില ഇലക്ട്രിക്കൽ തരംഗങ്ങളാണ് അപസ്മാരത്തിന് കാരണമാകുന്നത്. ഈ വൈദ്യുത തരംഗങ്ങൾ ഉത്പ്പാദിപ്പിക്കപ്പെടുന്ന തലച്ചോറിന്റെ മേഖല നിയന്ത്രിക്കുന്ന ഏതു പ്രവർത്തനത്തെയും അപസ്മാരം സ്വാധീനിക്കുന്നതാണ്. ഉദ്ഭവ കേന്ദ്രം ഒന്നായതിനാൽ രോഗലക്ഷണങ്ങൾ ഓരോ ഘട്ടത്തിലും ഒരേപോലെയിരിക്കും. ചിലയാളുകൾക്ക് അപസ്മാരമുണ്ടാകുവാൻ പോകുന്നതിന് മണിക്കൂറുകളോ ദിവസങ്ങളോ മുൻപ് തലവേദന, വയറുവേദന, വിശപ്പില്ലായ്മ മുതലായവ അനുഭവപ്പെടാറുണ്ട്. മിക്കവാറും അപസ്മാര ബാധിതർ വീണുപോവുകയും, പൊടുന്നനെ ബോധം നഷ്ടമാവുകയും ഏതാനും നിമിഷങ്ങൾക്കകം ബോധം തെളിയുകയും ചെയ്യാറുണ്ട്. അതിനുശേഷം ശരീരവേദനയോ, തലവേദനയോ, കടുത്ത ക്ഷീണമോ അനുഭവപ്പെടാറുണ്ട്.

ADVERTISEMENT

രോഗകാരണങ്ങൾ 

തലച്ചോറിനുണ്ടാകുന്ന ഏതു തരത്തിലുള്ള ക്ഷതവും ഈ രോഗത്തിന് കാരണമായി കണക്കാക്കപ്പെടാറുണ്ടെങ്കിലും പലപ്പോഴും ഇതിനു ശരിയായ കാരണമെന്താണെന്ന് അറിയാറില്ല. ജനിതകമായ കാരണങ്ങൾ കൊണ്ടോ തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങൾ കൊണ്ടോ അപസ്മാരം ഉണ്ടാകാറുണ്ട്. ഗർഭകാലത്തും പ്രസവസമയത്തും ശരിയായ പരിചരണങ്ങൾ നൽകുന്നതിലൂടെ ഈ സമയത്ത് ശിശുവിനുണ്ടാകുന്ന ചില മസ്തിഷ്കക്ഷതങ്ങൾ ഒഴിവാക്കാൻ കഴിയും. അതിലൂടെ ഈ രോഗസാധ്യതയുടെ അളവ് കുറയ്ക്കാൻ കഴിയും. മസ്തിഷ്കജ്വരം പോലുള്ള രോഗങ്ങളും അപസ്മാരത്തിനു കാരണമാകാറുണ്ട്.ഇത്തരം രോഗങ്ങളുടെ പ്രതിരോധകുത്തിവെയ്പ്പ് എടുക്കുന്നതിലൂടെ രോഗസാധ്യത കുറയുന്നതാണ്. ശിരസ്സിനുണ്ടാവുന്ന ക്ഷതങ്ങൾ ഒഴിവാക്കുന്നതിലൂടെ രോഗസാധ്യത കുറയ്ക്കാം. അമിത മദ്യപാനവും ലഹരിമരുന്നുകളുടെ ഉപയോഗവും അപസ്മാരത്തിന് കാരണമാകാറുണ്ട്. ജന്മനാലുള്ള ചില ദശകൾ മസ്തിഷ്കത്തിൽ കാണപ്പെടാം. ഇത്തരം ദശകൾ ശക്തിയായ അപസ്മാരരോഗത്തിനും കാരണമാകാം. ഇവയെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതാണ്. പരമ്പരാഗതമായ പ്രത്യേകതകൾ ചിലരിൽ രോഗബാധയ്ക്ക് കാരണമായേക്കാമെങ്കിലും മാതാപിതാക്കളിൽ ആർക്കെങ്കിലും അപസ്മാരം ഉണ്ട് എന്നതുകൊണ്ട് മാത്രം മക്കൾക്ക് ഈ രോഗം ഉണ്ടാകണമെന്ന് നിർബന്ധം ഇല്ല.  

രോഗനിർണ്ണയം

ശരിയായ രോഗനിർണ്ണയമാണ് അപസ്മാര ചികിത്സയിലെ ഏറ്റവും നിർണായകമായ ഭാഗം. ഏതു സാഹചര്യത്തിലാണ് അപസ്മാരം ഉണ്ടായത്, എന്ത് തരം ചേഷ്ടകളാണ് ഉണ്ടായത് തുടങ്ങിയ അപസ്മാരമുണ്ടാകുന്ന സാഹചര്യത്തെക്കുറിച്ചുള്ള കൃത്യമായ വിവരണം രോഗത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും. രക്തപരിശോധന, ചെസ്റ്റ് എക്സറേ തുടങ്ങിയ പരിശോധനകളും പ്രധാനമാണ്. മിക്കവാറും രോഗികൾക്കെല്ലാം  തന്നെ ഇഇജി  പരിശോധന നടത്താറുണ്ട്. ചിലർക്ക് വിഡിയോ റെക്കോർഡിങ് ഇഇജി ആവശ്യമായി വരാറുണ്ട്. എംആർഐയും സിടി ബ്രെയിനും പോലെയുള്ള  രോഗനിർണ്ണയ പരിശോധനകളും ചിലരിൽ ആവശ്യമായി വരാം. ശരിയായ രോഗനിർണ്ണയം ഫലപ്രദമായ ചികിത്സയ്ക്ക് ആവശ്യമാണ്.

ADVERTISEMENT

ചികിത്സ

70 ശതമാനം രോഗികളിലും മരുന്നുകൾ കൊണ്ട് അപസ്മാരം പൂർണ്ണമായും നിയന്ത്രിക്കുവാൻ സാധിക്കുന്നതാണ്. ചില അപസ്മാരങ്ങളിൽ മൂന്നോ നാലോ വർഷത്തെ ചികിത്സ തന്നെ ഫലപ്രദമാണ്. മറ്റു ചിലരിൽ ജീവിതകാലം മുഴുവൻ ചികിൽസ വേണ്ടി വന്നേക്കാം. അപസ്മാരത്തിനുള്ള മരുന്ന് കഴിക്കുന്ന കാര്യത്തിൽ പ്രത്യേക നിഷ്കർഷ ആവശ്യമാണ്. ഡോക്ടേഴ്സ് നിർദേശിക്കുന്ന അത്രയും കാലം മരുന്ന് മുടങ്ങാതെ കഴിക്കേണ്ടതാണ്.  ഒരു വ്യക്തിയുടെ ശരീരഘടന, ആരോഗ്യസ്ഥിതി, മറ്റ് രോഗങ്ങൾ, ഉപയോഗിക്കുന്ന മറ്റു മരുന്നുകൾ എന്നിവയെല്ലാം കണക്കിലെടുത്താണ് ചികിത്സ. അപസ്മാരത്തിന്റെ വകഭേദം തിരിച്ചറിഞ്ഞ ശേഷം മാത്രമേ ചികിത്സ തുടങ്ങാവൂ. രോഗത്തിന്റെയും രോഗിയുടെയും പ്രത്യേകതകൾ മനസ്സിലാക്കി വേണം ഓരോ രോഗിയും കഴിക്കേണ്ട മരുന്നുകൾ ക്രമപ്പെടുത്താൻ. കുഞ്ഞുങ്ങളിൽ കാണപ്പെടുന്ന ചില രോഗാവസ്ഥകൾ കാലക്രമേണ മാറിവരുന്നതായി കണ്ടിട്ടുണ്ട്. ഒന്നിലധികം മരുന്നുകൾ ഉപയോഗിച്ചാലും മരുന്നിന്റെ ഡോസ് വർധിപ്പിച്ചാലും അപസ്മാരത്തെ നിയന്ത്രിക്കാൻ സാധിക്കാതെ വരുന്ന ചിലരിൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ഇതര മാർഗ്ഗങ്ങൾ ഫലപ്രദമായി കണ്ടുവരുന്നു. സങ്കീർണ്ണമേറിയതും തികഞ്ഞ വൈദഗ്‌ധ്യം ആവശ്യമുള്ളതുമായ അപസ്മാര ശസ്ത്രക്രിയയിൽ രോഗത്തിന്റെ സ്വഭാവം രോഗബാധയുടെ ഉദ്ഭവ കേന്ദ്രം തുടങ്ങിയവ കൃത്യമായി നിർണയിച്ച ശേഷം തലച്ചോർ തുറന്ന് ശസ്ത്രക്രിയ നടത്തുകയാണ് ചെയ്യാറുള്ളത്. വലിയ ഒരു വിഭാഗം ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന അപസ്മാര രോഗികളിലും രോഗത്തിന് പൂർണ ശമനം ലഭ്യമാകുന്നത് കണ്ടുവരുന്നു. കുറച്ച് പേരിൽ അസുഖത്തിന്റെ തീവ്രതയും തുടർച്ചയായ ആവർത്തനങ്ങളും ഇല്ലാതാക്കുവാനും കഴിക്കുന്ന മരുന്നിന്റെ അളവ് ഗണ്യമായി കുറയ്ക്കയുവാനും സാധിക്കുന്നു. ശസ്ത്രക്രിയ ഫലപ്രദമാകാത്തവരിൽ വേഗൽ നെർവ് സ്റ്റിമുലേഷൻ എന്ന മാർഗവും വിജയകരമാകാറുണ്ട്.

കരുതലോടെ 

അപസ്മാര ബാധയുള്ളവരെ സാധാരണ സാമൂഹിക ജീവിതത്തിൽ നിന്നോ, ജോലിയിൽ നിന്നോ, പഠനത്തിൽ നിന്നോ മറ്റ് പ്രവർത്തനങ്ങളിൽ നിന്നോ മാറ്റിനിർത്തേണ്ടതില്ല. ജീവിതത്തിൽ കഴിവതും പ്രവർത്തനനിരതരായിരിക്കുക. എന്നാൽ ഇക്കൂട്ടർ ജീവിതത്തിൽ ചില ചിട്ടകൾ പാലിക്കേണ്ടത് ആവശ്യമാണ്. എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങുക, ഏഴ് ഏഴര മണിക്കൂറെങ്കിലും ഉറങ്ങുക, കൃത്യസമയത്ത് ഭക്ഷണം കഴിക്കുക എന്നീ കാര്യങ്ങൾ അവയിൽ പ്രധാനമാണ്. ഉയരമുള്ളിടത്ത് കയറി നിന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്. വാഹനമോടിക്കുന്നതിൽ നിന്നും വിട്ടുനിൽക്കേണ്ടതാണ്. വെള്ളം, തീ എന്നിവയിൽ നിന്നും സുരക്ഷിത അകലം പാലിക്കുവാൻ ശ്രദ്ധിക്കുക.

ലോകത്ത് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു രോഗമാണ് അപസ്മാരം. ഈ അസുഖത്തെപ്പറ്റിയുള്ള മിഥ്യാധാരണകളും ഏറെയാണ്. നെപ്പോളിയൻ, സോക്രട്ടീസ്, വ്ലാഡിമിർ ലെനിൻ, ജൂലിയസ് സീസർ, ആൽഫ്രഡ് നോബേൽ, വിൻസെന്റ് വാൻഗോഗ് തുടങ്ങി അനേകം പ്രതിഭകൾ അപസ്മാരബാധിതരായിരുന്നു. എങ്കിലും ഇവരെല്ലാം തങ്ങളുടെ മേഖലകളിൽ അസാമാന്യ കഴിവ് തെളിയിച്ചവരാണ്. അതുകൊണ്ട് തന്നെ രോഗത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ അകറ്റിനിർത്തുക. അപസ്മാരം ഒന്നിനും വിലങ്ങുതടിയല്ല എന്ന് മനസ്സിലാക്കുക. കൃത്യമായ രോഗനിർണയവും അനുയോജ്യമായ ചികിത്സയും ലഭിച്ചാൽ പൂർണ്ണമായി ഭേദമാക്കാവുന്നതും നിയന്ത്രിച്ചു നിർത്താവുന്നതുമായ രോഗമാണ് അപസ്മാരം. രോഗത്തെ മനസ്സിലാക്കി അതിനനുസരിച്ച് ജീവിതത്തെ ക്രമീകരിക്കുകയും ശരിയായ ചികിത്സയിലൂടെ രോഗത്തെ മറികടക്കുകയും  ചെയ്യുക  എന്നതാണ് പ്രധാനം.

ഡോ. ജോസി ജെ. വള്ളിപ്പാലം

Dr. Josy J Vallippalam

MBBS, MD, DM (Neurology) DNB Neurology

Consultant Neurologist – Mar Sleeva Medicity Pala

Website - https://marsleevamedicity.com/

Facebook - https://www.facebook.com/MarSleevaMedicityPalai

Instagram - https://www.instagram.com/mar_sleevamedicitypalai/

Phone Number – 04822 359 900, 04822 269 500 / 700

Content Summary : Epilepsy - Symptoms, causes and treatment