വേഗം ഫലം നല്‍കും ഹോമിയോ

രോഗിയുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ കണക്കിലെടുത്താണ് സാധാരണനിലയിnല്‍ ഹോമിയോചികിത്സ നടത്തുന്നത്. എങ്കിലും വയറിളക്കം പോലെ പെട്ടെന്നു ചികിത്സ നല്‍കേണ്ട രോഗാവസ്ഥകളില്‍ വേഗം ഫലം തരുന്ന പല മരുന്നുകള്‍ നല്‍കാം.

കുട്ടികളില്‍: സാധാരണ കുട്ടികളില്‍ കൂടുതല്‍ കാണുന്ന വയറിളക്കം പാല്‍ ദഹിക്കാതെ വരുന്നതുമൂലമാണ്. അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലാണ് ഇതു കൂടുതല്‍ കണ്ടുവരുന്നത്. മുലപ്പാല്‍ കുടിക്കുന്ന സമയത്തോ, പാല്‍പ്പൊടി നല്‍കുന്ന സമയത്തോ കണ്ടുവരുന്ന വയറിളക്കമാണ് ഇത്. ഈ പ്രശ്നത്തിന് മാഗ്കാരബ്-200, സള്‍ഫര്‍- 200, എത്തൂസ്യാ-30 എന്നീ മരുന്നുകള്‍ ഫലപ്രദമാണ്.

ഭക്ഷ്യവിഷബാധ: ബാക്ടീരിയ ഉള്ളില്‍ക്കടന്നു ശരീരത്തിലുണ്ടാക്കുന്ന വിഷാംശങ്ങള്‍ (കോളറ) വയറിളക്കത്തിനു കാരണമാകാറുണ്ട്. ഇതിനു പുറമേ ഭക്ഷ്യവിഷബാധ മൂലമുണ്ടാകുന്ന വയറിളക്കത്തിനും ആഴ്സനിക് ആല്‍ബ്-30, കാംഫര്‍-30 എന്നീ മരുന്നുകള്‍ ഫലപ്രദമാണ്.

ഹോട്ടല്‍ ഭക്ഷണം: ഹോട്ടല്‍ ഭക്ഷണം പതിവാക്കിയവരില്‍ രക്തവും കഫവും മലത്തില്‍ കാണാം. സാഹചര്യങ്ങള്‍ കൊണ്ടുണ്ടാകുന്ന ഇത്തരം വയറുകടിയെ ഇന്‍വേസീവ് ഡയേറിയ എന്നു വിളിക്കുന്നു. മെര്‍ക്സോള്‍, മെര്‍കോര്‍, നസ്വോമിക്ക എന്നീ മരുന്നുകള്‍ ആ പ്രശ്നത്തിന് ഫലം ചെയ്യുന്നവയാണ്. യാത്രാവേളകളില്‍: യാത്രാവേളകളില്‍ പെട്ടെന്നു പിടികൂടുന്ന വയറിളക്കമാണ് ട്രാവലേഴ്സ് ഡയേറിയ അഥവാ ട്രാന്‍സിറ്റ് ഡയേറിയ. പോഡോഫൈലം -200 ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കും.

മരുന്നുമൂലം : ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള ചില മരുന്നുകള്‍ ചിലപ്പോള്‍ വയറിളക്കം ഉണ്ടാക്കും. ഈ പ്രശ്നത്തിന് സള്‍ഫര്‍, നസ്വോമിക്ക എന്നിവ ഉപയോഗിക്കാം.

മാനസികവിഷമം: മാനസികവിഷമം മൂലവും വയറിളക്കം ഉണ്ടാകാം. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്നാണ് ഇത് അറിയപ്പെടുന്നത്. വെപരേട്രം ആല്‍ബ് -200 ഇതിനു ഫലപ്രദമായ മരുന്നാണ്.

പെട്ടെന്നുണ്ടാകുന്ന വയറിളക്കത്തിനോടൊപ്പം കടുത്ത ക്ഷീണം, നിര്‍ജലീകരണം എന്നിവയുണ്ടായാല്‍ ആഴ്സനിക് ആല്‍ബ് 3റ്റ നല്‍കാം. മുതിര്‍ന്നവര്‍ക്കു വെള്ളത്തില്‍ നാലു തുള്ളി വീതം മരുന്നു ലയിപ്പിച്ചു രണ്ടു മണിക്കൂര്‍ ഇടവിട്ട് മൂന്നു നേരം നല്‍കാം. കുട്ടികള്‍ക്ക് രണ്ടു തുള്ളി മരുന്നു വീതം മതി. 15 മിനിറ്റിനുള്ളില്‍ മരുന്നു പ്രവര്‍ത്തിച്ചു തുടങ്ങുകയും വൈകാതെ രോഗിക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും. ഈ മരുന്നുകള്‍ എല്ലാം രണ്ടു മുതല്‍ മൂന്നു ദിവസം വരെ ഉപയോഗിക്കാം.

_ഡോ പി വൈ സജിമോന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ്, ശാന്തി ഹോമിയോ ക്ളിനിക്, കോട്ടയം. _