നിപ്പ: കോഴിക്കോട് ഒരു മരണം കൂടി, ചികിൽസയിൽ 16 പേർ

നിപ്പ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണന്ന സൂചനയെത്തുടർന്ന് മാസ്ക്ക് ധരിച്ച് കോഴിക്കോട്ട് കോർപറേഷൻ ഓഫിസിനു മുന്നിലൂടെ നടക്കുന്ന അമ്മയും മക്കളും. ചിത്രം : റസൽ ഷാഹുൽ

നിപ്പ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തലശേരി സ്വദേശിനി റോജയാണ് മരിച്ചത്. എന്നാൽ ഇവർക്ക് നിപ്പയില്ലെന്ന് കഴിഞ്ഞ ദിവസം പരിശോധനയിൽ തെളിഞ്ഞിരുന്നു.

കോഴിക്കോട് രണ്ടാമത്തെ മരണമാണ് ഇത്തരത്തിലുണ്ടാകുന്നത്. നേരത്തേയും നിപ്പയില്ലെന്ന് പരിശോധന ഫലത്തിൽ കണ്ടെത്തിയ ആൾ മരണപ്പെട്ടിരുന്നു. ഇതോടെ കോഴിക്കോട് നിവാസികൾ ആശങ്കയിലാണ്. നിപ്പാ ഭീതിയെത്തുടര്‍ന്ന് വഴിയിലിറങ്ങാന്‍ പോലും ജനം ആശങ്കയിലാണ്.

നിപ്പ: വേണം, ജാഗ്രതയും പ്രതിരോധവും

അതേസമയം, രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നഴ്സിങ് വിദ്യാർഥിനിയുടെയും മലപ്പുറം സ്വദേശിയായ യുവാവിന്റെയും പുതിയ സാംപിൾ പരിശോധനാ ഫലം നെഗറ്റീവാണെന്നു തെളിഞ്ഞത് ആശ്വാസം പകർന്നു. രോഗമുക്തി സ്ഥിരീകരിക്കാറായിട്ടില്ലെങ്കിലും ഇവരിലെ വൈറസ് ബാധയുടെ അളവുകുറഞ്ഞു. രോഗലക്ഷണങ്ങളിൽ കുറവുണ്ടെന്നും ഇരുവരും ഭക്ഷണം കഴിച്ചെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത പറഞ്ഞു.

'ഗ്ലൗസും മാസ്കുമഴിച്ച് ഞാൻ അവനെ കെട്ടിപ്പിടിച്ചു'; നിപ്പ കണ്ടെത്തിയ ഡോ. അനൂപ് കുമാര്‍ പറയുന്നു...

ഇന്നലെ ലഭിച്ച ഏഴു പരിശോധനാഫലങ്ങളും നെഗറ്റീവാണ്. രോഗ ലക്ഷണങ്ങളോടെ ആറു പേരെ ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ നിപ്പ രോഗലക്ഷണങ്ങളോടെ മൊത്തം ചികിൽസയിലുള്ളവർ 16 ആയി.

മലപ്പുറത്ത് പകര്‍ച്ചാ ഭീതിയുളള പ്രദേശങ്ങള്‍ നിരീക്ഷണത്തിൽ

മലപ്പുറം ജില്ലയില്‍ നിപ്പ രോഗഭീതിയുള്ള പ്രദേശങ്ങള്‍ പ്രത്യേക നിരീക്ഷണത്തിലാണന്ന് ജില്ല ഭരണകൂടം. രോഗപ്രതിരോധ സംവിധാനങ്ങള്‍ക്കും ആരോഗ്യ ജീവനക്കാരുടെ കുറവു പരിഹരിക്കാനും തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്ന് പണം ചിലവഴിക്കാന്‍ മന്ത്രി കെ.ടി. ജലീല്‍ അനുമതി നല്‍കി. 

നിപ്പ വൈറസ് വ്യാപനത്തിന് കൂടുതല്‍ സാധ്യതയുളള സ്ഥങ്ങള്‍ കണ്ടെത്തി പ്രതിരോധമാര്‍ഗങ്ങള്‍ തുടരുകയാണ്. ജില്ലയില്‍ രോഗം ബാധിച്ച നാലു പേരുമായി അടുത്തിടപെട്ട മൂന്നുറോളം പേര്‍ കഴിഞ്ഞ രണ്ടാഴ്ചയായി ആരോഗ്യ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. രോഗസാധ്യത കണക്കിലെടുത്ത് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയ കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്.

നഗരസഭ, പഞ്ചായത്ത് സെക്രട്ടറിമാര്‍ പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യം ഇടക്കിടെ പരിശോധിക്കണം. പണത്തിന്റെ കുറവുകൊണ്ട് പ്രതിരോധ നടപടികള്‍ക്ക് തടസമുണ്ടാകരുത്. മലപ്പുറം ജില്ലയില്‍ സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് പകര്‍ച്ചവ്യാധികള്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.