വിഷാദം കിടപ്പറയിൽ വില്ലനാകുമ്പോൾ...

എപ്പോഴും ഒന്നാമതെത്താനുള്ള ത്വര പൊതുവേ മലയാളികൾക്കിടയിൽ കൂടുതലാണ്. ഇതു തന്നെയാണ് കടുത്ത ഡിപ്രഷൻ, വിഷാദരോഗം, സ്ട്രെസ് തുടങ്ങി പല പേരുകളിൽ അറിയപ്പെടുന്ന ഓമനരോഗം വിളിച്ചു വരുത്തുന്നതും. ഇതിന് അടിപ്പെടുന്നവരുടെ എണ്ണമാകട്ടെ ദിനംപ്രതി വർധിച്ചു വരുന്നു. ഇവ വ്യക്തികളെ കടന്ന് കുടുംബബന്ധങ്ങളെയും ബാധിച്ചു തുടങ്ങുമ്പോഴാണ് രോഗത്തിന്റെ ഗൗരവത്തെക്കുറിച്ച് പലരും മനസിലാക്കുന്നത്.

വിഷാദം കിടപ്പറയിലെ വില്ലൻ

ബെഡ്റൂമിലേക്കു കടക്കുമ്പോൾതന്നെ ഒരു വിരക്തി, ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ അഭിമുഖീകരിക്കാൻ തന്നെ ബുദ്ധിമുട്ട് തോന്നുക, മാനസികമായി ലൈംഗികതയോടു പൊരുത്തപ്പെടാൻ സാധിക്കാതിരിക്കുക എന്നീ പ്രശ്നങ്ങളാണ് പ്രധാനമായും വിഷാദരോഗികൾക്ക് കിടപ്പറയിൽ അഭിമുഖീകരിക്കേണ്ടി വരുന്നത്.

ഏതു പ്രായത്തിലുള്ളവരെയും ബാധിക്കാവുന്ന ഒരു പ്രശ്നക്കാരനാണ് വിഷാദം. വിഷാദരോദമുള്ള 50 ശതമാനം പേരിലും ലൈഗികവിരക്തിയും അനുഭവപ്പെടാമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് ലൈംഗികപ്രശ്നങ്ങളും കൂടിവരുന്നു. ഇതാകട്ടെ ആത്മഹത്യയിലേക്കു വരെ പലരേയും നയിക്കുന്നുമുണ്ട്.

ഉദ്ധാരണക്കുറവും താൽപര്യമില്ലായ്മയും

വിഷാദരോഗികളായ പുരുഷൻമാരിൽ കണ്ടു വരുന്ന പ്രധാനപ്രശ്നം ഉദ്ധാരണശേഷിക്കുറവാണ്. വിഷാദത്തോടൊപ്പം അമിത ഉത്കണ്ഠയുള്ളവർക്കാകട്ടെ ശീഘ്രസ്ഖലനം ഉൾപ്പടെയുള്ള പ്രശ്നങ്ങളും കാണുന്നുണ്ട്. ഉദ്ധാരണശേഷി കുറയുമ്പോൾ ലൈഗികതയെക്കുറിച്ചുള്ള ആശങ്കകൾ കൂടിവരുന്നു. ഇണയെ തൃപ്തിപ്പെടുത്താൻ സാധിക്കാതെ വരുമ്പോൾ രോഗം വീണ്ടും വഷളാകുന്നു.

വിഷാദരോഗവുമായി എത്തുന്ന സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന പ്രശ്നം ലൈംഗികതയോടുള്ള വിരക്തിയാണ്. ഭർത്താവ് എങ്ങനെയൊക്കെ സന്തോഷിപ്പിക്കാൻ നോക്കിയാലും അതിലൊന്നും തന്നെ ഒരു താൽപര്യവും തോന്നാറില്ല. എന്നു മാത്രമല്ല, ഭർത്താവിന്റെ സാമീപ്യം തന്നെ ചിലർക്ക് അരോചകമായി മാറാം. അഥവാ ഭർത്താവിന്റെ താൽപര്യത്തിനൊന്നു നിന്നുകൊടുത്താൽ തന്നെ ഒരുതരം നിർവികാരതയായിരിക്കാം ഇക്കൂട്ടർക്ക് അനുഭവപ്പെടുക. യോനിയിൽ വരൾച്ച അനുഭവപ്പെട്ട് പേശികൾ ചുരുങ്ങി വേദനയുണ്ടാകുന്ന യോനീസങ്കോചം എന്ന അവസ്ഥയിലേക്കും എത്തുന്നു. ഇത് ലൈംഗികതയെ തീർത്തും അസഹനീയമാക്കി മാറ്റുന്നു.

പോംവഴി ചികിത്സ മാത്രം

ഏതെങ്കിലും രീതിയിലുള്ള സമ്മർദ്ദമോ, വിഷാദമോ പിടികൂടുമ്പോൾ, കാര്യങ്ങൾ നിങ്ങളുടെ വഴിക്കു നിൽക്കുന്നില്ലഎന്നു കണ്ടാൽ എത്രയും പെട്ടെന്ന് വിദഗ്ധോപദേശം തേടണം. ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നുമില്ലെന്ന് ആദ്യം മനസിലാക്കണം. പലരിലും മരുന്നുകൾ പോലും വേണ്ടി വരാതെ തന്നെ കൗൺസിലിങ്ങിലൂടെ പരിഹാരം ലഭിക്കാറുണ്ട്.