സെക്സ്റ്റിങ് നല്ലതെന്ന് യുഎസ് ഗവേഷകർ!

സെക്സിറ്റിങ് (ലൈംഗിക സ്വഭാവമുള്ള മെസേജുകളും ചിത്രങ്ങളും മൊബൈലിൽ പരസ്പരം കൈമാറ്റം ചെയ്യുന്നത്) ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും യുവതലമുറയെ വഴി തെറ്റിക്കുമെന്നും ഒരു കൂട്ടർ വാദിക്കുമ്പോൾ ഇതാ സെക്സ്റ്റിങ് യുവജനതയെ മാനസികമായി പക്വതപ്പെടുത്തും എന്ന പ്രഖാപനവുമായി യുഎസ് ഗവേഷകർ രംഗത്തെത്തിയിരിക്കുന്നു. യുഎസിൽ പത്തുപേരിൽ എട്ടുപേരെങ്കിലും സെക്സ്റ്റിങ് ചെയ്യുന്നവരാണെന്ന് സർവേയിൽ കണ്ടെത്തി. അടിച്ചമർത്തിവയ്ക്കുന്ന വികാരങ്ങളുടെ തുറന്നുവിടൽ യുവാക്കളെ മാനസികമായി പക്വത കൈവരിക്കാൻ സഹായിക്കുമെന്നാണ് യുഎസ് ഗവേഷകർ അവകാശപ്പെടുന്നത്.

ലൈംഗികതയോടുള്ള അപകടകരമായ താല്പര്യവും കൗതുകവും ഇതുമൂലം നിയന്ത്രിക്കാൻ കഴിയുമത്രേ. ആൺപെൺ സൗഹൃദങ്ങൾ ആരോഗ്യപരമായി കൊണ്ടുപോകാൻ സെക്സ്റ്റിങ് പ്രയോജനകരമായിരിക്കുമെന്നും എതിർലിംഗത്തിൽ പെട്ടവരുടെ ശരീരത്തെക്കുറിച്ചുള്ള അനാവശ്യ ജിജ്ഞാസ ഒഴിവാക്കാൻ സഹായിക്കുമെന്നും ഇവർ ഗവേഷണത്തിലൂടെ കണ്ടെത്തി. പതിനെട്ടിനും എൺപത്തിരണ്ടിനും ഇടയിൽ പ്രാമുള്ള ആയിരത്തോളം പേരെയാണ് സർവേയ്ക്കു വിധേയരാക്കിയത്. ഇവരിൽ പകുതി സ്ത്രീകളായിരുന്നു. സർവേയിൽ പങ്കെടുത്തവരിൽ പ്രായഭേദമന്യേ 88 ശതമാനം പേരും സെക്സ്റ്റിങ് ഒരു വിനോദമായി ചെയ്യുന്നവരാണ്. ഇത് മനസിന്റെ അനാവശ്യ ഭാരങ്ങൾ ലഘൂകരിക്കുന്നതിന് ഇവരെ സഹായിക്കുന്നുണ്ടത്രേ. സർവേയിൽ പങ്കെടുത്ത 75 ശതമാനം പേരും ജീവിതപങ്കാളിക്കും കാമുകിക്കും കാമുകനുമാണ് സെക്സ്റ്റിങ് ചെയ്യുന്നതെങ്കിൽ ബാക്കിയുള്ളവർ കേവല സുഹൃത്തുക്കൾക്കും ഇത്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടത്രേ.

അമേരിക്കക്കാർക്ക് എന്തുമാകാം. പക്ഷേ നമ്മളോ? മനസിന്റെ ഭാരം കുറയ്ക്കാൻ മറ്റുനൂറുവഴികളുള്ളപ്പോൾ നമ്മുടെ സംസ്കാരത്തിനു നിരക്കാത്ത സെക്സ്റ്റിങ് തിരഞ്ഞെടുക്കണോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.