കോവിഡ് മൂന്നാം തരംഗം എത്തി; എത്തിയില്ലെന്ന മട്ടിൽ ആശങ്കയും വെല്ലുവിളി ഉയർത്തുന്ന ഈ ഘട്ടത്തിൽ സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന പ്രധാന മുന്നറിയിപ്പ് ഇതാണ്: കുട്ടികളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ 35 ശതമാനവും, നാം സുരക്ഷിതമെന്നു വിശ്വസിച്ചിരുന്ന വീടുകളിൽ

കോവിഡ് മൂന്നാം തരംഗം എത്തി; എത്തിയില്ലെന്ന മട്ടിൽ ആശങ്കയും വെല്ലുവിളി ഉയർത്തുന്ന ഈ ഘട്ടത്തിൽ സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന പ്രധാന മുന്നറിയിപ്പ് ഇതാണ്: കുട്ടികളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ 35 ശതമാനവും, നാം സുരക്ഷിതമെന്നു വിശ്വസിച്ചിരുന്ന വീടുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മൂന്നാം തരംഗം എത്തി; എത്തിയില്ലെന്ന മട്ടിൽ ആശങ്കയും വെല്ലുവിളി ഉയർത്തുന്ന ഈ ഘട്ടത്തിൽ സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന പ്രധാന മുന്നറിയിപ്പ് ഇതാണ്: കുട്ടികളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ 35 ശതമാനവും, നാം സുരക്ഷിതമെന്നു വിശ്വസിച്ചിരുന്ന വീടുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മൂന്നാം തരംഗം എത്തി; എത്തിയില്ലെന്ന മട്ടിൽ ആശങ്കയും വെല്ലുവിളി ഉയർത്തുന്ന ഈ ഘട്ടത്തിൽ സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന പ്രധാന മുന്നറിയിപ്പ് ഇതാണ്: കുട്ടികളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ 35 ശതമാനവും, നാം സുരക്ഷിതമെന്നു വിശ്വസിച്ചിരുന്ന വീടുകളിൽ തന്നെയാണെന്നു കൂടി വെളിപ്പെടുത്തിയതോടെ മാതാപിതാക്കളുടെ നെഞ്ചിൽ ഒരു ഇടിത്തീ വീണിരിക്കുകയാണ്. കുട്ടികൾക്കു കോവിഡ് ബാധിക്കാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകൾ എടുക്കണമെന്ന ആശങ്കയോടെയുള്ള അന്വേഷണങ്ങൾക്കാണ് ഡോക്ടർമാർ ഇപ്പോൾ മറുപടി നൽകിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കുട്ടികളിലെ കോവിഡ് ചികിത്സയുടെ മാർഗ നിർദേശങ്ങൾ പുതുക്കുന്നു, രക്ഷിതാക്കളുടെ സംശയങ്ങൾക്കു ഓൺലൈനായി മറുപടി നൽകുന്നു. 

ADVERTISEMENT

ആശങ്ക തീരാതെ മാതാപിതാക്കൾ മരുന്നു കടകളിലാണ് അഭയം തേടുന്നത്. വൈറ്റമിൻ ഗുളികകൾ വാങ്ങിക്കൂട്ടാൻ. അങ്ങനെ കുട്ടികളിൽ പ്രതിരോധ വ്യൂഹം കെട്ടിപ്പടുക്കാൻ. 

എന്നാൽ ഇത് ആശാസ്യമായ പ്രവണതയല്ലെന്നു ശിശുരോഗ വിദഗ്ധരും ഡയറ്റീഷന്മാരും ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ ശേഷി ജന്മനാ ലഭിക്കുന്നതാണ്. അതു സ്വാഭാവികമായി ശക്തിപ്പെടുത്തി എടുക്കേണ്ടതുമാണ്. കുട്ടികളുടെ സമീകൃതാഹാരം, വ്യായാമം, മാനസികോല്ലാസം തുടങ്ങിയ കാര്യങ്ങളിൽ ഇന്നലെ വരെ അനാസ്ഥ പുലർത്തിയവർ വൈറ്റമിൻ ഗുളികകൾ കൊണ്ട് പെട്ടെന്നൊരു പരിഹാരം ഉണ്ടാക്കാമെന്നു വിചാരിച്ചാൽ അതു കതിരിൽ വളം വയ്ക്കുന്നതു പോലെയാണെന്നു മാത്രമല്ല, അമിതോപയോഗം മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും ഇട വരുത്തും.

അതേസമയം തന്നെ, വീടുകളിൽ തന്നെ നടപ്പാക്കാവുന്ന ഒട്ടേറെ കാര്യങ്ങളുമുണ്ട്. കുഞ്ഞുങ്ങളുടെ ശാരീരിക, മാനസികാരോഗ്യം സ്വാഭാവികമായി മെച്ചപ്പെടുത്താനുള്ള വഴികൾ. അതു വഴി അവരുടെ പ്രതിരോധ ശേഷിയും ശക്തമായിക്കൊള്ളും.

സമാധാനിക്കൂ; കുട്ടികൾക്കു കോവിഡ് വലിയ ഭീഷണിയല്ല

Photo credit : Photographielove / Shutterstock.com
ADVERTISEMENT

ഇതുവരെ നടന്നിട്ടുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ചൂണ്ടിക്കാട്ടുന്നത്, മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിലെ (മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്തവർ) കോവിഡ് ബാധ ചെറിയ തോതിലാണെന്നാണ്. ഇതുവരെ കോവിഡ് പോസിറ്റീവായ കുട്ടികളിൽ 70%–90% പേർക്കും ലക്ഷണമില്ലാത്തതോ, നിസ്സാര ലക്ഷണങ്ങളോടു കൂടിയതോ ആയ വൈറസ് ബാധയാണു റിപ്പോർട്ട് ചെയ്തത്.  5%–9% പേർക്കു മാത്രമാണു കോവിഡ് ഗുരുതരാവസ്ഥയിൽ എത്തിയത്. യൂനിസെഫിന്റെ പഠനറിപ്പോർട്ട് പ്രകാരം 1%–2% കുട്ടികൾക്കു മാത്രമാണ് ഐസിയു ചികിത്സ വേണ്ടി വന്നത്.

ആസ്മയും മറ്റു ശ്വാസകോശ രോഗങ്ങളും, ജന്മനായുള്ള ജനിതക പ്രശ്നങ്ങൾ, ഹൃദ്രോഗം, വൃക്ക, കരൾ രോഗം, കാൻസർ, ടൈപ്പ് വൺ പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളുടെ കാര്യത്തിലാണു പ്രത്യേക ശ്രദ്ധയും മുൻകരുതലും ആവശ്യമായി വരുന്നത്. 

എന്നാൽ, ഇതോടൊപ്പം ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന മറ്റൊരു ‘റിസ്ക് ഫാക്ടർ’ നാം ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. കുട്ടികളിലെ പൊണ്ണത്തടിയാണിത്.

പ്രമേഹം കയ്യെത്തും ദൂരത്ത് 

ADVERTISEMENT

കോവിഡ് എന്ന വില്ലൻ രംഗപ്രവേശം ചെയ്യുന്നതിനെല്ലാം മുൻപ് 2019–ൽ ഐഎംഎ കേരള ഘടകം നടത്തിയ പഠനത്തിൽ കണ്ടെത്തിയത് കേരളത്തിലെ 21% സ്കൂൾ വിദ്യാർഥികളും പ്രമേഹത്തിനു തൊട്ടു മുൻപിലുള്ള ഘട്ടത്തിലാണെന്നാണ്. 

നാഷനൽ ന്യൂട്രീഷൻ സർവേ പ്രകാരം കേരളത്തിൽ പത്തി‍ൽ മൂന്ന് (പത്തിൽ ഒന്ന് ആണ് ദേശീയ ശരാശരി) കുട്ടികളും പ്രമേഹ ഭീഷണിയിലാണ്. കൊച്ചിയിലെ സ്കൂൾ വിദ്യാ‍ർഥികളിൽ നടത്തിയ ബിഎംഐ (ബോഡി മാസ് ഇൻഡക്സ്) സർവേയിൽ ഐഎംഎ കണ്ടെത്തിയത് 5–10 ക്ലാസ് വിദ്യാർഥികളിൽ 57% പേർക്കും പൊണ്ണത്തടി ഉണ്ടെന്നാണ്. ഇതേത്തുടർന്നു ജങ്ക് ഫുഡ് വിപത്തുകളെക്കുറിച്ച് ഐഎംഎ വ്യാപക പ്രചാരണ പരിപാടി ആസൂത്രണം ചെയ്തിരുന്നു. ലോകാരോഗ്യ സംഘടന മുന്നോട്ടു വച്ച 'Healthy Food Plate' (ഭക്ഷണ പ്ലേറ്റിൽ പകുതി പഴവർഗങ്ങൾ) എന്ന നിർദേശം നടപ്പാക്കാനും ശ്രമങ്ങളാരംഭിച്ചിരുന്നു. 

അതിനു ശേഷമാണു കോവിഡ് കളം പിടിക്കുന്നത്. ഇക്കാലയളവിനിടെ പൊണ്ണത്തടി എന്ന പ്രശ്നം കൂടുതൽ ഗുരുതരമായിട്ടുണ്ടാകാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അനുമാനം. കാരണം:

∙ സ്കൂൾ ജീവിതം ഇല്ലാതായതോടെ സംഘം ചേർന്നുള്ള കളികൾ, വ്യായാമം, കൃത്യസമയത്തു ചിട്ടയോടെയും മിതമായുമുള്ള ഭക്ഷണം എന്നിവ ഇല്ലാതായി.

∙ സ്ക്രീൻ ടൈം–ലാപ് ടോപ്പിനോ, മൊബൈൽ ഫോണിനോ, ടിവിക്കോ മുന്നിൽ കുത്തിയിരിക്കുന്ന സമയം– ആകട്ടെ കൂടികൂടി വരുന്നു. 

ഓൺലൈൻ പഠനം, ഓൺലൈനായി ലഭിക്കുന്ന നോട്ടുകൾ പകർത്തൽ, സ്കൂളിൽ ചെയ്തിരുന്ന പാഠ്യേതര പ്രവർത്തനങ്ങൾ ഓൺലൈൻ ആയി ചെയ്യൽ – ഇതിനെല്ലാം പുറമെയാണ് സംഘം ചേർന്നുള്ള ഔട്ട് ഡോർ കളികൾ ഇല്ലാതായതും കുട്ടികൾ ഓൺലൈൻ ഗെയിമുകളിലേക്ക് അഭയം തേടിയതും. ചുരുക്കത്തിൽ ശരീരം അനങ്ങാതായി. 

∙ ഭക്ഷണ ശീലങ്ങളിൽ വന്ന മാറ്റം – മാതാപിതാക്കൾ ‘വർക്ക് ഫ്രം ഹോം’ ആയതും വീട്ടിലെ ഭക്ഷണ ശീലങ്ങളെ ബാധിച്ചു. കൃത്യസമയത്തു ജോലി കഴിഞ്ഞെത്തി വീട്ടു കാര്യങ്ങൾക്കു ബാക്കി സമയം നീക്കിവച്ചിരുന്ന പല രക്ഷിതാക്കളുടെയും ജോലിയുടെ സ്വഭാവം മാറി. വീട്ടു ജോലിക്കു നേരം കിട്ടാത്തവർ ഹോട്ടലുകളിലെ പാഴ്സൽ ഭക്ഷണത്തെ ഒരു നേരമെങ്കിലും സ്ഥിരമായി ആശ്രയിക്കാൻ തുടങ്ങി. ജങ്ക് ഫുഡ് വീട്ടിലെ അംഗീകൃത ആഹാരമായി.

∙ കൊഴുപ്പു കൂടിയ ഭക്ഷണം, കൂടിയ അളവിൽ പഞ്ചസാരയും കൃത്രിമ മധുരങ്ങളും ചേർന്ന പാനീയങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവയുടെ ഉപയോഗവും കോവിഡ് കാലത്തു കൂടി.

∙ ടിവി/ലാപ്ടോപ്പിനു മുന്നിലിരുന്നു ഭക്ഷണം കഴിക്കുന്ന ശീലവും കുട്ടികളിൽ ഇക്കാലത്ത് കൂടിയിട്ടുണ്ട്. ‘തലച്ചോർ അറിയാതെയുള്ള ഈ ഭക്ഷണം കഴിക്കലും’ അപകടകരമായി.

ഇപ്പോൾ, ഒരു പഠനം നടത്തിയാൽ രണ്ടു വർഷം മുൻപത്തെക്കാളും പൊണ്ണത്തടി കേസുകൾ കേരളത്തിൽ ഉണ്ടാകാമെന്നു ചുരുക്കം. ഈ സാഹചര്യമാണ് കോവിഡുമായി ബന്ധപ്പെടുത്തി ആലോചിക്കുമ്പോൾ കേരളത്തിലെ രക്ഷിതാക്കൾ ഗൗരവത്തോടെ കാണേണ്ടത്.

ബിഎംഐ എന്ന അളവുകോൽ

പൊണ്ണത്തടി (ഒബിസിറ്റി) ഉണ്ടോയെന്നറിയാൻ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നതു ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലാണ്. ഒരാളുടെ ഉയരത്തെ (മീറ്ററിൽ) അതു കൊണ്ടു തന്നെ ഗുണിച്ചാൽ കിട്ടുന്ന സംഖ്യ ഉപയോഗിച്ചു ശരീരഭാരത്തെ (കിലോഗ്രാമിൽ) ഹരിച്ചാൽ കിട്ടുന്നതാണ് ബിഎംഐ. ഉദാഹരണത്തിന് 1.5 മീറ്റർ ഉയരവും 60 കിലോഗ്രാം ഭാരവുമുള്ള ഒരാളുടെ ബിഎംഐ 26.66 ആയിരിക്കും. 

ബിഎംഐ 18.5 നു താഴെയാണെങ്കിൽ ആവശ്യമുള്ളത്ര ഭാരമില്ല, പോഷകാഹാരക്കുറവുണ്ട് എന്നർഥം. 18.5 മുതൽ 24.9 വരെയാണ് ആശാസ്യമായതും ആരോഗ്യകരമായതുമായ ബിഎംഐ. 25 മുതൽ 29.9 വരെ അമിത വണ്ണം. 30 ന് മുകളിൽ ബിഎംഐ എന്നാൽ പൊണ്ണത്തടി.

ഇന്ത്യൻ സാഹചര്യങ്ങൾ അനുസരിച്ച്, ആൺകുട്ടികൾക്കു 10 വയസ്സിൽ 32 കിലോഗ്രാം ഭാരവും 138.4 സെ.മീ. ഉയരവും ഉണ്ടാകണമെന്നാണു കണക്കാക്കുന്നത്. 16 വയസ്സുകാരനാകട്ടെ, 60.8 കിലോഗ്രാം ഭാരവും 173.4 സെ.മീ. ഉയരവും. 

10 വയസ്സുള്ള പെൺകുട്ടിക്ക് 31.9 കിലോഗ്രാം ഭാരവും 138.4 സെ.മീ ഉയരവുമാണു നിശ്ചയിച്ചിരിക്കുന്നത്. 16 വയസ്സിലേക്കെത്തുമ്പോൾ 53.5 കിലോഗ്രാം ഭാരവും 162.5 സെ.മീ. ഉയരവും ഉണ്ടായിരിക്കണം.

പക്ഷേ പത്തു വയസ്സിൽ തന്നെ 16 –ാം വയസ്സിൽ പറഞ്ഞിരിക്കുന്ന ഭാരത്തിലേക്ക് കുതിച്ചുയരുകയാണ് അടച്ചു പൂട്ടിയിട്ട ജീവിതത്തിൽ നമ്മുടെ കുഞ്ഞുങ്ങൾ. പൊണ്ണത്തടി ശരീരത്തിന്റെ പ്രതിരോധശേഷിയെ കുറയ്ക്കുമെന്നതിനാൽ ആഹാരശീലങ്ങളിൽ ചില മാറ്റങ്ങൾ അനിവാര്യം.

ഗുളിക വേണ്ട; വൈറ്റമിനുകൾ വീട്ടിലെത്തും

വൈറ്റമിൻ എ, സി. ഡി, ഇ, ഫോളിക് ആസിഡ് എന്നിവയും ധാതുക്കളായ ഇരുമ്പ്, സെലിനിയം, സിങ്ക് എന്നിവയുമാണു പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. ഇതു കുട്ടികൾക്കും ബാധകമാണ്. ഇതെല്ലാം നാം സാധാരണയായി കഴിച്ചു കൊണ്ടിരിക്കുന്ന വീട്ടുഭക്ഷണത്തിൽ തന്നെയുണ്ട്. ഇവ അൽപം കൂടി ലഭ്യമാക്കാൻ ആഹാരക്രമത്തിലും വിഭവങ്ങളിലും ചേരുവകളിലും അൽപം മാറ്റമാകാം. അതല്ലാതെ, വൈറ്റമിൻ, അയൺ, സിങ്ക് ഗുളികകളായും ടോണിക്കുകളായും മറ്റും കുട്ടികളിൽ അടിച്ചേൽപിക്കേണ്ടതില്ല. 

വൈറ്റമിൻ സമൃദ്ധമായ ഭക്ഷ്യവസ്തുക്കളും പച്ചക്കറികളുമെല്ലാം ഏതൊക്കെയെന്നു സാമാന്യേന എല്ലാവർക്കും അറിയാം. ഒന്നു കൂടി ഓർമിപ്പിക്കാം:

വൈറ്റമിൻ എ: മുട്ട, പാൽ, ഓറഞ്ച് നിറത്തിലുള്ള പച്ചക്കറികളും പഴവർഗങ്ങളും

വൈറ്റമിൻ സി: പാചകത്തിലൂടെ നഷ്ടമാകുന്ന വൈറ്റമിനാണിത്. അതിനാൽ വേവിക്കാത്ത പച്ചക്കറികൾ, നാരങ്ങ, നെല്ലിക്ക, പേരക്ക തുടങ്ങിയവ.

വൈറ്റമിൻ ഇ: ഇലക്കറികൾ, അണ്ടിപ്പരിപ്പ്, മത്സ്യം

പ്രത്യേകം ശ്രദ്ധിക്കൂ; വൈറ്റമിൻ ഡി യെ

Photo Credits : Shutterstock.com

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ചെറുക്കുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്ന വൈറ്റമിൻ ആണിത്. അയല, ചൂര തുടങ്ങിയ മത്സ്യങ്ങളും ധാന്യങ്ങളുമെല്ലാം ഈ വൈറ്റമിന്റെ സ്രോതസ്സാണ്. എന്നാൽ ഏറ്റവും പ്രധാന സ്രോതസ്സ് അതൊന്നുമല്ല. അതാണു സൂര്യപ്രകാശം.

അടച്ചുപൂട്ടി വീട്ടിനകത്തിരിക്കുന്ന കോവിഡ് ലോക്ഡൗൺ കാലത്ത് ഒരുപക്ഷേ നാം ഏറ്റവും കൂടുതൽ നേരിടുന്നത് ഈ വൈറ്റമിന്റെ അപര്യാപ്തത ആയിരിക്കാം. പൊതു കളിസ്ഥലങ്ങൾ അപ്രാപ്യമായ കുട്ടികളുടെ കാര്യവും അങ്ങനെ തന്നെ. കൊറോണ ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് ആയതിനാൽ, ഈ അപര്യാപ്തത അപകടകരവുമാണ്. 

രാവിലെ 10 മണി മുതൽ വൈകിട്ട് 3 വരെയുള്ള സമയത്തിനിടെ 10 മിനിറ്റ് ശരീരത്തിൽ സൂര്യപ്രകാശമേറ്റാൽ അന്നത്തേക്കുള്ള വൈറ്റമിൻ ഡി ആയി. അതിനാൽ സ്കൂൾ അധികൃതരും മാതാപിതാക്കളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ഓർമിപ്പിക്കുന്നു. ഓൺലൈൻ പഠനത്തിന്റെ ഇടവേളയിൽ 10 മണിക്കും 11 മണിക്കും ഇടയിൽ (അപ്പോൾ വെയിൽചൂട് താങ്ങാവുന്നതുമായിരിക്കും) 10 മിനിറ്റ് സമയം കുട്ടികളെ നിർബന്ധമായും മുറ്റത്തിറങ്ങി കളിക്കാൻ വിട്ടാൽ രണ്ടുണ്ട് കാര്യം; വ്യായാമവുമായി വൈറ്റമിനുമായി.

മിൽമ ഫോർട്ടിഫൈഡ് പാൽ വിപണിയിൽ ഇറക്കുന്നുണ്ട്. ഇതു വൈറ്റമിൻ ഡി സമ്പുഷ്ടമാക്കിയതാണ്. അതുപോലെ വിശ്വാസ്യതയുള്ള ബ്രാൻഡുകൾ ഉൽപാദിപ്പിക്കുന്ന ഫോർട്ടിഫൈഡ് ഉൽപന്നങ്ങളും കുട്ടികൾക്കു നൽകാവുന്നതാണ്.

Photo credit : Tatjana Baibakova / Shutterstock.com

മിനറലുകൾ: സെലിനിയം സമൃദ്ധമായ കൂണുകൾ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഉത്തമം. ആഴ്ചയിൽ 3 ദിവസമെങ്കിലും കുട്ടികളുടെ ഭക്ഷണത്തിൽ കൂണുകൾ ഉൾപ്പെടുത്താം. പച്ച നേന്ത്രക്കായ, ഇലക്കറികൾ, മാംസം, തൈര്, വിത്തുകൾ, തോടുള്ള മത്സ്യങ്ങൾ തുടങ്ങിയവയിൽ ഇരുമ്പും സിങ്കും ഉണ്ട്.

ആമാശയം രണ്ടാമത്തെ തലച്ചോർ

ഗട്ട്–ഔർ സെക്കൻഡ് ബ്രെയിൻ എന്നാണല്ലോ. കേന്ദ്ര നാഡീവ്യവസ്ഥയിലെ അതേ ന്യൂറോണുകളും ന്യൂറോ ട്രാൻസ്മിറ്ററുകളുമാണ് ആമാശയത്തിലും കാണുന്നത്. സദാ സമയും ഈ രണ്ടു തലച്ചോറുകളും പരസ്പരം സംവദിച്ചു കൊണ്ടേയിരിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതിനാൽ ഉദര ആരോഗ്യം ഏറ്റവുമധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണിപ്പോൾ. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ അവരുടെ ദഹനവ്യവസ്ഥയെക്കുറിച്ചും അതിനാൽ ചിന്തിക്കുക. 

ദഹനത്തിനെ സഹായിക്കുന്ന നല്ല ബാക്ടീരിയകളും സൂക്ഷ്മാണുക്കളും ആമാശയത്തിലുണ്ട്. അവയെ നശിപ്പിക്കുന്ന  ഭക്ഷണവസ്തുക്കൾ നിത്യശീലമാകുന്നത് അതിനാൽ അപകടകരമാണ്. പരിപൂർണമായി വർജിക്കുക എളുപ്പമല്ലെങ്കിലും ഉപയോഗം പരമാവധി കുറയ്ക്കേണ്ടതുണ്ട്. പ്രധാനമായും ഈ 4 വില്ലന്മാരെ ഓർത്തുവയ്ക്കുക:

1. വറുത്തതും പൊരിച്ചതുമായ ആഹാരവസ്തുക്കൾ

2. കൃത്രിമ മധുരം

3. മസാലകൾ

4. ഫ്രക്ടോസ് (സോഡ, പേസ്ട്രി, കുപ്പികളിൽ ലഭിക്കുന്ന പഴച്ചാർ തുടങ്ങിയവയിലെല്ലാം ഉണ്ട്)

തൈരും തേങ്ങയുമെല്ലാം വിളമ്പാം

കുട്ടികളുടെ ഭക്ഷണത്തിൽ പതിവായി കുറച്ചു കാര്യങ്ങൾ ഉൾപ്പെടുത്തുന്നതു നന്നായിക്കും.

∙ ആമാശയത്തിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്കു തൈര് നല്ലതാണ്. വീട്ടിൽതന്നെ ഉറയൊഴിച്ചു തയാറാക്കുന്ന തൈര് അന്നന്നു കുട്ടികൾക്കു കൊടുക്കാം. റഫ്രിജറേറ്ററിൽ വച്ചാൽ കുറച്ചു ബാക്ടീരിയകൾ നശിക്കും, തണുപ്പ് മൂലം കഫക്കെട്ട് പോലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം. പൊണ്ണത്തടിയുള്ള കുട്ടികൾക്കാണെങ്കിൽ നേർപ്പിച്ചു മോര് ആയി നൽകാം.

∙ തേങ്ങയും നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുന്നതാണ്. പുട്ട്, ഇടിയപ്പം, ചമ്മന്തി എന്നിവ ഏതെങ്കിലുമൊക്കെ വഴി കുറച്ചു തേങ്ങ ദിവസവും കുട്ടികൾക്കു ലഭ്യമാക്കാം.

∙ സാലഡുകൾ, പഴങ്ങൾ എന്നിവ അത്ര ഇഷ്ടമില്ലാത്ത കുട്ടികളുണ്ട്. പല രൂപത്തിലും ഭാവത്തിലും പരീക്ഷിച്ചാണെങ്കിലും അവ കുട്ടികളുടെ നിത്യ ആഹാരത്തിന്റെ ഭാഗമാക്കണം. വീട്ടിൽ എല്ലാവരും ഒരുപോലെ ഇതെല്ലാം കഴിക്കുകയും ബേക്കറി പലഹാരങ്ങൾ പോലുള്ളവ സ്ഥിരമായി കിട്ടാതെയാവുകയും ചെയ്യുമ്പോൾ കുട്ടികൾ പതിയെ ഇവയിലേക്കു വന്നു കൊള്ളും.  

∙ പാസ്ത, പീറ്റ്സ, ബർഗർ പോലുള്ളവ ഒരിക്കലും തൊട്ടുപോകരുതെന്നു പറഞ്ഞു കുട്ടികളെ വെറുപ്പിക്കരുത്. വല്ലപ്പോഴും അവരുടെ ഇഷ്ടഭക്ഷണവും ആയിക്കോട്ടെ. വൈകിട്ട് എണ്ണപ്പലഹാരങ്ങളും ബേക്കറി പലഹാരങ്ങളും സ്ഥിരമായി നൽകാതെ ഇടയ്ക്കൊക്കെ നാടൻ വിഭവങ്ങളുമാകാം. ഉദാ: ഇലയട, കൊഴുക്കട്ട, മോദകം, അവൽ വിളയിച്ചത്, എള്ളുണ്ട, കടലമിഠായി..

∙ ഇപ്പോൾ അറബിക് വിഭവങ്ങളോടു കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം പ്രിയം കൂടുതലാണ്. പക്ഷേ ഇത്തരം ഭക്ഷണത്തിൽ നൈട്രേറ്റ്, കാർബൺ എന്നിവ കൂടുതലാണെന്നതു കാണാതെ വയ്യ. അവ ആരോഗ്യത്തിനു ഹാനികരവുമാണ്. മാംസാഹാരത്തിന്റെ മൂന്നിരട്ടി സാലഡുകളും ലെറ്റ്യൂസ് പോലുള്ള ഇലകളുമെല്ലാം ഇതിനൊപ്പം കഴിക്കുകയാണു വേണ്ടത്. പക്ഷേ മാംസവിഭവം പൊറോട്ട പോലെ ദഹനത്തിനു ബുദ്ധിമുട്ടുള്ളവയുമായി ചേർത്തു കഴിക്കുമ്പോഴാണ് (അതാണു മലയാളികൾ ചെയ്യുന്നതും) കൂടുതൽ കുഴപ്പമാകുന്നത്.

∙ ഉപ്പ്, മധുരം, എണ്ണ, മസാലകൾ എന്നിവ ഭക്ഷണത്തിൽ കുറച്ചു കൊണ്ടുവരിക. പൊണ്ണത്തടിയുള്ള കുട്ടികളുടെ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് നല്ല പോലെ കുറയ്ക്കുക. വെള്ളം ധാരാളം കുടിക്കുകയും വേണം.

കളിയിലുണ്ട് കാര്യം

ഭക്ഷണകാര്യം മാത്രം ശ്രദ്ധിച്ചതു കൊണ്ടായില്ല. കുട്ടികളുടെ ശാരീരിക മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ മാതാപിതാക്കളുടെ സജീവ ഇടപെടൽ വേണം. ഓൺലൈൻ ഗെയിമുകളിൽ തളച്ചിടപ്പെട്ട കുട്ടികളെ കളിമുറ്റങ്ങളിലേക്ക് വീണ്ടും ഇറക്കണം. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂട്ടുകാർ ഒത്തുചേർന്നുള്ള കളികളും കളിക്കളങ്ങളും കുറച്ചു നാൾ കൂടി അവർക്ക് അപ്രാപ്യമായിരിക്കും. പകരം കൂട്ടുകാരാകാൻ രക്ഷിതാക്കൾക്കു കഴിയണം. 

വീടിനോടു ചേർന്ന ഇടവഴിയിൽ കുട്ടികൾക്കൊപ്പം ചെറിയ പ്രഭാത സവാരി, ബാഡ്മിന്റൻ പോലെ കളികൾ എന്നിവ ആകാമല്ലോ. ഓമനമൃഗങ്ങളെ പരിപാലിക്കലും അവയ്ക്കൊപ്പം കളിക്കലും ഉല്ലാസകരമായ വ്യായാമം കൂടിയാണ്. ഗാർഡനിങ്, വീട്ടുപരിസര ശുചീകരണം, അടുക്കളത്തോട്ട പരിപാലനം തുടങ്ങിയവയിലും കുട്ടികളെ കൂടുതൽ സജീവമാക്കുക. കുടുംബാംഗങ്ങൾ ഒരുമിച്ചു വ്യായാമം ചെയ്യുന്നതും കുട്ടികൾക്കു പ്രോത്സാഹനമാകും. കൂടാതെ:

∙ വീട്ടിനകത്തെ ജോലികളിൽ പ്രായത്തിനനുസരിച്ചു കുട്ടികളെ പങ്കാളികളാക്കുക.

∙ ഭക്ഷണം, ഇടനേര ഭക്ഷണം, ഉറക്കം എന്നിവയെല്ലാം സ്കൂൾ വിദ്യാഭ്യാസ കാലത്തെന്ന പോലെ കൃത്യസമയത്തു ചിട്ടയോടെ വീട്ടിലും നടപ്പാക്കുക. ഭക്ഷണം കുടുംബാംഗങ്ങൾ ഒരുമിച്ചു കഴിക്കാൻ പറ്റുമെങ്കിൽ ഏറ്റവും നല്ലത്.

∙ടിവി, മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ നോക്കിക്കൊണ്ടു ഭക്ഷണം കഴിക്കുന്നത് അനുവദിക്കരുത്.

∙ഭക്ഷണം നിർബന്ധിച്ചു കുത്തിനിറച്ചു കഴിപ്പിക്കാതിരിക്കുക.

∙കൈക്കൂലി, പാരിതോഷികം, ശിക്ഷ എന്നിവയായി ഭക്ഷണത്തെ ഉപയോഗിക്കരുത്.

∙ പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്.

∙ ധാരാളം വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക.

അമ്മൂമ്മയുടെ വിഭവങ്ങൾതന്നെ ഉത്തമം

ഓരോ പ്രദേശത്തും കാലാകാലങ്ങളായി ഉപയോഗിച്ചിരുന്ന വീട്ടുഭക്ഷണം തന്നെയാണ് അവിടെയുള്ളവരെ സംബന്ധിച്ചിടത്തോളം ഏറ്റവും ആരോഗ്യകരം എന്ന വിലയിരുത്തൽ പോഷകാഹാര വിദഗ്ധർ സാർവത്രികമായി അംഗീകരിച്ചു വരികയാണ്. വിദേശരാജ്യങ്ങളിലെ ഡയറ്റുകൾ കൂടുതൽ ആരോഗ്യകരം എന്ന വിശ്വാസത്തിൽ മാറിമാറി വീടുകളിൽ പരീക്ഷിക്കുന്നവരോട്, പണ്ട് അമ്മൂമ്മമാർ വച്ചു വിളമ്പിത്തന്നിരുന്ന നാടൻ ഭക്ഷണങ്ങളിലേക്കു മടങ്ങാനാണു ഡയറ്റീഷൻമാരും നിർദേശിക്കുന്നത്. വീടുകളിലെ ഭക്ഷണശീലങ്ങൾ മാറുമ്പോൾ, സ്വാഭാവികയും കുട്ടികളും അതിലേക്കു മാറിക്കൊള്ളും.

(കുട്ടികളുടെ ആഹാരശീലങ്ങൾ സംബന്ധിച്ച വിവരങ്ങൾക്കു കടപ്പാട്: മിനി മേരി പ്രകാശ്, ഡയറ്റീഷൻ, പിആർഎസ് ഹോസ്പിറ്റൽ, തിരുവനന്തപുരം)

English Summary : COVID- 19 third wave and immunity boosting foods for children