പഴയ വീട്

48 വർഷം പഴമയുള്ള തറവാട് വീട്ടിൽ അസൗകര്യങ്ങൾ പെരുകിയത് ഉടമസ്ഥൻ ഡോ. നിഖിലിനെ ധർമ്മസങ്കടത്തിലാക്കി. വൈകാരികമായ അടുപ്പം മൂലം വീട് പൊളിച്ചുകളയാൻ താൽപര്യമില്ല, എന്നാൽ കുറച്ചുകൂടി സൗകര്യങ്ങൾ ഒരുക്കുകയും വേണം. അങ്ങനെയാണ് വീട് പുതുക്കിപ്പണിയാം എന്ന ആശയത്തിലേക്കെത്തുന്നത്. 

ഏകദേശം 75 ദിവസത്തിനുള്ളിൽ പഴയ വീടിന്റെ തനിമ നിലനിറുത്തി പുതുക്കിപ്പണിഞ്ഞു. പഴയ കഴുക്കോലുകൾ ദ്രവിച്ചു തുടങ്ങിയിരുന്നു. ഇത് പൂർണമായും മാറ്റി മേൽക്കൂര കോൺക്രീറ്റ് ചെയ്തു. ഇതിനു മുകളിൽ ജിഐ ട്രസ് ഇട്ടു ഓടുവിരിച്ചു. അതോടെ വീടിന്റെ മുഖഛായ തന്നെമാറി. പിന്നിലെ ഓപ്പൺ ടെറസിൽ ഷീറ്റ് ഇട്ടു മൾട്ടിപർപ്പസ് ഏരിയ ആക്കി മാറ്റി. ഏകദേശം 1500 ചതുരശ്രയടിയോളം ഇവിടെ അധികം ലഭിക്കുന്നു. വീട്ടിലെ പാർട്ടികൾക്കും മറ്റും ഇപ്പോൾ വേദിയാകുന്നത് ഇവിടമാണ്.

35 സെന്റിൽ 2800 ചതുരശ്രയടിയാണ് വിസ്തീർണം. ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ഇടച്ചുവരുകൾ പൊളിച്ചു കളഞ്ഞു തുറസ്സായ നയത്തിലേക്ക് അകത്തളങ്ങൾ മാറ്റിയെടുത്തു. വാസ്തു അനുസരിച്ച് അകത്തളങ്ങൾ പുനർക്രമീകരിച്ചു. ഇതോടെ ക്രോസ് വെന്റിലേഷൻ പ്രശ്നത്തിന് പരിഹാരമായി. പഴയ ജനാലകൾ മാറ്റി വലിയ ജാലകങ്ങൾ നൽകി. ഇതോടെ പ്രകാശം സമൃദ്ധമായി അകത്തളത്തിലേക്കെത്തുന്നു.

ലിവിങ്- ഡൈനിങ് മധ്യത്തിലായി ഒരു സിഎൻസി സെമി പാർടീഷൻ നൽകി. കിടപ്പുമുറികളിൽ അധിക സ്‌റ്റോറേജിനായി വാഡ്രോബുകൾ നൽകി.

ലാമിനേറ്റ് പ്ലൈവുഡ് ഫിനിഷിലാണ് അടുക്കള ഫർണിഷ് ചെയ്തത്. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 26 ലക്ഷമാണ് വീടിനു ചെലവായത്.

മാറ്റങ്ങൾ 

പൊട്ടിയിളകിയ ഭിത്തികൾ പ്ലാസ്റ്ററിങ് ചെയ്ത് പുട്ടി ഇട്ട് മിനുക്കി പെയിന്റടിച്ച് ഭംഗിയാക്കി.

പഴയ മൊസൈക് ഫ്ളോറിങ് മാറ്റി വിട്രിഫൈഡ് ടൈലുകൾ വിരിച്ചു.

മുറികളുടെ വലുപ്പം വർധിപ്പിച്ചു. വാസ്തു നോക്കി കിടപ്പുമുറികൾ കൂട്ടിച്ചേർത്തു. 

പോർച്ചിന്റെ സ്ഥാനം വശത്തേക്ക് മാറ്റി ക്രമീകരിച്ചു. വലുപ്പം വർധിപ്പിച്ചു.

Project Facts

Location- Pala, Kottayam

Area- 2800 SFT

Plot- 35 cent

Owner- Dr.Nikhil

Designers- Mannanal Renovations & Constructions Pala

Mob- 9745208259, 9447208259