തൊടുപുഴയ്ക്കടുത്തു മൈലക്കൊമ്പ്‌ എന്ന സ്ഥലത്താണ് ജിം മാളിയേക്കലിന്റെയും കുടുംബത്തിന്റെയും വീട്. കാലപ്പഴക്കം മൂലം ക്ഷീണാവസ്ഥയിലായ തറവാട് പൊളിച്ചു കളഞ്ഞാണ് വീടുപണി തുടങ്ങിയത്. പഴയ തറവാടിന്റെ രൂപഭാവങ്ങളും പുതിയകാല സൗകര്യങ്ങളുമുള്ള വീട് എന്നതായിരുന്നു സങ്കൽപം.

30 സെന്റിൽ 4935 ചതുരശ്രയടിയാണ് വിസ്തീർണം. ഫ്ലാറ്റ് റൂഫിനു മുകളിൽ ട്രസ് ചെയ്താണ് ഓടു വിരിച്ചത്. പലതട്ടുകളായി പരന്നുകിടക്കുന്ന മേൽക്കൂര വീടിനു പരമ്പരാഗത ഭംഗി പകരുന്നു. ഇതിനിടയ്ക്കുള്ള സ്ഥലം യൂട്ടിലിറ്റി സ്‌പേസാക്കി മാറ്റുകയും ചെയ്തു. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഫോർമൽ ഡൈനിങ്, കിച്ചൻ, 5 കിടപ്പുമുറികൾ എന്നിവ കൂടാതെ ഒരു പാൻട്രി കിച്ചനും ഒരുക്കിയിട്ടുണ്ട്. പരസ്പരബന്ധിതമായ ഇടങ്ങളാണ് അകത്തളങ്ങളുടെ പ്രത്യേകത. ഇത് കൂടുതൽ വിശാലതയ്‌ക്കൊപ്പം ക്രോസ് വെന്റിലേഷനും സുഗമമാക്കുന്നു.

ഫർണിച്ചറുകൾ മുഴുവൻ ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്തെടുത്തവയാണ്. പറമ്പിലുള്ള മരങ്ങൾ തന്നെയാണ് ഫർണിഷിങ്ങിന് ഉപയോഗിച്ചത്. പഴയ ഫർണിച്ചറുകൾ മേക്കോവർ നടത്തിയിട്ടുമുണ്ട്. പഴയ ഒരു കട്ടിലാണ് ഇപ്പോൾ സ്വീകരണമുറി അലങ്കരിക്കുന്ന സോഫയായി രൂപം മാറിയത്. വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചത്. കിടപ്പുമുറികളിൽ വുഡൻ ഫ്ളോറിങ്ങും ചെയ്തിട്ടുണ്ട്.  

പത്തുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ വിശാലമായ ഊണുമേശ.

പല തട്ടുകളായി പരന്നുകിടക്കുന്ന ഗോവണിയുടെ ഡിസൈൻ ശ്രദ്ധേയമാണ്. തേക്കും ടഫൻഡ് ഗ്ലാസുമാണ് യഥാക്രമം ഗോവണിയുടെ പടികളിലും കൈവരികളിലും നൽകിയത്. ഒരു ക്യൂരിയോ ഷെൽഫ് നൽകി പാർടീഷനും ഒരുക്കി. ഇവിടെ ഡബിൾ ഹൈറ്റ് സീലിങ്ങിൽ സ്‌കൈലൈറ്റ് നൽകിയത് പ്രകാശത്തെ അകത്തേക്ക് സ്വീകരിക്കുന്നു. 

ചെറിയ ഒത്തുചേരലുകളുടെ ഇടമാണ് പാൻട്രി കിച്ചൻ. നാനോവൈറ്റാണ് ഇവിടെ ഊണുമേശയ്ക്കും കൗണ്ടർ ടോപ്പിനും വിരിച്ചത്.

മാസ്റ്റർ ബെഡ്റൂമിന് പുറമെ കിഡ്സ്, ഗസ്റ്റ് ബെഡ്‌റൂമുകളും വേർതിരിച്ചിട്ടുണ്ട്. ഫുൾ ലെങ്ത് വാഡ്രോബ്, അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് ഏരിയ എന്നിവ ഒരുക്കിയിരിക്കുന്നു.

കൂട്ടുകുടുംബമായി കഴിഞ്ഞിരുന്ന തറവാടാണ്. ഇപ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിലാണെങ്കിലും എല്ലാവരും വല്ലപ്പോഴും ഇവിടേക്ക് മടങ്ങിയെത്താറുണ്ട്. പുറംകാഴ്ചയിൽ പഴയ തറവാടിന്റെ സ്മരണകളും അകത്തളങ്ങളിൽ ഒത്തുചേരലിന്റെ ഹൃദ്യത നിറയാൻ പാകത്തിൽ വിശാലമായ സൗകര്യങ്ങളും ഒരുക്കിയതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

Project Facts

Location- Mylacombu, Thodupuzha

Area- 4935 SFT

Plot- 30 cent

Owner- Jim Maliakal, Anu Mathew

Architect- Jomin George

Space n Architecture, Kakkanad

Ph: 9447804470