പഴയ വീടിനോടു ചേർന്ന് കൂടുതൽ സൗകര്യങ്ങളോടു കൂടിയ പുതിയ വീട്. വീട്ടുടമസ്ഥൻ ബെന്നിയുടെ ആവശ്യം ഇതായിരുന്നു. ഈ ആവശ്യവുമായി ബെന്നി സമീപിച്ചത് കാഡ് ആർക്കിടെക്കിലെ ഡിസൈനറായ അനൂപിനെയാണ്. വീട്ടുടമസ്ഥന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും കൂട്ടിയിണക്കി ഒരു പ്ലാൻ അനൂപ് തയാറാക്കി. തയാറാക്കിയ പ്ലാനിൽനിന്ന് ഒരു മാറ്റവും വരുത്തേണ്ട ആവശ്യവും ഉണ്ടായില്ല. 

പഴയ വീടിനോടു ചേർന്നുതന്നെ 1,700 സ്ക്വയർഫീറ്റിൽ ബെന്നിക്കും കുടുംബത്തിനും വേണ്ടി പുതിയൊരു വീടു നിർമിച്ചു. പ്ലോട്ടിലുണ്ടായിരുന്ന ഒരു കിണർ അതേപടി നിലനിർത്തിയിട്ടുണ്ട്. ബോക്സ് ടൈപ്പ് ഡിസൈനറാണ് എലവേഷൻ പ്രത്യേകത. എക്സ്റ്റീരിയറിലെ ലൂവറുകളും സ്റ്റോൺ ക്ലാഡിങ്ങും എലവേഷനൊത്ത കോംപൗണ്ട്‌വോളും എലവേഷനു മിഴിവേകുന്നു. കണ്ടംപററി ശൈലിയാണ് ഈ വീട്ടിൽ മൊത്തത്തിൽ പിന്തുടർന്നിരിക്കുന്നത്. പ്രകൃതിയിലെ പച്ചപ്പിനോടു ചേർന്നുപോകുന്ന നിറം വെള്ള തന്നെ.  

മിതത്വം 

അനാവശ്യ സാമഗ്രികൾ  ഒഴിവാക്കിയാണ് അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. ക്ലീൻ ഫീൽ ആണ് ഇന്റീരിയർ കടക്കുമ്പോൾ നമുക്കു തോന്നുക. ‘C’ ആകൃതിയിൽ ചെറിയ സ്പേസിലാണ് ലിവിങ് ഏരിയ ഒരുക്കിയിട്ടുള്ളത്. ലിവിങ് ഏരിയയുടെ ഭിത്തിയുടെ ഒരുവശം ഷോക്കേസും കൊടുത്തു. ഭിത്തിയുടെ മറുവശത്തു നൽകിയിരിക്കുന്ന വിശാലമായ ജനലുകൾ കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലേക്കെത്തിക്കുന്നുണ്ട്. ലിവിങ്ങിനെയും ഡൈനിങ്ങിനെയും തമ്മിൽ വേർതിരിക്കുന്നതിനായി വുഡൻ പാനലിങ്ങിന്റെ ഓപ്പണിങ്ങും കൊടുത്തിട്ടുണ്ട്. ഇതു സ്വകാര്യതയും പ്രദാനം ചെയ്യുന്നു. മിതമായ സജ്ജീകരണങ്ങൾ മാത്രമാണ് ഡൈനിങ് ഏരിയയിൽ. ഡൈനിങ് സ്പേസിന്റെ ഭിത്തിയുടെ ഒരു വശത്ത് ക്രോക്കറി ഷെൽഫും മറുവശത്ത് യൂണിറ്റും നൽകി. ഡൈനിങ് ഏരിയയിൽനിന്നാണ് മുകൾനിലയിലേക്കുള്ള സ്റ്റെയർകേസ് കൊടുത്തിരിക്കുന്നത്. സ്റ്റെയറിന്റെ അടിയിലായി വാഷ് ഏരിയയ്ക്കും സ്ഥാനം നൽ‍കി. 

ചെലവ് ഇനിയും ചുരുക്കാമായിരുന്നോ? 

ക്ലൈന്റിന്റെ ബജറ്റിനനുസൃതമായി മുഴുവൻ പണികളും തീർക്കാനായി എന്നാണ് അനൂപിനു പറയാനുള്ളത്. സൈറ്റിനടുത്തുനിന്നുതന്നെ ലഭ്യമായ വെട്ടുകല്ലും എംസാൻഡും തറ ഫിൽ െചയ്യാൻ ഉപയോഗിച്ചതുമെല്ലാം ചെലവു കുറയ്ക്കാൻ സാധിച്ച ഘടകങ്ങളാണെന്ന് അനൂപ് പറയുന്നു. ഉൾത്തളങ്ങളിൽ തടിപ്പണികൾ നൽകിയിട്ടുണ്ട്. പ്രധാന വാതിലിന് തേക്കാണ് ഉപയോഗിച്ചിട്ടുള്ളത്.  ബാക്കിയുള്ളവയ്ക്ക് ആഞ്ഞിലിയും. ചിലയിടങ്ങളിൽ ഫ്ലോറിങ്ങിന് ഗ്രാനൈറ്റ് നൽകിയിരിക്കുന്നതൊഴിച്ചാൽ ബാക്കി ചെലവു കുറഞ്ഞ വിട്രിഫൈഡ് ടൈലുകളാണ് പാകിയിരിക്കുന്നത്.

അകത്തളങ്ങൾക്കു ഭംഗി കൂട്ടാൻ ഏർപ്പെടുത്തിയിരിക്കുന്ന തടിപ്പണികൾ ചെലവുകൂടിയ ഘടകങ്ങളാണ്. ഇതു പരമാവധി ഒഴിവാക്കിയിരുന്നെങ്കിൽ ചെലവ് ഇതിലും കുറയുമായിരുന്നു എന്ന് അനൂപ് പറയുന്നു. കൂടാതെ അടുക്കളയിലെ കബോർഡുകൾക്കെല്ലാം പ്ലൈവുഡിൽ വെനീർ നൽകിയാണ് ചെയ്തിരിക്കുന്നത്. ചെലവു ചുരുക്കുന്നതിനായി കബോർഡിന്റെ അകത്ത് ഫെറോ സിമന്റ് സ്ലാബ് ആണ് പാർട്ടീഷനു നൽകിയത്. മുകളിലും താഴെയുമായി നാലു കിടപ്പുമുറികളാണുള്ളത്.

ഫർണിഷിങ്ങുകളിലെ നിറവിന്യാസങ്ങളാണ് കിടപ്പുമുറിക്ക് മിഴിവേകുന്നത്. ഇൻബിൽറ്റ് യൂണിറ്റുകൾ നൽകിയത് കിടപ്പുമുറിക്കു വിശാലത തോന്നിപ്പിക്കുന്നു.  എയർ സർക്കുലേഷൻ ക്രമീകരണമാണ് ഈ വീടിന്റെ ഒരു പോസിറ്റീവ്. ബ്രിക്സ് വർക്കുകൾ പരമാവധി കുറച്ചുകൊണ്ട് ധാരാളം ജനലുകൾ നൽകി. ഇതു സമൃദ്ധമായി കാറ്റും വെളിച്ചവും ഉള്ളിലേക്കെത്തിക്കുന്നു. 

കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ച് മഴ കൂടുതലുള്ള സമയത്ത് എക്സ്റ്റീരിയറിൽ നൽകിയിരിക്കുന്ന ഷേഡിൽ കളർവ്യത്യാസം വരും. എക്സ്റ്റീരിയറിൽ അടിച്ചിരിക്കുന്ന ചെലവു കൂടിയ ഇമെൽഷൻ പെയിന്റ് മെയിന്റയിൻ ചെയ്യാൻ ബുദ്ധിമുട്ടാണ്. 

Project Facts

സ്ഥലം : അങ്കമാലി

പ്ലോട്ട് : 9 സെന്റ്

വിസ്തീർണം : 1,700 സ്ക്വയർഫീറ്റ്

ക്ലൈന്റ് : ബെന്നി അരീക്കൽ

പണി പൂർത്തിയായ വർഷം : 2018 

ഡിസൈൻ : അനൂപ് കെ.ജി.

ചെലവ് : 30 ലക്ഷം