ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച വീടുകളിൽനിന്നും ഏറ്റവും മികച്ച പ്രതികരണം ലഭിച്ച 5 വീടുകൾ സംക്ഷിപ്തമായി പുനർപ്രസിദ്ധീകരിക്കുന്നു.

1. 'സത്യമാണ്, വേനൽക്കാലത്തും ഇൗ വീട്ടിൽ ഫാൻ ഇടേണ്ട'

പ്രകൃതിദത്തമായ നിർമാണവസ്തുക്കൾ കൊണ്ട് നാലുകെട്ടിന്റെ പ്രൗഢിയും സൗകര്യങ്ങളും മഴ പെയ്യുന്ന നടുമുറ്റവുമുള്ള വീട് നിർമിച്ചതിന്റെ ഹൃദ്യമായ അനുഭവം പങ്കുവയ്ക്കുകയാണ് ഡോക്ടർ ദമ്പതികളായ അഭിലാഷും നമിതയും.

കേരളീയ ശൈലിയിലുള്ള തറവാടുകളോട് ഞങ്ങൾക്ക് വലിയ ഇഷ്ടമാണ്. അങ്ങനെയാണ് സ്വന്തം വീടിനും നാലുകെട്ടിന്റെ മട്ടും ഭാവവും വേണം എന്നു തീരുമാനിക്കുന്നത്. മൂന്ന് വർഷത്തോളമെടുത്താണ് ബാംസുരി എന്ന ഞങ്ങളുടെ വീട് നിർമിച്ചത്. അത്രയും പൂർണതയോടെയും അഭിലാഷത്തോടെയുമാണ് വീട്ടിലെ ഓരോ ഇടങ്ങളും ഒരുക്കിയിരിക്കുന്നത്. 

റോഡ് നിരപ്പിൽ നിന്നും ഉയർന്ന 12 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. റോഡ് നിരപ്പിൽ മണ്ണെടുത്ത് ഭൂഗർഭ ശൈലിയിലാണ് കാർപോർച്ച് ഒരുക്കിയത്. ചെങ്കല്ലിന്റെ തനിമയാണ് ബാംസുരിയുടെ പ്രധാന ആകർഷണം. പ്രാദേശികമായി സുലഭമായ വസ്തുവാണ് ചെങ്കല്ല്. ചുവപ്പ്, കാവി എന്നിങ്ങനെ രണ്ട് നിറത്തിലുള്ള ചെങ്കല്ലുപയോഗിച്ചാണ് ചുമര് കെട്ടിയത്. പുറംചുവരുകൾ തേയ്ക്കാതെ എക്സ്പോസ്ഡ് ശൈലി പിന്തുടർന്നത് ചെലവ് കുറയ്ക്കാനും ഉപകരിച്ചു. പഴമയുടെ ഭംഗിയും ലഭിക്കുന്നു.  

വടക്കിനി, പടിഞ്ഞാറ്റിനി, കിഴക്കിനി, തെക്കിനി മാതൃകയിലാണ് മുറികളുടെ വിന്യാസം. 2324 ചതുരശ്രയടിയാണ് വിസ്തീർണം. പൂമുഖം, വരാന്ത, സ്വീകരണമുറി, നടുമുറ്റം, ഊണുമുറി, അടുക്കള, രണ്ട് കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. ഫാമിലി ലിവിങ്  ലൈബ്രറി, രണ്ട് കിടപ്പുമുറികൾ, ബാൽക്കണി എന്നിവ മുകൾനിലയിൽ വരുന്നു. തടി കൊണ്ടാണ് ഗോവണി ഒരുക്കിയിരിക്കുന്നത്.

നാലുകെട്ടുകളിലെ തട്ടിൻപുറത്തിന്റെ സ്ഥലവിനിയോഗസാധ്യതകൾ പരമാവധി മുതലെടുത്തിട്ടുണ്ട്. ഫ്ലാറ്റ് റൂഫിന് മുകളിൽ ട്രസ് ഇട്ടാണ് കഴുക്കോലും മേൽക്കൂരയും. ഒന്നര മീറ്ററോളം ഉയരമുണ്ട് ഈ ഭാഗത്തിന്. അങ്ങനെ മൂന്നാമതൊരു നില കൂടി ഇവിടെ ലഭ്യമായി. അത്യാവശ്യം പാർട്ടികൾ നടത്താനും സ്‌റ്റോറേജ് ആവശ്യങ്ങൾക്കും കുട്ടികൾക്ക് കളിക്കാനുമെല്ലാം ഇവിടമാണ് വേദിയാകുന്നത്.

വീടിന്റെ ഹൃദയം എന്നുപറയുന്നത് മഴയും വെയിലും വിരുന്നെത്തുന്ന നടുമുറ്റമാണ്. പ്രകൃതി അതിന്റെ എല്ലാ തനിമയോടും കൂടി വീടിനകത്തേക്ക് വിരുന്നെത്തുന്നു. കഴിഞ്ഞ മഴക്കാലത്ത് നടുമുറ്റത്തിരുന്നു ചെലവഴിച്ച ദിവസങ്ങളുടെ ഹൃദ്യത ഇനിയും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. ചൂടുവായുവിനെ പുറംതള്ളി ക്രോസ് വെന്റിലേഷൻ സുഗമമാക്കുന്നതിൽ നടുമുറ്റവും തുറസ്സായ അകത്തളവും വലിയ ജനാലകളും മികച്ച പങ്കുവഹിക്കുന്നുണ്ട്.

വീട്ടിൽ എത്തിയ അതിഥികൾ പലരും എടുത്തുപറഞ്ഞത് അകത്തളത്തിലേക്ക് കയറുമ്പോൾ അനുഭവവേദ്യമാകുന്ന തണുപ്പാണ്. വീട്ടിൽ ഒരു മുറിയിൽ പോലും എസി വച്ചിട്ടില്ല. ഫാൻ പോലും അപൂർവമായി മാത്രമേ ഉപയോഗിക്കാറുള്ളൂ. കഴിഞ്ഞ വേനൽക്കാലത്ത് പോലും വീടിനുള്ളിൽ ചൂട് അനുഭവപ്പെട്ടില്ല എന്നത് ഞങ്ങളുടെ അനുഭവസാക്ഷ്യമാണ്.

പൂർണ വായനയ്ക്ക്

***

കൊടുംചൂടിലും വിയർക്കില്ല, ഇതു മനസ്സും ജീവനുമുള്ള വീട്!

കേരളത്തിൽ ഇന്നു പണിയുന്ന 95% വീടുകളും അടുത്ത നൂറുവർഷത്തേക്ക് നിലനിൽക്കില്ല എന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. അപ്പോൾ പിന്നെ എന്തിനാണ് കോൺക്രീറ്റ് കാടുകളിൽ ഉരുകി ചെറിയ ആയുസ്സ് ഹോമിക്കുന്നത്. ഈ ചിന്തയിൽ നിന്നാണ് ഡോ. അച്യുത് ശങ്കറിന്റെ മൺവീടിന്റെ ജനനം. തിരുവനന്തപുരം കാര്യവട്ടത്ത് പ്രകൃതിയുമായി ഇഴുകിച്ചേർക്കാൻ വെമ്പി നിൽക്കുകയാണ് മനോഹരമായ ഇരുനില വീട്. വീടിനകത്തേക്ക് കയറുമ്പോൾ തന്നെ തണുപ്പിന്റെ കമ്പളം കൊണ്ട് ആരോ കെട്ടിപ്പിടിച്ചതു പോലെ തോന്നും. നട്ടുച്ചയ്ക്കുപോലും ഇളംതണുപ്പിന്റെ ആശ്ലേഷം അനുഭവവേദ്യമാകും.

പല തലമുറകൾക്കു വേണ്ടി വീടുനിർമിച്ചിടുന്നതാണ് പൊതുവെ മലയാളിയുടെ ശൈലി. എന്നാൽ പുതുതലമുറ വരുമ്പോൾ അവരുടെ ഇഷ്ടങ്ങളും അഭിരുചികളും വ്യത്യസ്തമായിരിക്കും. അപ്പോൾ അവരുടെ വീടിനെ അവർ സ്വയം കണ്ടെത്തട്ടെ...അതല്ലേ ശരി...ഒരർഥത്തിൽ പറഞ്ഞാൽ വീടുകൾക്കും ജീവനുണ്ട്. അതുപോലെ ആയുസ്സും. ഗൃഹനാഥൻ  ചോദിക്കുന്നു.

ഭൂമിജ ക്രിയേഷൻസിലെ ആർക്കിടെക്ട് ഗുരുപ്രസാദ് റാണെയും ഡിസൈനർ മാനസിയുമാണ് ഈ മൺവീടിന്റെ ശിൽപികൾ. മണ്ണ്, കുമ്മായവും വൈക്കോലും ചേർത്ത് കുഴച്ച് ഉരുളകളാക്കി അടിച്ചുറപ്പിക്കുന്ന റാംഡ് എർത്ത് ശൈലിയിലാണ് വീടു നിർമിച്ചിരിക്കുന്നത്. 

1800 ചതുരശ്രയടിയിൽ വിശാലമായ സ്വീകരണമുറി, ഊണുമുറി, രണ്ടു കിടപ്പുമുറികൾ, അടുക്കള എന്നിവ ഒരുക്കിയിരിക്കുന്നു. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഇടങ്ങളാണ് വീടിന്റെ ഹൈലൈറ്റ്. ഗായകൻ കൂടിയായ ഗൃഹനാഥന് ചെറിയ സംഗീതസന്ധ്യകൾ ഒരുക്കാൻ പാകത്തിലാണ് വിശാലമായ സ്വീകരണമുറി. അടുക്കളയോടുചേർന്നു കിണറും അടുക്കളത്തോട്ടവും ഒരുക്കി. മൺചുവരുകളുടെ തുടർച്ചയെന്നോണം മൺടൈലുകളാണ് നിലത്തു വിരിച്ചത്. ഫർണിഷിങ്ങിൽ പഴയ തടി പുനരുപയോഗിച്ചിട്ടുമുണ്ട്. മേൽക്കൂര ഉയർത്തിപ്പണിതു ഇവിടെ ഇരുനില വീടിന്റെ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.

ഈ ലോകത്തിലെ നിയോഗം പൂർത്തിയാക്കിക്കഴിയുമ്പോൾ ഈ വീടും മണ്ണിലേക്ക് അലിഞ്ഞുചേരും. ശരിക്കും ഒരു മനുഷ്യനെ പോലെ...

പൂർണ വായനയ്ക്ക്

***

10 ദിവസം, 5 ലക്ഷം! ഇത് അട്ടപ്പാടിയിലെ തായ്‌ലൻഡ് വീട്!

ഉമാ പ്രേമൻ വീടിന്റെ നിർമാണ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. വർഷം മുഴുവൻ കടുത്ത ചൂടും കാറ്റും നിലനിൽക്കുന്ന കാലാവസ്ഥയാണ് അട്ടപ്പാടിയിലേത്. ഇതിനെ പ്രതിരോധിക്കുന്ന ഒരു ഭവനമാതൃക തേടിയുള്ള യാത്രയിലായിരുന്നു കുറേകാലം. ആയിടയ്ക്കാണ് പ്രളയമുണ്ടാകുന്നത്. ആ സമയത്ത് പൊയ്ക്കാൽ വീടുകളുടെ നിരവധി മാതൃകകൾ ശ്രദ്ധിച്ചിരുന്നു. പ്രകൃതിദുരന്തങ്ങൾ നേരിടുന്ന, കുറഞ്ഞ ചെലവിൽ, കുറഞ്ഞ സമയം കൊണ്ടു നിർമിക്കാവുന്ന റീഹാബ് വീടുകളെ, അട്ടപ്പാടിയുടെ കാലാവസ്ഥയിലേക്ക് മാറ്റിയെടുക്കുക എന്ന ആലോചനയാണ് ഈ വീടിന്റെ ജനനത്തിലേക്ക് എത്തിച്ചത്. 

എന്റെ ഒരു സുഹൃത്താണ് തായ്‌ലൻഡിൽ നിന്നും ഇറക്കുമതി ചെയ്യുന്ന TPI ബോർഡുകളെ കുറിച്ചു പറയുന്നത്. ഫൈബർ സിമന്റ് ബോർഡാണിത്. ഒരു വീടിന്റെ വിവിധ ഭാഗങ്ങളായി മാറ്റിയെടുക്കാൻ കഴിയുംവിധം ബോർഡുകൾ ക്രമീകരിക്കാൻ സാധിക്കും. 50 വർഷം വാറന്റിയുമുണ്ട്. അങ്ങനെ പരീക്ഷണാടിസ്ഥാനത്തിൽ ബോർഡുകൾ ഇറക്കുമതി ചെയ്തു. ഞങ്ങളുടെ സ്‌കൂളും മറ്റു വീടുകളും രൂപകൽപന ചെയ്ത എൻജിനീയർ അനിലിനെ ചുമതല ഏൽപ്പിച്ചു. കേവലം പത്തു ദിവസം കൊണ്ട് വീട് തയാറായി. ചെലവായത് വെറും അഞ്ചു ലക്ഷം രൂപയും! വീടിന്റെ അടിത്തറ, ചുവരുകൾ, മേൽക്കൂര എന്നിവയ്‌ക്കെല്ലാം TPI ബോർഡുകൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

നിർമാണ രീതി

വലിയ കുഴികളിൽ വീപ്പ ഇറക്കിവച്ച് കോൺക്രീറ്റ് ചെയ്തു. 

അതിനുമുകളിൽ ജിഐ ഫ്രയിമുകൾ നാട്ടി സ്ട്രക്ചർ ഒരുക്കി. 

ഇതിനു മുകളിൽ ബോർഡ് വിരിച്ചു അടിത്തറ ഒരുക്കി. 

ചുവരുകൾ സ്ക്രൂ ചെയ്ത് ഉറപ്പിച്ചു. ശേഷം മേൽക്കൂര സ്ക്രൂ ചെയ്ത് ഉറപ്പിച്ചു.

സ്വീകരണമുറി, ഊണുമുറി, അടുക്കള, രണ്ടു കിടപ്പുമുറികൾ, ഒരു അറ്റാച്ഡ് ബാത്റൂം, ഒരു കോമൺ ബാത്റൂം. ഇത്രയുമാണ് 400 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. ജനലുകളും അടുക്കളയുടെ കബോർഡുകളും മുറിയുടെ വാഡ്രോബുകളും അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു. 

വീടിന്റെ വിവിധ ഭാഗങ്ങളായി മാറ്റാൻ കഴിയും വിധം കനവ്യത്യാസമുള്ള ബോർഡുകൾ ലഭിക്കും എന്നതാണ് TPI ബോർഡുകളുടെ സവിശേഷത. ടൈൽ വിരിക്കാനും മറ്റു ഫർണിഷിങ്ങിനും ഒരു ലക്ഷം ചെലവായി. അധിക ഭംഗിക്കുവേണ്ടി മാത്രമാണ് ഫ്രാൻസിൽ നിന്നും ഇറക്കുമതി ചെയ്ത ഓണ്ടുവില്ല റൂഫിങ് ടൈൽസ് മേൽക്കൂരയിൽ  വിരിച്ചത്. സാധാരണഗതിയിൽ നാലു ലക്ഷം രൂപയ്ക്ക് നിർമാണം പൂർത്തിയാക്കാം. തല ചായ്ക്കാനുള്ള ഇടമെന്നതിലുപരി ഇപ്പോൾ എന്റെ ഓഫിസായും പ്രവർത്തിക്കുന്നത് ഈ വിസ്മയനിർമിതിയാണ്. 

പൂർണ വായനയ്ക്ക്

***

'അച്ഛന്റെ ആ പുഞ്ചിരിയിൽ ഞങ്ങളുടെ മനസ്സ് നിറയുന്നു'!

എന്റെ പേര് അമൽ. ബെംഗളൂരുവിൽ ഐടി മേഖലയിൽ പ്രവർത്തിക്കുന്നു. കോട്ടയം കാരാപ്പുഴയിലുള്ള കുടുംബവസ്തുവാണ് ഞാനും ഭാര്യ രേവതിയും പുതിയ വീടു പണിയാനായി തിരഞ്ഞെടുത്തത്. കാലപ്പഴക്കം മൂലം ദുർബലമായ പഴയ വീട് പൊളിച്ചു നീക്കിയാണ് നിർമാണം ആരംഭിച്ചത്. വൈകാരികമായി അടുപ്പമുള്ള തറവാടിന്റെ ഗൃഹാതുരത്വമുണർത്തുന്ന പതിപ്പായിരിക്കണം പുതിയ വീട് എന്ന് കുടുംബം ഒന്നടങ്കം തീരുമാനമെടുത്തിരുന്നു. 

പരമ്പരാഗത ശൈലിയിലുള്ള പൂമുഖവും നടുമുറ്റവും ഓട് പതിച്ച മേൽക്കൂരയുമെല്ലാം മനസ്സിലുറപ്പിച്ചാണ് ഡിസൈനർ ശ്രീകാന്ത് പങ്ങപ്പാടിനെ സമീപിച്ചത്. അദ്ദേഹം ഞങ്ങളുടെ പ്രതീക്ഷകൾക്കുമപ്പുറം വീട് ഒരുക്കിത്തന്നു.

2300 ചതുരശ്രയടിയുള്ള വീട്ടിൽ ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാൾ, ഹോം ലൈബ്രറി, കിച്ചൻ, മൂന്ന് കിടപ്പുമുറികൾ, കോർട്‌യാർഡ് എന്നിവ ഒരുക്കിയിട്ടുണ്ട്. ഫ്ലാറ്റ് റൂഫ് വാർത്ത്, ട്രസ് റൂഫ് നൽകി സിറാമിക് ഓട് വിരിച്ചതിനാൽ 2000 സ്ക്വയർഫീറ്റ് യൂട്ടിലിറ്റി ഏരിയയും ടെറസിൽ ലഭിച്ചിരിക്കുന്നു. 

വലിയ 3 കിടപ്പുമുറികൾക്കും അറ്റാച്ഡ് അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകിയിട്ടുണ്ട്. സ്‌റ്റോറേജിനു ഒരു ഭിത്തി മുഴുവൻ വാഡ്രോബുകളും നൽകി. അടുക്കളയോടു ചേർന്ന് വർക്ഏരിയായും, സ്റ്റോറും സജ്ജീകരിച്ചു. മറൈൻ പ്ലൈവുഡ് കൊണ്ടാണ് കബോർഡുകൾ നിർമിച്ചത്. കൗണ്ടറിൽ ബ്ലാക് ഗ്രാനൈറ്റ് വിരിച്ചു. ഗോവണിയുടെ താഴെ വാഷിങ് മെഷീൻ ഏരിയ നൽകി സ്ഥലം ഉപയുക്തമാക്കി.

മരങ്ങൾ നിലനിർത്തിയാണ് ലാൻഡ്സ്കേപ് ഒരുക്കിയത്. മുറ്റം ഇന്റർലോക് വിരിക്കാതെ തനിമയോടെ ചരൽ വിരിച്ചു നിലനിർത്തിയിരുന്നു. വെള്ളം കയറുന്ന പ്ലോട്ടിൽ മുൻകൂട്ടി മുറ്റം ഉയർത്തി നിർമിച്ചതിനാൽ പ്രളയകാലവും അതിജീവിച്ചു. 

വീടിന്റെ പണികൾക്ക് മുഴുവന്‍ സമയമേൽനോട്ടവുമായി നേതൃത്വം നൽകിയത് പിതാവ് സോമനായിരുന്നു. വീട് കണ്ടാൽ ആർക്കും ഒരു ഗൃഹാതുരത തോന്നുമെന്ന്‌ വീട്ടിലെത്തുന്ന അതിഥികളും തുറന്നു സമ്മതിക്കുന്നു. അതു കേൾക്കുമ്പോൾ അച്ഛന്റെ മുഖത്ത് അഭിമാനം കൊണ്ടുള്ള പുഞ്ചിരി കാണുമ്പോൾ ഞങ്ങളുടെയും മനസ്സ് നിറയുന്നു.

പൂർണ വായനയ്ക്ക്

***

അസാധ്യ ഭംഗി, സർപ്രൈസുകൾ നിരവധി! ചെലവ് 28 ലക്ഷം 

സ്വയം ഡിസൈൻ ചെയ്ത വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് തിരൂരുകാരൻ അഹ്‌മദ്‌ ഉനൈസ്.

തിരൂർ ചോലപ്പുറം എന്ന സ്ഥലത്താണ് ഞങ്ങളുടെ പുതിയ വീട്. പ്രകൃതിയെ മുറിവേൽപ്പിക്കാതെ ചെലവ് കുറച്ചു, സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു ഞങ്ങളുടെ സങ്കൽപം. ഞാൻ ഇരുപതു വർഷമായി ഭവനനിർമാണ മേഖലയിലുണ്ട്. മൂന്ന് വർഷത്തോളം ഗൃഹപാഠം ചെയ്താണ് വീട് ഞങ്ങൾ പൂർത്തിയാക്കിയത്. മൺകുടിൽ എന്നാണു വീടിനു ഞങ്ങളിട്ട പേര്.  

നിരപ്പുവ്യത്യാസമുള്ള പത്തു സെന്റ് ഭൂമിയാണുണ്ടായിരുന്നത്. എന്നാൽ ഇത് ലെവൽ ചെയ്യാതെ സ്വാഭാവിക പ്രകൃതി നിലനിർത്തിയാണ് വീടുപണിതത്. പടിപ്പുര മാതൃകയിലുള്ള ഗെയ്റ്റ് കടന്നാണ് അകത്തേക്കെത്തുന്നത്. മുൻവശത്തെ കിണറിനു മുകളിലും പടിപ്പുര മാതൃക തുടരുന്നുണ്ട്. മുറ്റത്ത് ബഫലോ ഗ്രാസ് വിരിച്ചു ഭംഗിയാക്കി. മൂന്നരയടി പൊക്കത്തിലാണ് പ്ലോട്ടിന്റെ മുൻഭാഗം. സിറ്റൗട്ടിലേക്ക്  കയറാൻ പടികൾ നൽകി. 

പരമ്പരാഗത ശൈലിയിലാണ് വീടിന്റെ പുറംകാഴ്ച. വിയറ്റ്നാം ക്ലേ ടൈലാണ് മേൽക്കൂരയിൽ വിരിച്ചത്. ഈർപ്പം പിടിക്കില്ല എന്നതാണ് ഇതിന്റെ ഗുണം. വെട്ടുകല്ല് കൊണ്ട് ഭിത്തികൾ കെട്ടി. ഇതിനു മുകളിൽ മഡ് പ്ലാസ്റ്ററിങ് നൽകി. കശുവണ്ടിക്കറയാണ് സിമന്റിനു പകരം ഉപയോഗിച്ചത്. എക്സ്പോസ്ഡ് ശൈലിയിലുള്ള ഭിത്തികൾ ഭംഗിക്കൊപ്പം ചെലവ് കുറയ്ക്കാനും സഹായിച്ചു.

1870 ചതുരശ്രയടിയുള്ള വീട്ടിൽ സ്വീകരണമുറി, അടുക്കള, നാലു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്. മേൽക്കൂര ഉയർത്തിപ്പണിതതിനാൽ ഇടത്തട്ട് ഒരുക്കി സ്ഥലം ഉപയുക്തമാക്കി. ഇവിടെ കുട്ടികളുടെ പഠനമുറിയാക്കി മാറ്റി, ഒരു കട്ടിലും നൽകി. ആവശ്യമെങ്കിൽ ചെറിയ കിടപ്പുമുറിയാക്കി മാറ്റാം. വാതിൽ തുറന്നകത്തേക്ക് കയറിയാൽ ഇടച്ചുമരുകൾ നൽകിയിട്ടില്ല. ഇത് കൂടുതൽ വിശാലതയും ക്രോസ് വെന്റിലേഷനും ഉറപ്പുവരുത്തുന്നു. സ്വീകരണമുറിക്കും ഊണുമുറിക്കും ഇടയിൽ ടിവി യൂണിറ്റ് നൽകി. ഇത് ഇരുവശങ്ങളിലും ഇരുന്നും കാണാൻ കഴിയുംവിധം തിരിക്കാൻ സാധിക്കും.

വീട്ടിൽ ഞങ്ങൾക്ക് ഏറ്റവും സന്തോഷം തരുന്നത് ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് ഒരുക്കിയ ലൈറ്റുകളും അലങ്കാര വസ്തുക്കളും കാണുമ്പോഴാണ്. പാഴ്ത്തടി, മരത്തിന്റെ വേര്, മുള, കയർ, ഉപയോഗശൂന്യമായ പാത്രങ്ങൾ എന്നിവയിലാണ് ലൈറ്റുകൾ പിടിപ്പിച്ചു മാറ്റിയടുത്തത്. പഴയ പാൽപ്പാത്രങ്ങളുടെ താഴ്ഭാഗം മുറിച്ചു ലൈറ്റുകൾ വച്ചാണ് അടുക്കളയിലെ സ്പോട് ലൈറ്റുകൾ ഒരുക്കിയത്. 

നടുമുറ്റമാണ് വീടിന്റെ മറ്റൊരു ആകർഷണം. ഇതിനു മുകളിൽ സ്‌കൈലൈറ്റ് നൽകി. താഴെ ചെടികളും വെള്ളാരങ്കല്ലുകളും വിരിച്ചു. ഇടനാഴിക്കുമുകളിലും ഗ്ലാസ് റൂഫിങ് നൽകിയിട്ടുണ്ട്. വീടിനകം മുഴുവൻ പ്രസന്നമായി നിലനിർത്തുന്നതിൽ നടുമുറ്റവും നീണ്ട ഇടനാഴിയും പങ്കുവഹിക്കുന്നു.

ജിഐ പൈപ്പിനു മുകളിൽ പലക വിരിച്ചാണ് ഗോവണി ഒരുക്കിയത്. കൈവരികളിലും ജിഐ പൈപ്പ് തന്നെ തുടരുന്നു. താഴെ വാഷ് ഏരിയ നൽകി സ്ഥലം ഉപയുക്തമാക്കി. വീടിന്റെ മുൻവശത്തായാണ് അടുക്കളയുടെ സ്ഥാനം. അടുക്കളയുടെ ജനാലകളിൽ കളേർഡ് ഗ്ലാസ് നൽകി. ഇത് പുറംകാഴ്ചയ്ക്ക് ഭംഗി നൽകുന്നു. 

പുറത്തെ കാഴ്ചകൾ ആസ്വദിക്കാവുന്ന വിധം ജാലകങ്ങൾ കിടപ്പുമുറികളിൽ നൽകി. ജിഐ ഫ്രയിമിനു മുകളിൽ പലക വിരിച്ചാണ് കട്ടിൽ ഒരുക്കിയത്. പുറംകാഴ്ചയിൽ മുഴുനീള തടിക്കട്ടിൽ എന്നുതോന്നും.

എപ്പോഴും സുഖകരമായ തണുപ്പാണ് വീടിനുള്ളിൽ. വീട്ടിൽ എത്തിയ അതിഥികളിൽ പലരും പറഞ്ഞത് 'ഒരു കൂജയ്ക്കുള്ളിൽ കയറിയ പോലെയുണ്ട്' എന്നാണ്. ഫാൻ പേരിനു നൽകിയിട്ടുണ്ട് എന്നല്ലാതെ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. പകൽ സമയത്ത് ലൈറ്റും ഇടേണ്ട കാര്യമില്ല. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 28 ലക്ഷം രൂപയ്ക്ക് പണി പൂർത്തിയാക്കാൻ കഴിഞ്ഞു. സ്വപ്നവീട്ടിലേക്കുള്ള യാത്രയിൽ പിന്തുണയുമായി ഭാര്യ ഷാഹിനയും ഒപ്പമുണ്ടായിരുന്നു. മക്കൾ ഏഴാം ക്‌ളാസിൽ പഠിക്കുന്ന നിഹാമിനും ഒന്നാം ക്‌ളാസുകാരി നെഹാനും വീട് ഇപ്പോൾ പ്രിയപ്പെട്ട കൂട്ടുകാരനാണ്.

പൂർണ വായനയ്ക്ക്