പഴയ വീട്

ഏകദേശം മുപ്പതു വർഷം മുൻപ് താൻ നിർമിച്ച വീട് മകൻ സബീൽ വളപ്പിൽ പുതുക്കിപ്പണിത കഥ പാടത്ത് മുഹമ്മദ് മാസ്റ്റർ പങ്കുവയ്ക്കുന്നു.

സബീൽ ലണ്ടനിലെ ലിവർപൂൾ സർവകലാശാലയിൽ പ്രഫസറാണ്. പഴയ വീട് മകൻ പുതുക്കിപ്പണിയാൻ തീരുമാനിച്ചപ്പോൾ ഞാൻ കരുതിയത് അവൻ ജീവിക്കുന്ന ചുറ്റുപാട് വച്ചു കൊളോണിയൽ ശൈലിയിലുള്ള വീട് തിരഞ്ഞെടുക്കുമെന്നാണ്. എന്റെയും  ഭാര്യ നഫീസയുടെയും തറവാടുകൾ കേരളാശൈലിയിൽ നിർമിച്ചവയായിരുന്നു. അത് കണ്ടുവളർന്ന ഓർമ ഉള്ളതുകൊണ്ടാകാം അവനും പഴമയുള്ള വീട് വേണം എന്നാണ് ആവശ്യപ്പെട്ടത്. 

മാറ്റങ്ങൾ

  • പഴയ വീട്ടിൽ റൂഫിങ് ഷീറ്റ് വിരിച്ചിരുന്നു. അത് പൊളിച്ചുമാറ്റി. പകരം ജിഐ കൊണ്ട് ട്രസ് ചെയ്ത് ഓടുവിരിച്ചു. 
  • പരമ്പരാഗത ശൈലിയിലുളള വരാന്ത മുന്നിലേക്ക് നീട്ടിയെടുത്തു.
  • പഴയ സിറ്റൗട്ട് പുതിയ സ്വീകരണമുറിയായി മാറ്റി.
  • ഊണുമുറിക്കും സ്വീകരണമുറിക്കും ഇടയിലുള്ള ചുമർ ഇടിച്ചുകളഞ്ഞു ഓപ്പൺ ഹാൾ ആക്കിമാറ്റി.

പരമ്പരാഗത തറവാടുകളിൽ ഉള്ളപോലെ വിശാലമായ പൂമുഖം വേണം എന്നു മകന് നിർബന്ധമുണ്ടായിരുന്നു. കോൺക്രീറ്റ് പൈപ്പ് കൊണ്ടാണ് തൂണുകൾ നിർമിച്ചത്. ഇതിനു മുകളിൽ തടിയുടെ പെയിന്റ് ഫിനിഷ് നൽകുകയായിരുന്നു. സാധാരണ ഗ്ലാസിന് മുകളിൽ നിറം നൽകിയാണ് മുകൾനില കൂട്ടിയെടുത്തത്. ഇത് പുറംകാഴ്ചയ്ക്ക് നല്ല ഭംഗി നൽകുന്നുണ്ട്. മുകൾനില സ്‌റ്റോറേജിനും കുട്ടികളുടെ കളിസ്ഥലമായുമൊക്കെ മാറ്റാനാകും. 

മുകളിലെ ഓപ്പൺ സ്‌പേസ് നേരിട്ട് ചൂട് അകത്തേക്ക് പ്രസരിക്കുന്നതിൽനിന്നും തടയുന്നു. അതിനാൽ ഈ വേനൽകാലത്തും വീടിനുള്ളിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു.

മകനും കുടുംബവും വരുമ്പോൾ ഉപയോഗിക്കാൻ മോഡുലാർ ശൈലിയിലുള്ള അടുക്കള  ഒരുക്കി. പ്ലൈവുഡ് പിയു ഫിനിഷിലാണ് കബോർഡുകൾ ഒരുക്കിയത്. ചെറിയൊരു ഭക്ഷണമേശ ഇവിടെയും നൽകിയിട്ടുണ്ട്.  

കൗതുകങ്ങൾ

  • റെഡ് ഓക്സൈഡ് ഫ്ലോറിങ്ങാണ് നിലത്തു വിരിച്ചത്. അതുകൊണ്ട് നിലത്തു കിടന്നുറങ്ങാൻ പ്രത്യേക സുഖമാണ്. 
  • തടിമച്ചിനു പകരം ജിപ്സം സീലിങ് ചെയ്തു അതിനുമുകളിൽ എംഡിഎഫ് പാനൽ ചെയ്യുകയായിരുന്നു. അതിനാൽ നല്ലൊരു തുക ഫർണിഷിങ് ഇനത്തിൽ ലഭിക്കാനായി.
  • ആലപ്പുഴയിൽ ഉള്ളപോലെ  കൊയിലാണ്ടിയുടെയും ചരിത്രത്തിന്റെ ഭാഗമാണ് വഞ്ചിവീടുകളും വ്യാപാരവും. അതിന്റെ ചരിത്രം ഓർമിപ്പിക്കുന്ന ഒരു ക്ലേ ആർട്ടാണ് പ്രധാന ഹാളിന്റെ ഒരു ഭിത്തി അലങ്കരിക്കുന്നത്.

പഴയ വീട്ടിൽ മുറികൾക്ക് വലിപ്പം കുറവായിരുന്നു. കാറ്റും വെളിച്ചവും കയറുന്നതും കുറവ്. എന്നാൽ ഇടച്ചുവരുകൾ മാറ്റി വലിയ ജനാലകൾ നൽകിയതോടെ വീടിനകത്ത് കാറ്റും വെളിച്ചവും വിരുന്നെത്താൻ തുടങ്ങി. ഇത് നമ്മുടെ മാനസികാവസ്ഥയെയും പോസിറ്റീവായി സ്വാധീനിക്കുന്നുണ്ട് എന്നത് എന്റെ അനുഭവസാക്ഷ്യമാണ്.

ഓരോ വീടുകൾക്കും ഒരു മനസ്സുണ്ട്. എന്റെ ഭാര്യ മരിച്ചപ്പോൾ പഴയ വീട്ടിൽ ആകെയൊരു ശൂന്യത അനുഭവപ്പെട്ടിരുന്നു. എന്നാൽ പുതിയ വീട്ടിൽ അധികം ഒറ്റപ്പെടൽ അനുഭവപ്പെടാറില്ല. എനിക്കായി പൂമുഖത്ത് ഒരു ചാരുകസേര ഒരുക്കിയിട്ടുണ്ട്. എത്ര നേരം വേണമെങ്കിലും അവിടെ പാട്ടുകേട്ട്, സുഹൃത്തുക്കളുമായി വർത്തമാനം പറഞ്ഞിരിക്കാം.ഇപ്പോൾ എന്റെ സന്തതസഹചാരിയാണ് എന്റെ മനസ്സറിയുന്ന ഈ വീടും.

ഗൃഹപ്രവേശനത്തിനായി മകൻ എത്തിയിരുന്നു. വീടിന്റെ ഫോട്ടോ കണ്ട് അവന്റെ അവിടുള്ള വിദേശി സുഹൃത്തുക്കൾക്കൊക്കെ നാട്ടിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിച്ചത്രേ. കുടുംബവുമായുള്ള മകന്റെ അടുത്ത വരവിനു കാത്തിരിക്കുകയാണ് അവരും ഞാനും പിന്നെ വീടും.

Project Facts

Location- Ulloor, Calicut

Area- 1500 SFT

Owner- Dr. Sabeel Valappil

Designer- Shafiq M

Dayawoods

Mob- 98462 26683

Budget - 20 lakhs

Completion year- 2019

ചിത്രങ്ങൾ- അജീബ് കോമാച്ചി