സ്ഥലപരിമിതിയെ അപ്രസക്തമാക്കി സൗകര്യങ്ങളുള്ള വീട് ഒരുക്കിയതിന്റെ വിശേഷങ്ങൾ തിരുവനന്തപുരം സ്വദേശി അഖിൽ പങ്കുവയ്ക്കുന്നു.

ആകെയുള്ളത് ഉയരവ്യത്യാസമുള്ള മൂന്ന് സെന്റ് പ്ലോട്ടാണ്. മഴക്കാലത്ത് വെള്ളക്കെട്ടിന്റെ ശല്യവും. പോരാത്തതിന് സാമ്പത്തിക പരിമിതികളും.അവിടെ വീട് പണിയാൻ തീരുമാനിച്ചപ്പോൾ തന്നെ മുൻവിധികൾ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം അസ്ഥാനത്താക്കി, വെല്ലുവിളികൾ മറികടന്നാണ് ഡിസൈനർ അരുൺ ഈ വീട് ഒരുക്കിനൽകിയത്.

1480 ചതുരശ്രയടിയിൽ ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്ന് കിടപ്പുമുറികൾ എന്നിവ ഉൾക്കൊള്ളിക്കാനായി. ബോക്സ് ശൈലിയിൽ ലളിതമായാണ് എക്സ്റ്റീരിയർ ഒരുക്കിയത്. കാർ പോർച്ച് താഴ്ന്ന ഭാഗത്ത് നിർമിച്ചു. വീടിന്റെ പ്രധാന ഭാഗങ്ങൾ ഉയർന്ന ഭാഗത്ത് ക്രമീകരിച്ചു. 

ഇടയിൽ ചുവരുകൾ നൽകാതെ തുറസായ ശൈലിയിൽ ഒരുക്കിയത് പരമാവധി വിശാലത തോന്നിക്കാൻ സഹായകരമായി. വാൾപേപ്പറും പെയിന്റിങ്ങുകളും നൽകി ചുവരുകൾ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്.  

ഉയരവ്യത്യാസമുള്ള ഇടങ്ങളെ ബന്ധിപ്പിക്കുംവിധം ഗോവണി ഒരുക്കിയതാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടം. ഗോവണിയുടെ കൈവരിയിൽ നൽകിയ ബുദ്ധരൂപത്തിന്റെ  കൊത്തുപണി ഞങ്ങളുടെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ്. 

ഊണുമുറിയും അടുക്കളയും തമ്മിൽ വേർതിരിക്കുന്നത് പാൻട്രി കൗണ്ടറാണ്. ഊണുമുറിയിൽ ചെറിയ സ്ഥലത്തും ഒരു കോർട്യാർഡ് ഒരുക്കാൻ സാധിച്ചത് വലിയ കാര്യമായി കാണുന്നു. ഇവിടെ ചെടികൾ നൽകി അകത്തളം ഹരിതാഭമാക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്‌കൈലൈറ്റിലൂടെ പ്രകശം അകത്തേക്ക് വിരുന്നെത്തുന്നു. 

മൂന്ന് കിടപ്പുമുറികളിലും പ്ലൈവുഡ്, വെനീർ ഫിനിഷിൽ വാഡ്രോബുകൾ ഒരുക്കിയിട്ടുണ്ട്. കിച്ചൻ കബോർഡുകൾ മൾട്ടിവുഡിൽ പിയു പെയിന്റ് ഫിനിഷിലാണ് ഒരുക്കിയത്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 30 ലക്ഷത്തിനു നിർമാണം പൂർത്തിയാക്കിയപ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷത്തിന് അതിരുകൾ ഉണ്ടായിരുന്നില്ല.

Project Facts

Location- Kowdiar, Trivandrum 

Area- 1480 SFT

Plot- 3 cent

Owner- Akhil Babu

Designer- Arun TG

Graphite Divine Homes

Mob-  85899 55955

Budget- 30 Lakhs