സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന ഡിസൈനാണ് കോഴിക്കോട് ബേപ്പൂരിലുള്ള വിനോദിന്റെയും മാലിനിയുടെയും വീടിന്റെ സവിശേഷത. നാലു സെന്റിൽ സൗകര്യങ്ങൾ വിട്ടുവീഴ്ച ചെയ്യാതെ ബജറ്റിൽ ഒതുങ്ങുന്ന വീട് എന്നതായിരുന്നു ഇരുവരുടെയും ആവശ്യം. 

സമകാലിക ശൈലിയിൽ ഫ്ലാറ്റ് റൂഫ് നൽകി ബോക്സ് ആകൃതിയിലാണ് പുറംകാഴ്ച. വ്യത്യസ്തത നൽകുന്നതിനായി ഷോ വോളും പാരപ്പറ്റും  നൽകി രണ്ടു ബാൽക്കണികൾ ഒരുക്കി. ഇവിടെ ഗ്രേ പെയിന്റ് അടിച്ചു വേർതിരിവ് നൽകി. താഴത്തെ നിലയിൽ സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരു ബെഡ്‌റൂം, അറ്റാച്ഡ് ബാത്റൂം എന്നിവ ഒരുക്കി. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം, ബാൽക്കണി, കോമൺ ബാൽക്കണി എന്നിവയും 1250 ചതുരശ്രയടിയിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞു. വിശ്രമജീവിതം നയിക്കുന്ന ദമ്പതികൾക്ക് പരിപാലനം കൂടി എളുപ്പമാക്കുംവിധമാണ് അകത്തളങ്ങൾ ഒരുക്കിയത്.

അനാവശ്യ ഇടച്ചുവരുകൾ നൽകാതെ അകത്തളം ഒരുക്കിയത് പരമാവധി സ്ഥലം ഉപയുക്തമാക്കുന്നതിനു സഹായകരമായി. ഇതിനൊപ്പം വെള്ള നിറം നൽകിയത് അകത്തേക്ക് കയറുമ്പോൾ കൂടുതൽ വിശാലതയും തോന്നിപ്പിക്കും. ഗോവണിയുടെ വശത്തെ ഭിത്തിയിൽ നിരവധി സുഷിരങ്ങൾ നൽകി ഗ്ലാസ് പാനലിങ് ചെയ്തു. ഇതിലൂടെ പ്രകാശം അകത്തേക്ക് അരിച്ചെത്തുന്നു. ഒപ്പം നിർമാണത്തിനുള്ള കട്ടകളുടെ എണ്ണം കുറയ്ക്കാനും ഉപകരിച്ചു.

തടിയുടെ ഉപയോഗം നിയന്ത്രിച്ചു. ഫർണിച്ചറുകൾ പുറത്തുനിന്നും വാങ്ങി. മാർബോനൈറ്റ് ടൈലുകളാണ് നിലത്തുവിരിച്ചത്. സ്റ്റെയിൻലെസ്സ് സ്റ്റീലാണ് ഗോവണിയുടെ കൈവരികളിൽ ഉപയോഗിച്ചത്. മിനിമൽ ശൈലിയിൽ അടുക്കള. മൈക്ക ഫിനിഷിലാണ് കബോർഡുകൾ. ഗ്രാനൈറ്റ് കൗണ്ടറിൽ വിരിച്ചു.

കിടപ്പുമുറികളിൽ ധാരാളം ജനാലകൾ നൽകി. സ്വാഭാവിക പ്രകാശവും കാറ്റും നന്നായി ലഭിക്കുന്നു. സ്റ്റോറേജിന്‌ വാഡ്രോബുകൾ ഒരുക്കി. ഏകദേശം ഏഴുമാസം കൊണ്ട് നിർമാണം പൂർത്തീകരിക്കാൻ കഴിഞ്ഞു. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 25 ലക്ഷം രൂപയാണ് ചെലവായത്. 

ചെലവ് കുറച്ച ഘടകങ്ങൾ 

  • വെള്ള നിറമാണ് അകത്തും പുറത്തും നൽകിയത്.
  • തടിയുടെ ഉപയോഗം നിയന്ത്രിച്ചു. കബോർഡ്, വാഡ്രോബ്, പാനലിങ് വർക്കുകൾക്ക് മൈക്ക ഉപയോഗിച്ചു.
  • സ്വീകരണമുറിയിൽ മാത്രം ഫോൾസ് സീലിങ് നൽകി. ബാക്കിയിടങ്ങളിൽ ലൈറ്റ് പോയിന്റുകൾ നേരിട്ട് നൽകി.
  • ഇടത്തരം നിലവാരമുള്ള നിർമാണ സാമഗ്രികളാണ് ഉപയോഗിച്ചത്.
  • പാർടീഷനുകൾ നൽകാതെ തുറസ്സായി അകത്തളങ്ങൾ ഒരുക്കി.

ഏകദേശ ചെലവ് 

  • സ്ട്രക്ചർ- 10 ലക്ഷം
  • പ്ലാസ്റ്ററിങ്, പെയിന്റിങ്, ഫ്ളോറിങ്, ഇലക്ട്രിക്കൽ, പ്ലമിങ്- 7 ലക്ഷം
  • ഇന്റീരിയർ- 5 ലക്ഷം
  • ലാൻഡ്സ്കേപ്പിങ്, മറ്റു ഫിനിഷിങ് വർക്കുകൾ- 3  ലക്ഷം 

Project Facts

Location- Beypore, Calicut

Plot- 4 cent

Area- 1250 SFT

Owner- Vinod, Malini

Designer- Shibin Machingal

Aaesthetic Designs, Nilambur

Mob-  99953 80095