ഒരു അണുകുടുംബത്തിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും വളരെ മിതമായ ബജറ്റിൽ ഒരുക്കുക. തൃശ്ശൂർ ചെറുതുരുത്തിയിലുള്ള ഷിബുവിന്റെ  'ഫജർ' എന്ന വീടിനു സവിശേഷതകൾ ഇനിയുമുണ്ട്. മൂന്ന് സെന്റ് പ്ലോട്ട് എന്ന വെല്ലുവിളിയെ അതിജീവിച്ച വീട് കാഴ്ചയിലെ പൊലിമ കൊണ്ടു മാത്രമല്ല, സ്ഥല ഉപയോഗത്തിലെ മികവു കൊണ്ടും ഏവരേയും ആകർഷിക്കുന്നു. ചെലവു കുറഞ്ഞ പാർപ്പിട സൗകര്യം എന്ന ആശയം പ്രാവർത്തികമാക്കി പേരെടുത്ത ഡിസൈനർ ബി പി സലീമാണ് വീട് ഡിസൈൻ ചെയ്തത്. 

മിനിമൽ ശൈലിയിൽ

മിനിമലിസ്റ്റിക് ആശയത്തിലൂന്നിയ വീടിന് ബോക്സ് ടൈപ്പ് പാറ്റേണാണ് എലവേഷനിൽ നൽകിയത്. ക്യാന്റിലിവർ മാതൃകയിൽ നിർമ്മിച്ച പോർച്ച് മോഡേൺ ലുക്ക് കൊണ്ടുവരുന്നു. ചുറ്റുമതിലും രണ്ട് ഗേറ്റുകളും വീടിന്റെ ഡിസൈൻ നയങ്ങളോട് യോജിച്ചു പോകുന്നവയാണ്. രണ്ടു നിലകളിലായി ലിവിങ്ങ്, ഡൈനിങ്ങ്, കിച്ചൻ, രണ്ടു അറ്റാച്ച്ഡ് ബെഡ്റൂമുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഭാരപ്പെട്ട ഇന്റീരിയർ വർക്കുകൾ ഒഴിവാക്കി വീടാകമാനം മിനിമൽ ശൈലി പിൻതുടർന്നതിനാൽ ചിലവ് നിയന്ത്രിക്കാൻ സാധിച്ചെന്ന് ഡിസൈനർ ബി പി സലീം വ്യക്തമാക്കുന്നു.

വിസ്തൃതി കുറവാണെങ്കിലും ഉള്ളിലെ ഇടങ്ങൾക്ക് വിസ്താരമുള്ളതായി തോന്നും. എലവേഷനിൽ യെല്ലോ, ഗ്രീൻ നിറങ്ങളാണെങ്കിൽ അകത്തളങ്ങളിൽ ബ്ലാക്ക് വൈറ്റ് നിറങ്ങളുടെ സമ്മേളനമാണ്. മുകളിലെ നിലയിൽ കോഫീ ബ്രൗൺ, വൈറ്റ് നിറങ്ങൾ സ്ഥാനം കണ്ടെത്തി. മിനിമലിസ്റ്റിക് ഡിസൈനിനു ചേരുംവിധം ജൂട്ടും സ്റ്റീലും കൊണ്ടുള്ള കസ്റ്റെമെയ്ഡ് ഫർണീച്ചറാണ് ലിവിങ്ങിൽ. സ്ഥല ലഭ്യത കണക്കാക്കി ഉള്ളിലേക്ക് നീക്കി വെയ്ക്കാവുന്ന ചെയറുകളാണ് ഡൈനിങ്ങ് ടേബിളിന് നൽകിയത്. മുൻവശത്തുള്ള വാതിലിനും ജനാലകൾക്കും തേക്കും മറ്റുള്ളവ വേപ്പിലുമാണ് നിർമ്മിച്ചത്. 

ഹൊറിസോണ്ടൽ മാതൃക

തിരശ്ചീനമായി ഡിസൈൻ ചെയ്ത ഗോവണി വീടിന്റെ ശ്രദ്ധാകേന്ദ്രമാണ്. ജിഐ പൈപ്പ്, വുഡ് എന്നീ മെറ്റീരിയലുകൾ ഉപയോഗിച്ച് വളരെ സുതാര്യമായ ശൈലിയിലാണ് സ്റ്റെയറിന്റെ നിർമ്മാണം. അപ്പർ ലിവിങ്ങ്, ബാൽക്കണി, അറ്റാച്ച്ഡ് ബെഡ്റൂം തുടങ്ങിയവയാണ് മുകൾനിലയിലുള്ളത്. ലിവിങ്ങിൽ ഇൻബിൽറ്റായി പണിത സീറ്റിങ്ങ് ഏരിയയ്ക്ക് താഴെ സ്റ്റോറേജിനായി ഇടം കണ്ടെത്തി. ഭിത്തിയിൽ സ്ഥാപിച്ചിട്ടുള്ള നാല് നീളൻ സിംഗിൾ ഒാപ്പനിങ്ങുകൾ അകത്തളങ്ങളിൽ വെളിച്ചമെത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. സ്റ്റെയറിന് താഴെയായി വാഷ് ഏരിയയും സമീപത്തായി അടുക്കളയുമുണ്ട്. 160 രൂപനിരക്കിലുള്ള ഗ്രാനൈറ്റ് കൊണ്ട് കൗണ്ടർടോപ്പും മൾട്ടിവുഡ്, പ്ലൈവുഡ്+മൈക്ക കൊണ്ട് ക്യാബിനറ്റും നിർമ്മിച്ചു.

കിടപ്പുമുറികളെല്ലാം 10X10 സൈസിലാണുള്ളത്. ജനലിനു സമീപത്തായി കട്ടിലുകൾ ക്രമീകരിച്ച് കൂടുതൽ സ്പേയ്സ് സൃഷ്ടിച്ചു. പ്ലൈവുഡും മൈക്കയും കൊണ്ട് രണ്ട് കള്ളികളുള്ള വാഡ്രോബും ജനലിന് അടിയിൽ ക്യാബിനറ്റുകളും നിർമ്മിച്ചു. ചുമരുകൾ ശ്രദ്ധേയമാക്കുവാൻ വിവിധ നിറത്തിലുള്ള ലൈറ്റ് ഷേഡുകൾ നൽകി. 

വീടിന്റെ സ്ട്രക്ച്ചർ നിർമ്മിക്കുവാൻ 14 ലക്ഷം രൂപയാണ് ചിലവായത്. 6 ലക്ഷത്തോളം ഫർണിഷിങ്ങിനും ചുറ്റുമതിലിനുമായി ചിലവിട്ടു. കൃത്യമായ പ്ലാനിങ്ങ് തന്നെയാണ് 20 ലക്ഷം രൂപയ്ക്ക് വീട് നിർമ്മാണം പൂർത്തിയാക്കുവാൻ സഹായിച്ചതെന്ന് ഗൃഹനാഥൻ ഷിബു വ്യക്തമാക്കുന്നു.

ചെലവ് ചുരുക്കിയതിങ്ങനെ 

  • രണ്ട് നിലകളിലായി പണിതതിനാൽ അടിത്തറയുടെ കാര്യത്തിലും കാശ് ലാഭിക്കുവാനായി. 
  • വാർക്കുമ്പോൾ തന്നെ ലൈറ്റിങ്ങിന് വേണ്ട പോയിന്റുകൾ നിശ്ചയിച്ചു. പിന്നീടുള്ള പൊളിക്കലുകൾ ഒഴിവാക്കുവാൻ ഇതുമൂലം സാധിച്ചു.
  • ഇന്റീരിയർ പ്രവർത്തനങ്ങൾക്ക് തടിയുടെ ഉപയോഗം മിതപ്പെടുത്തി.
  • 40 രൂപ നിരക്കിലുള്ള വിട്രിഫൈഡ് ടൈലുകളാണ് വിരിച്ചത്. 160 രൂപ നിരക്കിലുള്ള ഗ്രാനൈറ്റ് കൗണ്ടർടോപ്പിനും സ്റ്റെയർകേസിലും ഉപയോഗിച്ചു.
  • വിവിധ കടകളിൽ, വിലയിലും ഗുണനിലവാരത്തിലും വരുന്ന വ്യത്യാസം നോക്കിയാണ് മെറ്റീരിയലുകൾ തെരഞ്ഞെടുത്തത്. പരമാവധി ഹോൾസെയിൽ കടകളിൽ നിന്ന് നേരിട്ട് ഉത്പന്നങ്ങൾ വാങ്ങിയതുമൂലം ചിലവിന്റെ കാര്യത്തിൽ ഗണ്യമായ കുറവ് നേരിട്ടു. 

Project Facts

Location: Cheruthuruthy

Area: 900 Sqft

Plot: 3 Cents

Owner: Mr. Shibu

Designer: B. P. Saleem

Cost: 20 Lakhs

Completed in:  2017

തയാറാക്കിയത്- അനുജ പി. മധു