മുംബൈയിൽ താമസിക്കുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനായ എൻ. വാസുദേവ് കോഴിക്കോട് നിർമ്മിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. 

ഒൗദ്യോഗിക ജീവിതമവസാനിക്കുമ്പോൾ നാട്ടിലേക്ക് ചേക്കേറാനായിരുന്നു എനിക്കും കുടുംബത്തിനും ആഗ്രഹമുണ്ടായിരുന്നത്. അതുപ്രകാരമാണ് കോഴിക്കോട് നഗരത്തിനടുത്ത് 4 സെന്റ് പ്ലോട്ട് വാങ്ങിയത്. മൂന്നു വശവും റോഡുള്ള വീതി കുറഞ്ഞ പ്ലോട്ടായതിനാൽ ആഗ്രഹപ്രകാരം ഒരു വീട് വയ്ക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാൽ ഉള്ള സ്ഥലം കൃത്യമായി വിനിയോഗിച്ച് അതെല്ലാം മറികടന്നു എന്നതാണ് ഇൗ വീടിന്റെ സവിശേഷത. ഒരു അണുകുടുംബത്തിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തി മൂന്നു നിലയിൽ ആധുനിക ശൈലിയിലാണ് നിർമ്മാണം. 

പ്ലോട്ടിനോട് വളരെ ചേർന്നാണ് റോഡുള്ളത്. കൂടാതെ നഗരമായതിനാൽ മരങ്ങൾ നന്നേ കുറവും, ചുറ്റും വലിയ കെട്ടിടങ്ങളും. ചൂട് കൂടാൻ ഇതുതന്നെ ധാരാളം. അതിനാൽ ഇത് പരിഹരിക്കുന്ന രീതിയിലാകണം പുതിയ വീടിന്റെ രൂപകല്പന എന്നായിരുന്നു ആർക്കിടെക്റ്റുകളായ അവ്യയ്നോടും സജിത്തിനോടും പങ്കുവച്ച മുഖ്യആശയം.

ഹരിതാഭം അകത്തളം....

അകത്തു താമസിക്കുന്നവർക്ക് മാത്രമല്ല അയൽപക്കത്തുവർക്കും ഹരിതാഭമായ കാഴ്ച ഒരുക്കുന്ന എക്സ്റ്റീരിയറാണ് വീടിന് നൽകിയത്. സാധാരണ കാണുന്ന വലിയ വീടിന്റെ ഭീമാകാരത്വം മറികടക്കുവാൻ വീടിന്റെ ഉയരത്തെ കേന്ദ്രീകരിച്ചായിരുന്നു എക്സ്റ്റീരിയറിന്റെ രൂപകല്പന. ബോർഡ് കൊണ്ട് ലംബമായി ഒരുക്കിയ ഒരു കൃത്രിമചുമരാണ് വീടിന്റെ ഹൈലൈറ്റ്. ദ്വാരങ്ങളുള്ള ഇൗ വലിയ ചുമർ വെളിച്ചം അകത്തെത്തിക്കാൻ സഹായിക്കുന്നതൊടോപ്പം ഉള്ളിലെ ചൂടിനെ പുറംതള്ളുകയും ചെയ്യുന്നു. വീടിനു നൽകിയ വ്യത്യസ്തമായ മുഖപ്പും ലാൻഡ്സ്കേപ്പും ഇഴുകി ചേർന്ന് മായാജാലം സൃഷ്ടിക്കുന്നു.

ചെറിയ പ്ലോട്ടായതിനാൽ മൂന്നു നിലയിൽ വിന്യസിച്ച് കിടക്കുന്ന വീട്ടകത്തളങ്ങളുടെ ക്രമീകരണം ശ്രദ്ധേയമാണ്. ലിവിങ്, കിച്ചൻ കം ഡൈനിങ്, യൂട്ടിലിറ്റി ഏരിയ, മൂന്നു ബെഡ്റൂമുകൾ, ലൈബ്രറി, യോഗ സ്പേയ്സ്, ഡെക്ക് സ്പേയ്സ്, ഹോം തിയറ്റർ, ഗാർഡൻ സ്പേയ്സ് എന്നീ ഇടങ്ങൾ ഇവിടെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ താഴത്തെ നിലയിലും ലൈബ്രറി, യോഗ സ്പേയ്സ്, ബെഡ്റൂം എന്നിവ ഒന്നാം നിലയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.  

രണ്ടാമത്തെ നിലയിലാണ് രണ്ടു കിടപ്പുമുറികൾ. ഡെക്ക്, ബാർ, ഹോം തിയറ്റർ മറ്റു സൗകര്യങ്ങൾ എന്നിവയെല്ലാം മൂന്നാം നിലയിലുമാണുള്ളത്. ഗൃഹനാഥന്റെ താത്പര്യപ്രകാരം പച്ചക്കറികൃഷി ചെയ്യുവാനായി ചെറിയൊരു ഇടവും മൂന്നാം നിലയിൽ തന്നെ സജ്ജീകരിച്ചു. മറ്റിടങ്ങളിൽ നിന്ന് വേർതിരിക്കുവാൻ സ്ലൈഡിങ് ഗ്ലാസ് ഡോർ ഉപയോഗിച്ചു.

നിറമോ, വേണ്ടേ വേണ്ട....

സ്വാഭാവിക നിറങ്ങളുടെ കലവറ തന്നെയാണ് അകത്തളങ്ങൾ. പലവിധ നിറങ്ങൾ വാരിവിതറാതെ കണ്ണിനു കുളിർമയേകുന്ന നിറക്കൂട്ടുകളാണ് ഉപയോഗിച്ചത്. പ്ലാസ്റ്ററിങ് ചെയ്യാത്ത ചുമരുകളും തടികൾ പാകിയ നിലവും പാനലിങ്ങും എന്തിനേറെ മാർബിൾ പോലും ഇൗ നിറക്കൂട്ടിന്റെ ഭാഗമാകുന്നു. ഏതു നിറം തെരഞ്ഞെടുക്കണം എന്ന കാര്യത്തിൽ ഞങ്ങൾക്ക് തർക്കമില്ലാത്തതിനാൽ ഇന്റീരിയറിലെ ഒാരോ ഇടവും ഗ്രാമീണഭംഗി പ്രതിഫലിപ്പിക്കുന്നു.

വെളിച്ചത്തിനു കുറവില്ല...

പൊതു ഇടങ്ങളിലെല്ലാം തന്നെ മുകളിൽ നിന്ന് കാറ്റും വെളിച്ചവും എത്തുന്ന രീതിയാണ് പിൻതുടർന്നത്. ഹൊറിസോണ്ടൽ സർക്കുലേഷൻ പരിമിതപ്പെടുത്തി വെർട്ടിക്കൽ സർക്കുലേഷന് പ്രാധാന്യം നൽകി. മൂന്നു നിലകളെ ബന്ധിപ്പിക്കുക എന്ന കർമ്മം മാത്രമല്ല സ്റ്റെയർകേസ് നിർവ്വഹിക്കുന്നത്. മറിച്ച്, പുറത്ത് നിന്ന് വരുന്ന സ്വാഭാവിക കാറ്റും വെളിച്ചവും അകത്തെത്തുവാനും സഹായിക്കുന്നു. കൂടാതെ വരാന്തകൾ സായാഹ്നങ്ങൾ ചിലവഴിക്കുവാനുള്ള ഇടങ്ങളായി മാറുന്നു. ബെഡ്റൂമിലും ലിവിങ് ഏരിയയിലും സീലിങ്ങിൽ നൽകിയ പർഗോളകൾ അകത്തളങ്ങളിലെ ഭംഗി ഇരട്ടിപ്പിക്കുന്നതോടൊപ്പം ഉൗഷ്മാവിനെ നിയന്ത്രിക്കുന്നു. ജനാലകളോ വലിയ സുഷിരങ്ങളോ എലവേഷനിൽ നൽകാതെ തന്നെ ഉള്ളിൽ വായുസഞ്ചാരമുണ്ടെന്നതാണ് പ്രത്യേകത. 

വലിയ ജനാലകളും ലൂവറുകളും പ്രകൃതിദത്ത പ്രകാശം അകത്തേക്ക് എത്തിക്കുന്നതിനാൽ പകൽ സമയത്ത് ലൈറ്റും ഫാനുമൊന്നും ഇടേണ്ട ആവശ്യമില്ല. പരമ്പരാഗത ശൈലിയുടെ അംശങ്ങളെ മാറ്റി നിർത്തിയെങ്കിലും പാരമ്പര്യത്തെ കൂട്ടുപിടിച്ച് നിർമ്മിച്ച വീട് രൂപകല്പനയുടെ മികവ് കൊണ്ട് ഏവരേയും വിസ്മയിപ്പിക്കുന്നു.

Project Facts

Location: Calicut

Area: 1800 Sqft.

Plot: 4 Cents

Owner: N. Vasudevan

Architects: Sajith & Avyai Premnath

De Signature Architects,

Puthiyara, Calicut

Ph: 9947793303

Completed in: 2018