റോക്കറ്റ് പോലെ കുതിക്കുന്ന ഭവന നിർമാണ ചെലവുകൾ ഏതൊരു സാധാരണക്കാരന്റെയും നെടുവീർപ്പാണ്. ഉള്ളത് കൊണ്ട് ഒാണം പോലെ എന്ന് ചിന്തിക്കുന്നവരും, വീടുപണിക്ക് വേണ്ടി ഏതറ്റം വരെ പോകുന്നവരും ഇക്കൂട്ടത്തിൽ പെടുന്നു. കടം വാങ്ങിയോ ലോൺ എടുത്തോ വീടുപണി പൂർത്തീകരിക്കാൻ സന്നദ്ധരാവുന്നവർ തന്റെ കൈപിടിയിൽ ഒതുങ്ങുന്ന പൈസയ്ക്ക് വീടുവച്ച റെജി തോമസിനെ പരിചയപ്പെടേണ്ടതാണ്. സ്ട്രക്ചർ പൂർത്തിയായശേഷം, വീടിന്റെ അകത്തളങ്ങൾ ഒരുക്കാൻ എട്ട് ലക്ഷത്തിന് മുകളിൽ ഒരു ചില്ലി കാശ് തരില്ലെന്ന് ഡിസൈനറായ അബ്ദുൾ കരീമിനോട് ആദ്യമേ വ്യക്തമാക്കിയിരുന്നു. 

ചെലവിന്റെ കടിഞ്ഞാൺ ഉണ്ടെങ്കിലും ഭംഗിയുടെയും ഗുണനിലവാരത്തിന്റെ കാര്യത്തിലും ഒട്ടും കുറവ് വരുത്താതെയാണ് ഡിസൈനർ അകത്തളം ഒരുക്കിയത്. കന്റെംപ്രറി ശൈലിയിൽ മിതത്വം പുലർത്തുന്ന ഇന്റീരിയറാണുള്ളത്. കോഴിക്കോടുള്ള ഡിസൈനർ അബ്ദുൾ കരീമാണ് സ്ട്രക്ചർ പൂർത്തിയാക്കിയ വീടിനൊരു മേക്കോവർ നൽകിയത്. പത്ത് സെന്റ് ഭൂമിയിൽ 2500 SFT വിസ്തൃതിയിൽ തലയുയർത്തി നിൽക്കുന്ന വീടിനെ രണ്ടു മാസം കൊണ്ടാണ് മിനുക്കിയെടുത്തത്.

പരിശുദ്ധിയോടെ അകത്തളം

സൗകര്യങ്ങൾക്ക് പ്രാധാന്യമുള്ള വീട്ടിൽ ലാളിത്യത്തിനാണ് മുൻതൂക്കം. ആറംഗ കുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ഉൗഷ്മളതയ്ക്ക് മങ്ങലേൽപ്പിക്കാത്ത, ആഢംബരത്തിന്റെ കെട്ടുകാഴ്ചകളില്ലാത്ത ഇന്റീരിയറായിരുന്നു ഗൃഹനാഥൻ ആവശ്യപ്പെട്ടത്. 

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, രണ്ടു ബെഡ്റൂമുകൾ, കിച്ചൻ, വർക്ക് ഏരിയ, എന്നിവ ഗ്രൗണ്ട് ഫ്ളോറിലും അപ്പർ ലിവിങ്ങ്, പാസേജ്, രണ്ട് ബെഡ്റൂമുകൾ, ബാൽക്കണി, പാർട്ടി ഏരിയ എന്നിവ ഫസ്റ്റ് ഫ്ളോറിലും നിലകൊള്ളുന്നു. ലിവിങ്, ഡൈനിങ്, സ്റ്റെയർ ഏരിയ എന്നിവ ഉൾക്കൊള്ളുന്നതാണ് വീടിന്റെ ഹൃദയഭാഗം. അകവും പുറവും തമ്മിൽ വേർതിരിവില്ലാതെ ഡിസൈൻ നയങ്ങൾ ചിട്ടപ്പെടുത്തി. 

വെളിച്ചത്തിന് മുൻതൂക്കം

ഇടുങ്ങിയ അകത്തളത്തെ വിശാലവും പ്രകാശമയവുമാക്കുകയായിരുന്നു ആദ്യപടി. ജനാലകളുടെ സ്ഥാനക്രമം മാറ്റിയാണ് ഇത് ചെയ്തത്. ഇളം നിറങ്ങളുടെ സാന്നിധ്യം വീടിനെ ഇരുട്ടിൽ നിന്ന് മുക്തമാക്കുന്നു. വീടിന്റെ കേന്ദ്രഭാഗത്തേക്ക് സൂര്യപ്രകാശം എത്തുന്നതിനാൽ വീടിന്റെ സർവ്വ കോണും സദാ വെളിച്ചം വിതറുന്നു. ചെറിയ കാഴ്ചകൾ പോലും കൂടുതൽ ആകർഷകമാക്കുവാൻ തൂവെള്ള നിറം നൽകി. രാത്രികാലങ്ങളിൽ എൽഇഡിയുടെ വർണ്ണശോഭയാണ് ഇന്റീരിയർ ആകർഷകമാക്കുന്നത്. 

വെട്ടിത്തിളങ്ങും ചുമരുകൾ

വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ നോട്ടമെത്തുക ഡൈനിങ്ങിന് പുറകിലുള്ള ചുമരിലേക്കാണ്. ഇൗ ഭാഗം ബ്രിക്ക് ഡിസൈനിലുള്ള വാൾപേപ്പർ നൽകി ശ്രദ്ധേയമാക്കി. നാല് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. ഒാരോന്നും വ്യത്യസ്തമായ ഫീച്ചറുകളിലാണ് മോടിപിടിപ്പിച്ചത്. മുകൾനിലയിലുള്ള മക്കളുടെ രണ്ടു കിടപ്പുമുറികളും വാൾപേപ്പർ കൊണ്ടാണ് അലങ്കരിച്ചത്. മകളുടെ ഇഷ്ടനിറമായ വെള്ളയും മകനു പ്രിയപ്പെട്ട ലാവൻഡറും ഒാരോ മുറികളിലേയും താരമായി. നിറവിന്യാസവും, സീലിങ് പാറ്റേണും, ഹെഡ്ബോഡുമാണ് മുറികളെ ആകർഷമാക്കുന്നത്. പരമാവധി വെന്റിലേഷൻ ഉറപ്പുവരുത്താനും മറന്നില്ല. സ്വകാര്യത കിട്ടുന്ന രീതിയിലാണ് മുറികളുടെ ക്രമീകരണം.

ഇരുനിലകളും തമ്മിൽ ആശയവിനിമയം സാധ്യമാക്കുന്നത് ഡൈനിങ് ഏരിയയ്ക്കു മുകളിലായുള്ള പാസേജാണ്. ഇവിടെ നിന്ന് താഴേക്ക് ഒാവർവ്യൂ നൽകി. മിനിമൽ രീതിയിലുള്ള ഫാൾസ് സീലിങ്ങാണ് എല്ലായിടത്തും. ജിപ്സം, മൈക്ക, പ്ലൈവുഡ് എന്നിവ ഉപയോഗിച്ച് സീലിങ് ചെയ്തിനാൽ ചെലവ് ഗണ്യമായി കുറയ്ക്കുവാൻ സാധിച്ചു. ഒൗട്ട് ഒാഫ് ട്രെൻഡ് ആവാത്ത നിറങ്ങളും ഡിസൈനും പാറ്റേണുമാണ് ഉൾവശങ്ങളിൽ ഉപയോഗിച്ചത്. ലിവിങ്ങും ഡൈനിങ്ങും വേർതിരിക്കാൻ വുഡ് കൊണ്ട് മൂവബിൾ പാർട്ടീഷനൊരുക്കി. സ്റ്റീലും വുഡും കൊണ്ടാണ് ഹാൻഡ്റെയ്ൽ. ഡൈനിങ്ങിൽ ഇരുന്നാലും കാണാവുന്ന മാതൃകയിലാണ് ടിവി യൂണിറ്റ്. 

മോഡേൺ ഭംഗിയുള്ള ഫർണീച്ചറാണ് ഒാരോ ഇടങ്ങളേയും ഫങ്ഷനലാക്കുന്നത്. ആവശ്യമായ ഗൃഹോപകരണങ്ങളേ തിരഞ്ഞെടുത്തിട്ടുള്ളു. അവയെല്ലാം തന്നെ ഡിസൈനിനനുസരിച്ച് ചെയ്തെടുത്തവയുമാണ്. കോമൺ ഏരിയയിൽ ഉപയോഗിക്കാവുന്ന ഫർണിച്ചറുകൾ പ്ലൈവുഡിലും  ഡൈനിങ് ടേബിൾ, കട്ടിൽ തുടങ്ങിയവ ഇരൂളിലും ചെയ്തെടുത്തു. 

ഐവറിയിൽ കുളിച്ച് അടുക്കള...

പാചക പരീക്ഷണങ്ങൾ നടുത്തുവാൻ ഒരുങ്ങി നിൽക്കുകയാണ് അടുക്കള. പരിപാലനം എളുപ്പമാക്കുവാൻ ഐവറി നിറമാണ് നൽകിയത്. മൾട്ടിവുഡ് കൊണ്ട് കിച്ചൻ ക്യാബിനറ്റുകളും ഗ്രാനൈറ്റ് കൊണ്ട് കൗണ്ടർടോപ്പും നിർമ്മിച്ചു. ബെഡ്ഷീറ്റ്, ചിത്രങ്ങൾ, ക്യൂരിയോസ്, ലൈറ്റ്, ബാത്ത്റൂം ഫിറ്റിങ്ങ്സ് തുടങ്ങിയവയൊക്കെ ഡിസൈനർ തന്നെ തിരഞ്ഞെടുത്തതാണ്. നിശ്ചയിച്ചുറപ്പിച്ച ബജറ്റിനേക്കാൾ അല്പം കൂടിയെങ്കിലും വീട്ടകംമുഴുവൻ അണിയിച്ചൊരുക്കാൻ 8.5 ലക്ഷം മാത്രമേ ചെലവ് വന്നുള്ളൂ എന്നത് എടുത്തു പറയേണ്ട ഒന്നാണ്.

Project Facts

Location- Chevayoor, Calicut

Owner- Reji Thomas

Designer- Abdul Kareem

Abdul Kareem & Associates

Chalappuram, Calicut 

Ph: 0495- 4024411, 8089604621

Interior Budget- 8 Lakhs