തന്റെ വീട് പൂർവമാതൃകകളില്ലാത്ത ഒരു കലാശിൽപം ആകണം എന്നതായിരുന്നു ഡോക്ടർ രൺധീർ കൃഷ്ണന്റെ ആഗ്രഹം. അതിന്റെ ഫലമാണ് വയനാട് സുൽത്താൻബത്തേരിയിൽ സ്ഥിതിചെയ്യുന്ന ഈ ആഡംബര സൗധം. വിശാലമായ പ്ലോട്ടിന്റെ ആനുകൂല്യം മുതലെടുത്താണ് പുറംകാഴ്ച. വീടിനോടു കിടപിടിക്കുന്ന രീതിയിൽ വിശാലമായ ലാൻഡ്സ്കേപ്പും ഒരുക്കിയിരിക്കുന്നു. വീട്ടുകാർക്ക് വൈകുന്നേരങ്ങളിൽ ഒത്തുകൂടാൻ ഗസീബോയും ആവശ്യമെങ്കിൽ ചെറിയ പാർട്ടികൾ നടത്താനുള്ള ഗാതറിങ് സ്‌പേസും ലാൻഡ്സ്കേപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. 

ഡിസൈൻ പരീക്ഷണങ്ങളുടെ ഒരു ലാബ് തന്നെയാണ് വീടിന്റെ പുറംഭിത്തി. നാച്ചുറൽ ക്ലാഡിങ്, സി.എൻ.സി, ലൂവറുകൾ എന്നിവയെല്ലാം പുറംകാഴ്ചയെ സംഭവബഹുലമാക്കുന്നു. പലവിധ ശൈലികളുടെ സങ്കലനമാണ് അകവും പുറവും കാണാനാവുക. കൊളോണിയൽ ശൈലിയെ അനുസ്മരിപ്പിക്കുന്ന വിധം ചരിഞ്ഞ മേൽക്കൂരയിൽ ചാരനിറമുള്ള ഷിംഗിൾസ് വിരിച്ചു മനോഹരമാക്കി.  

കാഴ്ചകളുടെ തൃശൂർ പൂരമാണ് അകത്തളങ്ങളിൽ കാത്തിരിക്കുന്നത്. കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, അപ്പർ ലിവിങ്. ഹോം തിയറ്റർ, അഞ്ച് ബെഡ്റൂമുകൾ, രണ്ടു കിച്ചൻ, വർക്കേരിയ, രണ്ടു ബാൽക്കണികൾ, രണ്ട് കോർട്ട് യാർ‍ഡുകൾ, പൂജാ ഏരിയ, സ്വിമ്മിങ് പൂൾ എന്നിവയാണ് 10252 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്.

വീടിനകത്തെ താരമാണ് സ്വീകരണമുറിക്കു സമീപമുള്ള കോർട്ട്യാർഡ്. ഇൻഡോർ പ്ലാന്റുകളും വാട്ടർ ബോഡിയും ഇവിടം സജീവമാക്കുന്നു. നാച്ചുറൽ ക്ലാഡിങ്ങും ടെക്സ്ചർ ഫിനിഷും നൽകി ഭിത്തി വേർതിരിച്ചിട്ടുണ്ട്. 

ഫാമിലി ലിവിങ്ങിൽ നിന്നും പുറത്തേക്കിറങ്ങുമ്പോഴാണ് സ്വിമ്മിങ് പൂൾ ഒരുക്കിയത്. അകത്തളത്തിൽ ഒരു അലങ്കാര ഘടകമായി കൂടി ഗോവണി വർത്തിക്കുന്നു. കൈവരികളിൽ തടിയും ഗ്ലാസും ചേർത്തുനൽകി.

മറൈൻ പ്ലൈവുഡ്, മൈക്ക ഫിനിഷിലാണ് മോഡുലാർ കിച്ചണിലെ കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

സ്റ്റോറേജിനും ഉപയുക്തതയ്ക്കും പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. ഹെഡ്ബോർഡിൽ അപ്ഹോൾസ്റ്ററി നൽകിയിട്ടുണ്ട്. വോൾപേപ്പർ ചുവരുകൾ അലങ്കരിക്കുന്നു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, റീഡിങ് സ്‌പേസ് എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

വീട്ടുകാരുടെ ആവശ്യം പോലെതന്നെ പകരം വയ്ക്കാനില്ലാത്ത സൗകര്യങ്ങളും കാഴ്ചകളുമാണ് വീടിനുള്ളിൽ നിറയുന്നത്. വീട്ടിലെത്തുന്ന അതിഥികൾക്കും വീടിനെക്കുറിച്ചു പറയാൻ നല്ലതുമാത്രം. ചുരുക്കത്തിൽ ഓരോ നിമിഷവും ആഘോഷത്തിന്റെ അന്തരീക്ഷമാണ് വീടിനുള്ളിൽ നിറയുന്നത്.

Project Details 

Location: Sulthan Bathery, Wayanad 

Area: 10252 SqFt

Client: Dr. Randheer Krishnan 

Architect- Sreerag Paramel 

Creo Homes Kochi 

Mob- 9645999975

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT