മലപ്പുറം കൂട്ടിലങ്ങാടിയിൽ തന്റെ പ്രവാസസ്വപ്നമായ വീട് സഫലമാക്കിയതിന്റെ വിശേഷങ്ങൾ ഫൈസൽ പങ്കുവയ്ക്കുന്നു.

തറവാടിന് സമീപമുള്ള 20 സെന്റാണ് വീട് പണിയാൻ തിരഞ്ഞെടുത്തത്. ചെറിയ മലഞ്ചെരിവാണ്. ഉപ്പ പിസി ഹംസ കൂട്ടിലങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. അദ്ദേഹമാണ് മേൽനോട്ടം നിർവഹിച്ചത്. സുഹൃത്തുക്കളായ റിയാസിനെയും സജീറിനെയുമാണ് ( കോവോ ആർക്കിടെക്ചർ സ്റ്റുഡിയോ) വീടുപണി ഏൽപിച്ചത്. ഡിസൈൻ മുതൽ വീട്ടിലേക്കുള്ള സാധനങ്ങൾ തിരഞ്ഞെടുത്തു വാങ്ങിയത് വരെ അവരാണ്. അതുകൊണ്ട് ഞങ്ങൾക്ക് അധികം ടെൻഷൻ ഒന്നുമില്ലായിരുന്നു. എല്ലാം ഇരുവരും നോക്കിക്കണ്ടു ചെയ്തു. 

ബോക്സ് ആകൃതിയിലാണ് വീടിന്റെ പുറംകാഴ്ച. വൈറ്റ് പെയിന്റാണ് മുഴുവനും അടിച്ചത്. ഇടയ്ക്ക് വേർതിരിവിനായി ബ്രിക്ക് ക്ലാഡിങ്ങും നൽകി. പോർച്ച് മുന്നിലേക്ക് തള്ളിനിൽക്കുംവിധമാണ് ഡിസൈൻ. സിറ്റൗട്ടിനു സമീപം വള്ളിച്ചെടികൾ പടർന്നു കയറാൻ പാകത്തിന് എം എസ് കൊണ്ട് ഇൻഡസ്ട്രിയൽ വർക്ക് ചെയ്തിട്ടുണ്ട്. മുറ്റം ഗ്രാവൽ വിരിച്ചു. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2600 ചതുരശ്രയടിയിൽ ഒരുക്കിയത്. 

വീട്ടിലെ ഏറ്റവും ശ്രദ്ധേയമായ ഇടം സ്വീകരണമുറി തന്നെ. ഡബിൾ ഹൈറ്റിലാണ് ഇവിടെ സീലിങ്. ഒരു വശത്തെ ഭിത്തി മുഴുവൻ ജനാലകൾക്കായി മാറ്റിവച്ചു. 2.5X4.5m വലിപ്പമുള്ള യുപിവിസി ഗ്ലാസ് ജനലുകളാണ് ഒരുക്കിയത്. ഇതിലൂടെയെത്തുന്ന വെളിച്ചം വീടിനകം പ്രകാശമാനമാക്കുന്നു.

മൈൽഡ് സ്റ്റീൽ കൊണ്ട് നിർമിച്ച വെർട്ടിക്കൽ ഗാർഡനാണ് സ്വീകരണമുറിയിലെ മറ്റൊരാകർഷണം. എം എസ് കൊണ്ടുതന്നെയാണ് ഗോവണിയുടെ കൈവരികളും. ഗോവണിയുടെ താഴെയായി വാഷ് ഏരിയ ക്രമീകരിച്ചു. ഗോവണി കയറിച്ചെല്ലുമ്പോൾ ലിവിങും സ്റ്റഡി ഏരിയയും വേർതിരിച്ചു.

മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചത്. മെർബോ എന്ന പേരിൽ അറിയപ്പെടുന്ന വേങ്ങ മരത്തിന്റെ തടിയാണ് മിക്ക വാതിലുകൾക്കും, ജനലുകൾക്കും ഉപയോഗിച്ചത്. മിനിമൽ ശൈലിയിൽ ജിപ്സം ഫോൾസ് സീലിങ്ങും ചെയ്തിട്ടുണ്ട്.

സ്വീകരണമുറിയിലെ ടിവി വോൾ, ഡൈനിങ്ങിലെ ഒരു ഭിത്തി, ഒരു കിടപ്പുമുറിയുടെ ചുവർ എന്നിവ സിമന്റ് ടെക്സ്ചർ നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഇരൂൾ മരത്തിന്റെ തടി കൊണ്ടാണ് ആറുപേർക്കിരിക്കാവുന്ന ഊണുമേശ നിർമിച്ചത്.

പ്ലൈവുഡ്+ പിയു പെയിന്റ് ഫിനിഷിലാണ് അടുക്കളയുടെ കബോർഡുകൾ. സമീപം വർക്കേരിയ, സ്റ്റോർ റൂം എന്നിവയും ഒരുക്കി.

മുകളിലും താഴെയുമായി രണ്ടുവീതം കിടപ്പുമുറികൾ ഒരുക്കി. മുറികളുടെ ഹെഡ്ബോർഡിൽ വോൾപേപ്പർ ഒട്ടിച്ചു ഭംഗിയാക്കിയിട്ടുണ്ട്. മൂന്ന് മുറികൾക്കും അറ്റാച്ഡ് ബാത്റൂം നൽകി. ഒരു കോമൺ ബാത്റൂമും ഒരുക്കി. 

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 60 ലക്ഷം രൂപയാണ് വീടിനു ചെലവായത്. നിശ്‌ചയിച്ച ബജറ്റിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞു. പകൽ സമയത്ത് വീടിനുള്ളിൽ ലൈറ്റിടേണ്ട കാര്യമേയില്ല എന്നതാണ് ഹൈലൈറ്റ്. ജനാലകൾ തുറന്നിട്ടാൽ ഫാനും ഇടേണ്ട കാര്യമില്ല.

Project Facts

Location- Koottilangadi, Malappuram

Area- 2600 SFT

Plot- 20 cent

Owner- Faizal

Designers- Riyas, Sajeer

Covo Architecture Studio, Malappuram

99466 07464, 96560 09001

Completion year- 2019 Apr

Budget- 60 Lakhs

ചിത്രങ്ങൾ- അജീബ് കോമാച്ചി 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT