നാലു സഹോദരങ്ങൾ, 60 സെന്റ് പ്ലോട്ട്, അതിനുള്ളിൽ ഒരുപോലെ 4 വീടുകൾ. ഓരോ വീടുകൾക്കും 4000 ചതുരശ്രയടി വിസ്തീർണം. കണ്ണൂർ ജില്ലയിലെ താഴെപ്പൂക്കത്താണ് ഈ വിസ്മയനിർമിതികൾ സ്ഥിതി ചെയ്യുന്നത്. സഹോദരങ്ങളായ ഹമീദ്, മെഹ്‌റൂഫ്, നാസർ, ഫിറോസ് എന്നിവരുടെ വീടുകളാണിത്. മൂന്നു പേർ പ്രവാസികളാണ്. ഒരാൾ ബെംഗളൂരുവിൽ ബിസിനസ് ചെയ്യുന്നു. ഡിസൈനർ മുഹമ്മദ് ഷാഫിയാണ് (ആർക്കിടെക്ചർ സ്റ്റുഡിയോ) ഈ വീട് രൂപകൽപന ചെയ്തത്. 

നാൽവർ സംഘം സ്ഥലം മേടിച്ചു ഒരുമിച്ചു താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു കൗതുകത്തിനാണ് ഒരുപോലെയിരിക്കുന്ന വീടുകൾ എന്ന ആശയം പങ്കുവച്ചത്. ഡിസൈനർ അതിനെ ഒരുപടികൂടികടന്നു പ്രാവർത്തികമാക്കി. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, സ്റ്റെയർ, അപ്പർ ലിവിങ്, അഞ്ചു കിടപ്പുമുറികൾ, പാൻട്രി കിച്ചൻ, വർക്കിങ് കിച്ചൻ എന്നിവയാണ് ഓരോ വീടുകളിലും ഒരുക്കിയിരിക്കുന്നത്. സൗകര്യങ്ങൾ സമാനമാണെങ്കിലും 4 വീടുകളുടെയും അകത്തളങ്ങൾ വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്. 

പ്ലോട്ടിന്റെ ഗുണഗണങ്ങൾ വീടുകളുടെ രൂപകൽപനയിൽ ബോണസായി. ഇരുവശത്തും കൂടെയും റോഡ് കടന്നുപോകുന്ന, നല്ല നീളമുള്ള, പിന്നിലേക്ക് വീതി കുറഞ്ഞ പ്ലോട്ടായിരുന്നു. ഈ ആനുകൂല്യം മുതലെടുത്ത് പുറംകാഴ്ച നന്നായി ലഭിക്കുംവിധമാണ് നാലു വീടുകളും രൂപകൽപന ചെയ്തത്. ഈജിപ്ഷ്യൻ പിരമിഡുകളെ അനുസ്മരിപ്പിക്കുന്ന പില്ലർ വർക്കുകൾ പുറംഭിത്തികളിലും മേൽക്കൂരയിലും കാണാം. ഗോൾഡൻ പെയിന്റ്, പുറംഭിത്തികളിലെ ഗ്രൂവുകൾ, ടെക്സ്ചർ, ക്ലാഡിങ് എന്നിവയെല്ലാം പുറംകാഴ്ച പ്രൗഢമാക്കുന്നു.

നാലു വീടുകളുടെയും ഗസ്റ്റ് ലിവിങ് ഡബിൾ ഹൈറ്റിലാണ്. ഇത് കയറിച്ചെല്ലുമ്പോൾ തന്നെ വിശാലത തോന്നിക്കാൻ സഹായിക്കുന്നു. പ്ലാസ്റ്ററിങ്, ടെക്സ്ചർ, മാർബിൾ വർക്കുകൾ ചുവരുകൾ അലങ്കരിക്കുന്നു. ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് നിലത്ത് നിറയുന്നത്. കുറച്ചു ഫർണിച്ചറുകൾ, പാനലിങ് എന്നിവയിൽ തേക്കിന്റെ പ്രൗഢി കാണാം. തടിയിൽ സിഎൻസി കട്ടിങ് നൽകിയ ജാളി ഡിസൈനുകൾ അകത്തളത്തിൽ ഭംഗി നിറയ്ക്കുന്നു. ഗോവണിയും കൈവരികളും തേക്കിൽ കടഞ്ഞെടുത്തവയാണ്.

ആർട്ടിഫിഷ്യൽ ലൈറ്റിങ്ങിനു നൽകിയ പ്രാധാന്യമാണ് മറ്റൊന്ന്. വീട്ടുകാരുടെ ഇഷ്ടമനുസരിച്ച് മൂഡ് ലൈറ്റിങ് ക്രമീകരിക്കാം. സോഫ, ഡൈനിങ് ടേബിൾ, ഷാൻലിയറുകൾ, എൽഇഡി ലൈറ്റുകൾ എന്നിവയെല്ലാം വിദേശത്തുനിന്നു ഇറക്കുമതി ചെയ്തവയാണ്.

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ വിശാലമാണ് ഊണുമേശ.

അഞ്ചു കിടപ്പുമുറികളും വ്യത്യസ്ത തീമിലാണ് ഒരുക്കിയത്. ഹെഡ്ബോർഡിൽ വ്യത്യസ്ത നിറമുള്ള പാനലിങ് നൽകി. വിശാലമാണ് കിടപ്പുമുറികൾ. ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സ്റ്റഡി സ്‌പേസ് എന്നിവയെല്ലാം കിടപ്പുമുറികളിൽ ഒരുക്കിയിരിക്കുന്നു. 

ഗ്ലോസി ലാമിനേറ്റ് ഫിനിഷിലാണ് അടുക്കള. ഫ്രിജ്, അവ്ൻ തുടങ്ങിയവയെല്ലാം ഇൻബിൽറ്റായി നൽകി. ഫർണിഷിങ് സാമഗ്രികൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തവയാണ്.

മുന്നിലും പിന്നിലും രണ്ടു ഗെയ്റ്റുകളുണ്ട്. നാച്ചുറൽ സ്റ്റോൺ വിരിച്ചു മുറ്റം ഉറപ്പിച്ചു. വീടുകൾ തമ്മിൽ മതിലുകൾ നൽകി വേർതിരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. രണ്ടു കിണറുകളാണ് നാലുവീടുകളുടെയും ദാഹം തീർക്കുന്നത്. ഇനി ഏറ്റവും കൗതുകകരം നാലു വീടുകളുടെയും ആകാശദൃശ്യമാണ്. ഒരു മാലയിൽ നിന്നും ഉതിർന്നുവീണ നാലു മുത്തുമണികൾ പോലെയിരിക്കും ആകാശക്കാഴ്ചയിൽ നാലുവീടുകളും.

ഒരേസമയം ഒരുപോലെയിരിക്കുന്ന നാലുവീടുകളുടെ നിർമാണം വെല്ലുവിളിയായിരുന്നു എന്ന് ഷാഫി പറയുന്നു. പ്ലാനിലും മേൽനോട്ടത്തിലും ചെലുത്തിയ സൂക്ഷ്മതയാണ് ഒരുപോലെ വീടുകൾ നിർമിക്കാൻ കഴിഞ്ഞതിനുപിന്നിൽ. ഏകദേശം രണ്ടു വർഷം കൊണ്ടാണ് വീടുകളുടെ പണി പൂർത്തിയായത്. ഇപ്പോൾ താഴെപ്പൂക്കത്തെ ലാൻഡ്മാർക്കായി മാറിയിരിക്കുകയാണ് ഈ നാൽവർ വീടുകൾ. സമീപജില്ലകളിൽനിന്നുപോലും ആളുകൾ വീടുകൾ കാണാൻ എത്തുന്നു. ആഴ്ചയിൽ ചുരുങ്ങിയത് മൂന്നു കുടുംബങ്ങൾ എങ്കിലും വീട്ടിലെത്താറുണ്ട് എന്ന് ഗൃഹനാഥന്മാരും പറയുന്നു.

ചിത്രങ്ങൾ- അജീബ് കോമാച്ചി

Project Facts

Location- Thazhepookom, Kannur

Plot- 60 cents

Area of each house- 4000 SFT

Owners- Hameed, Mehroof, Nazar, Firoz

Designer- Muhammed Shafi 

Arkitecture studio

Mob- 9809059550

Completion year- 2018 Dec