ഭൂമിക്ക് ഭാരമാകാതെ പ്രകൃതിയിൽ ലയിച്ചു ചേരുന്ന ഒരു വീട്. ഇതായിരുന്നു ഡോക്ടർ ദമ്പതികളായ സൂർദാസിന്റെയും മിനുവിന്റെയും ആഗ്രഹം. അതിനായി അവർ സമീപിച്ചത് പ്രകൃതിസൗഹൃദ വീടുകളുടെ പ്രചാരകനായ പി കെ ശ്രീനിവാസനെയായിരുന്നു (വാസ്തുകം, തൃശൂർ). ഇരുവരും സങ്കൽപിച്ചതിലും വേഗത്തിൽ തൃശൂർ ജില്ലയിലെ ഒല്ലൂരിൽ മൺവീട് ഉയർന്നു.

വീടിന്റെ അടിത്തറ കെട്ടിയത് കരിങ്കല്ല് കൊണ്ടാണ്. പശിമയുള്ള മണ്ണും കുമ്മായവും കൂട്ടിക്കലർത്തി ഇടിച്ചുറപ്പിക്കുന്ന റാംഡ് എർത്ത് ശൈലിയിലാണ് ചുവരുകൾ നിർമിച്ചത്. മേൽക്കൂര ഫില്ലർ സ്ളാബ് ശൈലിയിലാണ് നിർമിച്ചത്. സ്ലോപ് റൂഫിന് മുകളിൽ പഴയ ഓടുകൾ പുനരുപയോഗിച്ചിരിക്കുന്നു.

ഒറ്റനോട്ടത്തിൽ ഒരുനില വീടാണെന്നേ തോന്നൂ. പക്ഷേ മെസനൈൻ (ഇടത്തട്ട്) ശൈലിയുടെ ആനുകൂല്യം മുതലാക്കി മുകളിൽ ഒരുനിലയുടെ സൗകര്യങ്ങൾ കൂടി ഒരുക്കിയിരിക്കുന്നു. ലിവിങ്, ഡൈനിങ് ഹാൾ, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1697 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. 

അങ്ങേയറ്റം ലളിതസുന്ദരമാണ് അകത്തളങ്ങൾ. ഒതുക്കമുള്ള ഫർണീച്ചറുകളാണ് അകത്തളങ്ങളിൽ ഉപയോഗിച്ചത്. പെയിന്റിന് പകരം മഡ് പ്ലാസ്റ്ററിങ്ങാണ് ഭിത്തിയിൽ നൽകിയത്. മണ്ണിന്റെ ഗന്ധം, തണുപ്പ് അതാണ് വീടിന്റെ ഓരോ കോണിലും നിറയുന്നത്. വീടിനകത്തെ താപനില കുറച്ചുനിർത്തുന്നതും മൺചുവരുകൾ തന്നെയാണ്. ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.

തറയിൽ മഞ്ഞ, ചുവപ്പ് ഷെയ്ഡുകളുള്ള ഓക്സൈഡ് വിരിച്ചു. സ്ഥലഉപയുക്തതയാണ് മറ്റൊരു സവിശേഷത. ജിഐ ഇൻഡസ്ട്രിയൽ വർക്ക് ചെയ്താണ് ഗോവണി ഒരുക്കിയത്. പല തട്ടുകളായാണ് ഗോവണിയുടെ ഡിസൈൻ. താഴേത്തട്ടിൽ വുഡൻ ഫ്ളോറിങ് നൽകി വേർതിരിച്ചിട്ടുണ്ട്. ഗോവണിയുടെ ആദ്യ ലാൻഡിങ് സ്റ്റഡി ഏരിയയാക്കി മാറ്റി.

മൂന്നു കിടപ്പുമുറിയിലും അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകി. അടുക്കളയിൽ സ്റ്റോറേജ് സൗകര്യങ്ങൾ നൽകിയിരിക്കുന്നു.

ഏത് കാലാവസ്ഥയിലും വീടിനുള്ളിൽ സുഖകരമായ തണുപ്പ് നിലനിൽക്കുന്നു. പേരിനു എസിയും ഫാനും നൽകിയിട്ടുണ്ട് എന്നല്ലാതെ ഉപയോഗിക്കേണ്ട ആവശ്യം വരാറില്ല എന്ന് വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. മിക്ക മലയാളികളും വീടുപണിതുകഴിഞ്ഞാൽ ഉടനെ മുറ്റം ഇന്റർലോക്ക് ചെയ്യുന്നതിൽ വ്യഗ്രതപ്പെടുന്നവരാണ്. എന്നാൽ ഇവിടെ മുറ്റം അതിന്റെ സ്വാഭാവികത്തനിമയിൽ നിലനിർത്തിയിരിക്കുന്നു. മാവും പ്ലാവും അടക്കമുള്ള ഫലവൃക്ഷങ്ങൾ വീടിനു തണൽ തീർക്കുന്നു. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 46 ലക്ഷം രൂപയാണ് വീടിനു ചെലവായത്.

Project Facts

Location- Ollur, Thrissur

Area- 1697 SFT

Owners- Dr.Soordas, Dr.Minu

Designer- PK Sreenivasan 

Vasthukam, Thrissur

Ph: 0487-2382490

email- mail@vasthukamarchitects.com