വ്യത്യസ്ത ആവശ്യങ്ങളും ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും ആണ് ഓരോ വീടും വീട്ടുകാർക്ക് പ്രിയപ്പെട്ടതാക്കുന്നത്. 3500 സ്ക്വയർഫീറ്റിൽ പള്ളുരുത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ വീട് അബ്ദുൾ റഹ്മാന്റേയും കുടുംബത്തിന്റേയുമാണ്. ഒറ്റനോട്ടത്തിൽ തന്നെ കണ്ണിലുടക്കും കന്റംപ്രറി, കൊളോണിയൽ ഫ്യൂഷൻ ശൈലിയിൽ ഒരുക്കിയ ഈ വീട്.  ചുറ്റിലും പച്ചപ്പ് നിറച്ച് തലയെടുപ്പോടെ നിൽക്കുന്ന മരങ്ങൾ. ആ പച്ചപ്പിനെ ആവാഹിച്ചു കൊണ്ട് മുകൾ നിലയിലെ ബാൽക്കണിയിലും പച്ചപ്പിന്റെ സാന്നിധ്യം നൽകിയത് കാണാം. 

കൊളോണിയം കന്റംപ്രറി ശൈലിയുടെ പൂരകങ്ങൾ എലിവേഷനിൽ കാണാം. എലിവേഷന്റെ ഭംഗിക്ക് മാറ്റ് കൂട്ടുന്ന മറ്റൊരു ഘടകമാണ് കോമ്പൗണ്ട് വാൾ. പ്രധാന ഗേറ്റ് കൂടാതെ വിക്കറ്റ് ഗേറ്റു കൂടി ഇവിടെ നൽകിയിരിക്കുന്നത് കാണാം. സ്ലോപ് റൂഫിങ് രീതിയും മോഡേൺ പർഗോളയും, ടഫന്റ് ഗ്ലാസും, ക്ലാഡിങ് വർക്കുകളും എല്ലാം എലിവേഷനെ നയനമനോഹരമാക്കുന്നു. കാറ്റിന്റെയും വെളിച്ചത്തിന്റേയും ദിശാ ക്രമീകരണം കൃത്യമായി പാലിച്ചു കൊണ്ടാണ് ഉൾത്തളങ്ങളെ വിന്യസിച്ചിട്ടുള്ളത്. 

അകത്തളങ്ങളിൽ നൽകിയിട്ടുള്ള ഡിസൈൻ എലമെന്റുകളും രീതികളും, നയങ്ങളും എല്ലാം പരസ്പരം ചേർന്നു പോകുന്നു. പൂമുഖത്തെ ‘L’ ഷേയ്പ്പ് വരാന്ത തുറക്കുന്നത് ഫോയറിലേ ക്കാണ്. ഫോയർ സ്പേസിൽ നിന്നും വീടിന്റെ സെൻട്രൽ സ്പേസിലേക്ക് എത്തിച്ചേരുന്നു. അകത്തളത്തിലെത്തിയാൽ ആദ്യം തന്നെ കണ്ണിലുടക്കുക സ്റ്റെയർ ഏരിയയോടു ചേർന്നുള്ള ഇന്റേർണൽ കോർട്‍യാർഡാണ്. ഈ കോർട്ട്‍യാർഡാണ് അകത്തളത്തിന്റെ ഫോക്കൽ പോയിന്റ്.

ലിവിങ്ങിൽ നിന്നും ഡൈനിങ്ങിൽ നിന്നും മനോഹരമായ കോർട്ട്‍യാർഡിന്റെ കാഴ്ച ഭംഗി ആസ്വദിക്കാം. സ്ത്രീകൾക്ക് ഈ കോർട്ട്‍യാർഡിനുള്ളിൽ ഇരിക്കുന്നതിനായി ഇരിപ്പിട സൗകര്യവും കൊടുത്തു. 

തുറന്നതും വിശാലവുമായ സ്പേസുകളാണ് ഉൾത്തളങ്ങളെങ്കിലും സ്വകാര്യത ഉറപ്പാക്കുന്നതിനായി പാർട്ടീഷനുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പാർട്ടീഷനു വേണ്ടി നൽകിയ സിഎൻസി പാറ്റേൺ ഡിസൈൻ എലമെന്റായി വർത്തിക്കുന്നു. ഇതിന്റെ തുടർച്ച സീലിങ്ങിലും നൽകി. ലൈറ്റ് ഫിറ്റിങ്ങുകളുടെ മനോഹാരിതയിൽ സീലിങ്ങിന്റെ ഭംഗി ഇരട്ടിയാകുന്നു. 

‘L’ ഷേയ്പ്പ് ലിവിങ് സോഫയാണ് ലിവിങ് റൂമിന് പഴമയുടെ തനിമ നൽകുന്ന ഒരു ആം ചെയറും ഇവിടെ നൽകിയിട്ടുണ്ട്. തടിയുടെ പാനലിങ് നൽകി ഹൈലൈറ്റ് ചെയ്താണ് ടി.വി. യുടെ യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്.

നീളൻ സ്പേസിലാണ് ഡൈനിങ്. 8 പേർക്ക് ഇരിക്കാവുന്ന ഡൈനിങ് ടേബിളാണ് ഇവിടെ ഇട്ടിരിക്കുന്നത്. പുറത്തെ കാഴ്ചകൾ ആസ്വാദ്യമാകും വിധം നീളൻ ജനാലകളും കൊടുത്തിരിക്കുന്നു. ക്രോക്കറി ഷെൽഫും, സീലിങ് പാറ്റേണും, വാൾപേപ്പറും എല്ലാം ഡൈനിങ്ങിന്റെ ചന്തം കൂട്ടുന്നു. 

മൂന്ന് കിടപ്പ് മുറികളാണ് ഇവിടെ. മൂന്ന് മുറികളിലും നിറങ്ങളുടെ സാന്നിദ്ധ്യം നൽകി. ഹെഡ് റെസ്റ്റും, സീലിങ് പാറ്റേണുമാണ് കിടപ്പു മുറികളുടെ പ്രത്യേകത. ഗ്രീൻ ഫീൽ തോന്നും വിധമാണ് എല്ലാം ക്രമീകരണങ്ങളും. മകന്റെ മുറിയിൽ സ്റ്റഡി ടേബിളും കോർണർ ഷെൽഫിനും സ്ഥാനം നൽകി. 

തുറന്ന നയത്തിലാണ് കിച്ചൻ. വുഡൻ ഫ്ലോറിങ്ങാണിവിടെ. ബാക്ക് സ്പെയ്സിന് ഗ്രീൻ ആന്‍‍ഡ് ഗോൾഡ് ഗ്ലാസ് മൊസൈ ക്കാണ്. ബ്രേക്ക് ഫാസ്റ്റ് ടേബിളിനും അടുക്കളയിൽ സ്ഥാനം നൽകിഷോ കിച്ചൻ കൂടാതെ വർക്കിംഗ് കിച്ചനും ഇവിടെ ഉണ്ട്.

നിറക്കൂട്ടുകളോ, അലങ്കാരങ്ങൾക്കായുള്ള കൂട്ടിയിണക്കലുകളോ ഒന്നും നൽകാതെയുള്ള ഡിസൈൻ രീതി. വീട്ടുകാരുടെ മനസ്സറിഞ്ഞ ആവിഷ്കാരങ്ങൾ. ഇതെല്ലാമാണ് ഈ വീട്ടിൽ ചെയ്തതെന്ന് ഡിസൈനേഴ്സ് പറയുന്നു. 

എന്റേയും എന്റെ കുടുംബത്തിന്റെയും ആവശ്യങ്ങളും അതിലുപരി വിശ്വാസങ്ങളും മുന്‍നിർത്തിയാണ് ഓരോ ഇടവും  ഒരുക്കിയത്. അതു കൊണ്ടു തന്നെ പൂർണ്ണതയുള്ള നിർമ്മിതി എന്ന് നിസ്സംശയം പറയാം. വീട്ടുടമസ്ഥൻ അബ്ദുൾ റഹ്മാൻ പറയുന്നു.

Project facts

സ്ഥലം : പള്ളുരുത്തി, എറണാകുളം

പ്ലോട്ട് : 10 സെന്റ്

വിസ്തീർണം : 3500 sqft

ക്ലൈന്റ് : അബ്ദുൾ റഹ്മാൻ

‍ഡിസൈൻ: സേവ്യർ ആലുങ്കൽ & കരോലിൻ സേവ്യർ

ആക്ടീവ് ഡിസൈൻസ് പ്രൈ. ലിമിറ്റഡ്, കൊച്ചി

ഫോൺ : 9447035933

പണി പൂർത്തീകരിച്ച വർഷം : 2018