കയ്യിൽ കുറച്ചു പുത്തൻപണം വന്നാൽ അതിൽ ഭൂരിഭാഗവും ആഡംബര വീടിനായി ചെലവഴിക്കുന്ന മലയാളികൾ കാണേണ്ട ഒരു കാഴ്ചയാണ് ലോക കോടീശ്വരന്മാരുടെ പട്ടികയിൽ മുൻനിരയിലുള്ള വാറൻ ബഫറ്റിന്റെ ജീവിതം.


 2008 ലെ ലോകകോടീശ്വര പട്ടികയിലെ ഒന്നാമന്‍, 2011,2012 വര്‍ഷങ്ങളില്‍ അതിസമ്പന്നരില്‍ മൂന്നാമന്‍, ലോകത്തെ സ്വാധീനിച്ച വ്യക്തികളില്‍ പ്രബലന്‍ എന്ന് തുടങ്ങി വാറന്‍ ബഫറ്റിന്റെ വിശേഷണങ്ങള്‍ ഏറെയാണ്. ഓഹരിവിപണിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന മാന്ത്രികന്‍ എന്നാണു പലരും ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഇന്ന് ഈ 86കാരന്റെ പക്കലുളള സ്വത്തിന്റെ മൂല്യം 787.7 ബില്ല്യന്‍ യു.എസ് ഡോളര്‍ വരും എന്നാണ് കണക്കുകള്‍.

എന്നാല്‍ അമേരിക്കയിലെ ഒമാഹ നഗരമധ്യത്തിലെ ഒരു സാദാ രണ്ടുനില വീട്ടിലാണ് ഇദ്ദേഹം കഴിയുന്നതെന്ന് പറഞ്ഞാല്‍ പലര്‍ക്കും വിശ്വാസം വരില്ല. ആർഭാടങ്ങളോടു താല്‍പര്യമില്ലാതെ, ബ്രാന്‍ഡുകള്‍ക്ക് വിധേയനാകാതെ തികച്ചും സാധാരണ ജീവിതം. 

1958 ല്‍ 31,500 ഡോളറിനാണ് വാറന്‍ ബഫറ്റ് നെബ്രാസ്കയിലുള്ള ഈ  ഭവനം സ്വന്തമാക്കുന്നത്. ഇന്ന് ഈ വീടിന്റെ മൂല്യം ഏകദേശം 6.5 ലക്ഷം  ഡോളര്‍ വരും. താന്‍ നടത്തിയ നിക്ഷേപങ്ങളിൽ 'മൂന്നാമത്തെ ഏറ്റവും മികച്ച പ്ലാന്‍' എന്നാണ് അദ്ദേഹം ഈ വീടിനെ കുറിച്ചു എപ്പോഴും  വിശേഷിപ്പിക്കുന്നത്. 

ശതകോടീശ്വരൻ ആയിട്ടുപോലും  ഒരിക്കലും വാറന്‍ ഈ വീട്ടില്‍ നിന്നും ഒരിക്കലും മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. അതെക്കുറിച്ച് ആരു ചോദിച്ചാലും അദേഹത്തിന് ഒരു ഉത്തരമേയുള്ളൂ..'ഈ വീട്ടില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്, അതുകൊണ്ട് ഒരിക്കലും ഒരു വീടുമാറ്റം തന്റെ മനസ്സിലില്ല.'

6,570 ചതുരശ്രയടിയാണ് ഈ രണ്ടുനില വീട്. അഞ്ചു ബെഡ്റൂമുകളും മൂന്നു ബാത്റൂമുകളും ഇതിലുണ്ട്. കാണുമ്പോള്‍ തന്നെ കുളിര്‍മ തോന്നുന്ന  ശാന്തസുന്ദരമായ പ്രദേശത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. പുറത്തെ മനോഹരമായ പൂന്തോട്ടത്തിന്റെ കാഴ്ചകളിലേക്കു തുറക്കുന്ന വലിയ ഗ്ലാസ്‌ ബാല്‍ക്കണിയാണ് വീടിന്റെ ഒരു പ്രധാന ആകര്‍ഷണം. പുറമെ കാണുമ്പോള്‍ വളരെ തുറസ്സായ ഇടമെന്നു തോന്നുമെങ്കിലും വീടിനെ ചുറ്റിപറ്റി സദാ സെക്യൂരിറ്റികളും ക്യാമറകളുമുണ്ട്. വീടിന്റെ അകത്തളങ്ങള്‍ പലവട്ടം വാറന്‍ മോടിപിടിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സുരക്ഷാകാരണങ്ങള്‍ മൂലം ഇപ്പോഴത്തെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടില്ല.