ഗൾഫ് രാജ്യങ്ങളിലെ അംബരചുംബികളുടെ മത്സരം തുടങ്ങുന്നതിനും വർഷങ്ങൾക്ക് മുന്നേ, 1930 കളിൽ അമേരിക്കയിൽ തലപ്പൊക്കത്തിനുവേണ്ടിയുള്ള ആകാശയുദ്ധം തുടങ്ങി വച്ചത് മൂന്നു കെട്ടിടങ്ങളായിരുന്നു. 40 വോൾ സ്ട്രീറ്റ് ബിൽഡിങ്, എംപയർ സ്ട്രീറ്റ് ബിൽഡിങ് പിന്നെ ക്രിസ്‌ലർ ബിൽഡിങ്ങും. അമേരിക്കയുടെ റിയൽ എസ്റ്റേറ്റ് മേഖലയെ ചൂടുപിടിപ്പിച്ച കെട്ടിടങ്ങൾ. ഇവയിൽ ഏതിലെങ്കിലും ഒരു മുറിയോ, ഓഫീസോ എടുക്കുക എന്നത് അക്കാലത്തെ പണക്കാരുടെ അഭിമാനപ്രശ്നമായിരുന്നു.

ഒരുപക്ഷേ ഏറ്റവും കുറച്ചുകാലം ഉയരത്തിൽ മുമ്പനായി ഇരുന്നതിന്റെ റെക്കോർഡ് ക്രിസ്‌ലർ ബിൽഡിങ്ങിനായിരിക്കും. അമേരിക്കയിലെ മുൻനിര ഓട്ടമൊബീൽ നിർമാണകമ്പനി ആയിരുന്ന ക്രിസ്‌ലറിന്റെ തലസ്ഥാനമായിരുന്നു ഈ കെട്ടിടം. 1931ൽ എംപയർ സ്ട്രീറ്റ് ബിൽഡിങ് മറികടക്കുംവരെ കൃത്യം 11 മാസം മാത്രമാണ് ക്രിസ്‌ലറിന് ആ പദവിയിൽ തുടരാൻ കഴിഞ്ഞത്. 77 നിലകളിലായി 1,046 അടിയായിരുന്നു ഉയരം. ഉയരത്തിൽ പിന്നിലായിപ്പോയെങ്കിലും പൂർണമായും കട്ടകൾ കൊണ്ട് കെട്ടിപ്പൊക്കി സ്റ്റീൽ ഫ്രെയിംവർക്കിൽ നിർമിച്ച ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന റെക്കോർഡ് ഇപ്പോഴും തകർക്കപ്പെട്ടിട്ടില്ല.

ദശാബ്ദങ്ങൾക്കുശേഷം ഈ കെട്ടിടം വിൽപനയ്ക്ക് വച്ചതോടെയാണ് വീണ്ടും വാർത്തകളിൽ നിറഞ്ഞത്. 2008 ൽ 800 മില്യൺ ഡോളറിനാണ് അബുദാബിയിലെ ഒരു നിക്ഷേപക സ്ഥാപനം കെട്ടിടത്തിന്റെ 90 % ഓഹരികളും വാങ്ങിയത്. പക്ഷേ ആഗോള സാമ്പത്തിക മാന്ദ്യം അലയടിച്ചതോടെ കെട്ടിടത്തിന്റെ മൂല്യം ഇടിഞ്ഞുതകർന്നു. ഗത്യന്തരമില്ലാതെ കഴിഞ്ഞ വർഷം കെട്ടിടം വീണ്ടും വിൽപനയ്ക്ക് വച്ചു. വെറും 150 മില്യൺ ഡോളറിനാണ് ഇപ്പോൾ കെട്ടിടം വിറ്റുപോയിരിക്കുന്നത് എന്നാണ് വാർത്തകൾ. അമേരിക്കയുടെ റിയൽ എസ്റ്റേറ്റ് ചരിത്രത്തിലെ ഏറ്റവും ഭീമമായ നഷ്ടക്കച്ചവടങ്ങളിൽ ഒന്നായി ഇത് രേഖപ്പെടുത്തുമത്രെ. കാലം മാറുമ്പോൾ മനുഷ്യരുടേതുപോലെ കെട്ടിടങ്ങളുടെയും തലവര മാറിമറിയും എന്ന് ഗതകാല പ്രൗഢിയോടെ തലകുനിച്ചു നിന്ന് ഈ കെട്ടിടം ഓർക്കുന്നുണ്ടാകാം.