സ്കോട്‌ലൻഡ് യാർഡ്-വാർത്തകളിലും സിനിമകളിലും നോവലുകളിലൂടെയുമൊക്കെ പ്രേക്ഷകമനസ്സുകളിൽ നായകപദവി അലങ്കരിച്ച കെട്ടിടം.  ലണ്ടൻ നഗരത്തിന്റെ ചരിത്രത്തിൽ പൊൻതൂവലായി വിരാജിക്കുന്ന കെട്ടിടമാണ് ഇത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന സർ. റോബര്‍ട്ട് പീലാണ് ലണ്ടന്‍ മെട്രോപൊളിറ്റൻ പൊലീസിന്റെ ആസ്ഥാനമായി ഈ കെട്ടിടത്തെ മാറ്റിയത്. 

2015 ൽ 1000 കോടി രൂപയ്ക്ക്  മലയാളി വ്യവസായി എം എ യൂസഫലി ഈ കെട്ടിടം മേടിച്ചത് വാർത്തയായിരുന്നു. നാലു വർഷത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുശേഷം കെട്ടിടം വീണ്ടും വാർത്തകളിൽ നിറയുകയാണ്. 685 കോടി രൂപ മുതൽമുടക്കി കെട്ടിടം ഒരു പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റിയിരിക്കുകയാണ് യൂസഫലി. കെട്ടിടത്തിന്റെ പൈതൃക തനിമ നിലനിർത്തിക്കൊണ്ടായിരുന്നു പുനരുദ്ധാരണം എന്നത് ശ്രദ്ധേയമാണ്. ഹയാത് ഗ്രൂപ്പിനാണ് ഹോട്ടലിന്റെ നടത്തിപ്പുചുമതല.

ലണ്ടൻ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ 153 മുറികളുണ്ട്. ഇവിടെനിന്നും ബക്കിങ്ഹാം കൊട്ടാരം, വെസ്റ്റ് മിനിസ്റ്റർ ആബി പള്ളി തുടങ്ങിയവയുടെ ദൃശ്യങ്ങൾ ആസ്വദിക്കാം. ഒരു രാത്രി ചെലവഴിക്കാൻ വേണ്ടി വരുന്ന തുക കേട്ടാൽ ആരുമൊന്നും ഞെട്ടും. 10000 യൂറോ (ഏകദേശം 8 ലക്ഷം രൂപ).

ഒരു കല്ലുപോലും അനാവശ്യമായി എടുത്തുമാറ്റാതെയാണ് കെട്ടിടം പുനരുദ്ധരിച്ചത്. ചരിത്ര നിർമിതികൾ സംരക്ഷിക്കാനുള്ള ബ്രിട്ടന്റെ താൽപര്യം മാതൃകാപരമാണ്. താൻ ഏറ്റെടുത്ത ഏറ്റവും അഭിമാനകരമായ ഒരു സംരംഭമാണ് ഇതെന്നും എം എ യൂസഫലി പറയുന്നു.