കലിഫോർണിയയിലാണ് (കു)പ്രസിദ്ധമായ നെവർലാൻഡ് റാഞ്ച് എന്ന എസ്റ്റേറ്റ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. പോപ്പ് ചക്രവർത്തി മൈക്കിൾ ജാക്സന്റെ വീട് എന്ന പേരിലാണ് ഈ ബംഗ്ലാവ് ഏറെക്കാലം അറിയപ്പെട്ടത്. 1987-ൽ 20 മില്യൺ ഡോളറിനാണ് 12000 ചതുരശ്രയടിയുള്ള ബംഗ്ലാവും വസ്തുവും ജാക്സൺ സ്വന്തമാക്കിയത്. പിന്നീട് 15 കൊല്ലം അദ്ദേഹം താമസിച്ചത് 2700 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ ബംഗ്ലാവിലായിരുന്നു. ഇവിടെ താമസിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ കരിയറിലെ ഹിറ്റുകൾ അനവധിയും പിറന്നത്.  

1982 -ലാണ് ബംഗ്ലാവ് നിർമിച്ചത്. കൊളോണിയൽ ശൈലിയുടെ പ്രൗഢി നിറയുന്ന പുറംകാഴ്ചയും അകത്തളങ്ങളുമാണ് ബംഗ്ലാവിന്റെ സവിശേഷത.  നമ്മുടെ രാഷ്‌ട്രപതി ഭവന് സമാനമായ നിർമിതിയും സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രകൃതിയുമായി ഇഴുകിച്ചേർന്നുകിടക്കുകയാണ് പ്രോപ്പർട്ടി. വിശാലമായി പരന്നുകിടക്കുന്ന ഉദ്യാനങ്ങളാണ് സവിശേഷത. നാലേക്കറിൽ ഒരു കൃത്രിമ തടാകവും ഒരുക്കിയിട്ടുണ്ട്. ആറു കിടപ്പുമുറികളുണ്ട് ബംഗ്ലാവിൽ. സമീപം വിനോദങ്ങൾക്കായി പൂൾ ഹൗസും വേർതിരിച്ചിരിക്കുന്നു. മൂന്ന് അതിഥി മന്ദിരങ്ങൾ പലയിടത്തായി നിർമിച്ചിരിക്കുന്നു. ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകളും വഴിവിളക്കുകളും കാണാം.  

2005 ൽ 100 മില്യൺ ഡോളറിനാണ് ബംഗ്ലാവ് വിൽപനയ്ക്ക് വച്ചിരുന്നത്. വാങ്ങാൻ ആളില്ലാതായതോടെ പല തവണ വില കുറച്ചിരുന്നു. ഇതിനിടെ 2009 ലായിരുന്നു ജാക്സന്റെ ദുരൂഹ മരണം. അതോടെ ബംഗ്ലാവിനു കൂടുതൽ മാധ്യമശ്രദ്ധ ലാഭിച്ചു. വിപണിമൂല്യം ഉയർന്നു. ഇതിനു തടയിടാൻ എന്നോണം മൈക്കിൾ ജാക്സന്റെ 'പ്രേതം' ഇവിടെ ഗതി കിട്ടാതെ അലഞ്ഞുതിരിയുന്നു എന്ന പേരിൽ നിരവധി വ്യാജ വിഡിയോകൾ ബംഗ്ലാവ് വിൽപനയ്ക്ക് വച്ച സമയത്ത് പ്രചരിച്ചിരുന്നു. അതിനെത്തുടർന്ന് താൽപര്യം പ്രകടിപ്പിച്ച പലരും പിന്മാറി. ഒടുവിൽ 2017ൽ 67 മില്യൺ ഡോളറായി വില വെട്ടിച്ചുരുക്കി. 31 മില്യൺ ഡോളറാണ് പുതുക്കിയ വില. യഥാർഥ മൂല്യത്തിന്റെ മൂന്നിലൊന്നു പോലുമില്ല ഈ തുക എന്നതാണ് വസ്തുത. 

എന്നാൽ വിലകുറച്ചു പ്രോപ്പർട്ടി സ്വന്തമാക്കാനുള്ള ചില ലോബികളുടെ തന്ത്രമാണ് ഈ കുപ്രചാരണങ്ങൾക്ക് പിന്നിലെന്ന് ബംഗ്ലാവ് മേൽനോട്ടം നടത്തുന്ന വൃത്തങ്ങൾ ആരോപിക്കുന്നു. എന്തായാലും ഇതോടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് നെവർലാൻഡ് പ്രോപ്പർട്ടി.