പോളിഷ് ചെയ്തു മനോഹരമാക്കിയ താഴത്തങ്ങാടി മുസ്‍ലിം ജുമാ മസ്ജിദിനുൾവശത്ത് മിനുക്കുപണികൾ പൂർത്തിയാക്കുന്നു.

താഴത്തങ്ങാടി ജുമാ മസ്ജിദ് എപ്പോഴും ചരിത്രത്തിലേക്ക് ഒരു കിളിവാതിൽ തുറന്നിരിക്കും. മാലികിബ്നു ദിനാറും ഹബീബ്നു ദിനാറും അവധൂതസംഘവും കപ്പലേറി വന്ന കാലത്തിന്റെ നേർകണ്ണാടിയിലേക്കാണ് ഈ വാതിൽ തുറന്നിരിക്കുക. കേരളീയ വാസ്തുകലയുടെ പര്യായങ്ങളാണ് ഇവിടുത്തെ നിർമാണങ്ങളെല്ലാം. അതിനാൽ തന്നെ പള്ളിയുടെ  മുഖപ്പുകളും മേൽക്കൂരയും കഴുക്കോലുകളും തടിയഴകിന്റെ മാത്രമല്ല, കൊത്തു പണിയുടെയും സൗന്ദര്യമാണ്. കാലപ്പഴക്കത്താൽ നിറത്തിനു മങ്ങലേറ്റു തുടങ്ങിയതോടെ പോളിഷ് ചെയ്ത് മനോഹരമാക്കാനാണ് ശ്രമം. ലക്ഷങ്ങൾ ചെലവു വരുമെങ്കിലും അതു ചെയ്യാമെന്നു ജമാ അത്ത് കമ്മിറ്റിയും തീരുമാനിച്ചു. അടുത്ത നോമ്പുകാലം തുടങ്ങുന്നതിനു മുൻപ് പോളിഷ് ജോലികൾ പൂർത്തിയാകും. 

അകമുറിയിലേക്കു കടക്കുന്നിടത്ത് തടിഭിത്തിയുണ്ട്. അറബി കാലിഗ്രാഫിയിൽ ഖുർആൻ വചനങ്ങളുടെ വെണ്മയാർന്ന എഴുത്തുകൾ ഉണ്ട്, കഴുക്കോലുകളിൽ ഓരോന്നിലും കൊത്തു പണികൾ ഉണ്ട്. മച്ചുകൾക്കും ശിൽപഭംഗികൾ,  ഇതിനെല്ലാം പുറമേ ചരിത്രത്തിളക്കവുമായി തെക്കുംകൂർ രാജാവു സമ്മാനിച്ച വാൾ.

തച്ചന്മാരുടെ സൗന്ദര്യബോധം ഇവിടെ തടിയിൽ കരവിരുതിന്റെ കവിതകൾ തീർത്തിരിക്കുന്നു. ഹാളിൽനിന്ന് അകത്തേക്ക് കയറിയാൽ വലതുവശത്തായി പ്രധാന ഹാൾ. അവിടെയാണ് ഇമാമിന്റെ പ്രസംഗപീഠമായ മിംബറും, മിഹ്‌റാബും ഉൾക്കൊള്ളുന്നത്. ഇടതുവശത്ത് മുകൾ നിലയിലേക്കുള്ള മരഗോവണി. ചുമരുകളിൽ നിറയെ കൊത്തുപണിയിൽ വിരിഞ്ഞ പൂക്കൾ. മച്ചിന്റെയും മേൽക്കൂരയുടെയും നിർമാണവൈഭവവും അത്ഭുതം തീർക്കും.  ഒറ്റത്തടിയുടെ കാതലിൽ നിർമിച്ച എട്ടു മരത്തൂണുകൾ പള്ളിയുടെ നട്ടെല്ലായി നിൽക്കുന്നു. ചതുരാകൃതിയിലുള്ള കരിങ്കൽ പാളികളിലാണ് ഈ എട്ടുതൂണുകളും നിലയുറപ്പിച്ചിരിക്കുന്നത്.