അന്തരിച്ച ബോക്സിങ്  ഇതിഹാസം  മുഹമ്മദ്‌ അലിയുടെ ലൊസാഞ്ചലസിലെ ആഡംബരഭവനം വില്‍പനയ്ക്ക്. ഒന്‍പതു കിടപ്പറകളടങ്ങിയ അത്യാഡംബരഭവനത്തിന് റെക്കോര്‍ഡ്‌ വിലയാണ് ഇപ്പോളുള്ളത്. ഏകദേശം 17 മില്യന്‍ ഡോളറാണ് ഈ വീടിന്റെ വിപണിമൂല്യമായി ഇപ്പോള്‍ കണക്കാക്കുന്നത്.

ഫ്രെമോന്റ് പ്ലേസ് എന്ന ഗേറ്റഡ് പ്രോപ്പര്‍ട്ടിയിൽ ആറേക്കറിലാണ് 14,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഈ വീട് സ്ഥിതി ചെയ്യുന്നത്. മാര്‍ട്ടിന്‍ ഹെന്‍റി മോസിയര്‍ എന്ന കോടീശ്വരനാണ് പണികഴിപ്പിച്ചത്. വിഖ്യാത ആർക്കിടെക്ടായിരുന്ന ജോണ്‍ ഓസ്റ്റിനാണ് 1916 ല്‍ വീട് ഡിസൈന്‍ ചെയ്തത്. 1979ൽ മുഹമ്മദ് അലി ഈ വീട് സ്വന്തമാക്കി. തന്റെ മൂന്നാമത്തെ ഭാര്യയായിരുന്ന വേറൊണിക്ക അലിയ്ക്കും രണ്ടുമക്കള്‍ക്കുമൊപ്പം 1986 ല്‍ വേര്‍പിരിയും വരെ അദ്ദേഹം ഇവിടെയാണ്‌ കഴിഞ്ഞിരുന്നത്.

ഒരു വലിയ ഹാള്‍ , വിശാലമായ ലിവിങ് റൂം, ബാർ, 1,016 ചതുരശ്രയടിയുള്ള  ഗസ്റ്റ് റൂം , മനോഹരമായ സ്വിമ്മിങ്  പൂൾ‍, പൂന്തോട്ടം, നിരവധി ഫൗണ്ടനുകൾ എന്നിവ അടങ്ങിയതാണ് ഈ വീട്. ലൊസാഞ്ചലസിലെ ഏറ്റവും മനോഹരമായ ഭവനം തനിക്ക് വേണമെന്ന അദ്ദേഹത്തിന്റെ മോഹമായിരുന്നു ഈ വീടിന് പിന്നില്‍.

കാലമിത്ര കഴിഞ്ഞിട്ടും ഇന്നത്തെ കാലഘട്ടത്തിലെ നിര്‍മ്മാണശൈലികളെ പോലും വെല്ലുവിളിക്കുന്ന തരത്തിലാണ് അന്ന് അദ്ദേഹം തന്റെ ഭവനം നിര്‍മ്മിച്ചതെന്ന് ഈ വീടിന്റെ ഓരോ മുക്കും മൂലയും വിളിച്ചു പറയും. 2016 ല്‍ മുഹമ്മദ്‌ അലി മരണമടഞ്ഞതോടെയാണ് ഈ വീട് വില്‍ക്കാന്‍ അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍ തീരുമാനിച്ചത്.