തനിക്ക് പൈതൃകമായി ലഭിച്ച ഭവനത്തില്‍ കുറച്ചു അറ്റകുറ്റപണികള്‍ നടത്താനായിരുന്നു ഡൊമിനിക് ഗോദൻ കരാര്‍ നല്‍കിയത്. എന്നാല്‍ ചെറിയ ചോർച്ച പരിഹരിക്കാന്‍ വന്ന പണിക്കാര്‍ ഡൊമിനിക്കിന്റെ 300,000 പൗണ്ട് വില വരുന്ന വിക്ടോറിയന്‍ ശൈലിയിലെ വീട് നശിപ്പിച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ..! ഇപ്പോള്‍ വീടും പോയി പൈതൃകവും പോയെന്ന അവസ്ഥയിലാണ് ഡൊമിനിക്ക്. ഏകദേശം രണ്ടരക്കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.

ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലാണ് സംഭവം. 51-കാരനായ ഡൊമിനിക്ക്, തന്റെ അമ്മയില്‍ നിന്നും ലഭിച്ച 124 വർഷം പഴക്കമുള്ള ഭവനത്തിലെ ലീക്ക് പരിഹരിക്കാന്‍ വിളിച്ചവര്‍ വീടിന്റെ മേല്‍ക്കൂര തന്നെ നീക്കം ചെയ്യുകയായിരുന്നു. അത് ഡൊമിനിക്കിനു വരുത്തിവച്ചതോ ഭീമമായ കടബാധ്യതയും. 

വീടിന്റെ ഓവുചാല്‍ ശരിയായി നിലനിര്‍ത്താന്‍ സാധിക്കാതെ വന്നതാണ് വീട് തകരാനിടയാക്കിയത്. അശ്രദ്ധമായി ജോലി ചെയ്തത് വഴി വീടിന്റെ മേല്‍ക്കൂര പൊളിഞ്ഞു വീണു. ഉള്ളിലെ ഭിത്തികൾ തകർന്നു. ഇത് വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന പല വിലപിടിപ്പുള്ള വസ്തുക്കളും നശിപ്പിച്ചു. 

നാല് കിടപ്പറ അടക്കമുള്ള ഈ വീട് ഇപ്പോള്‍ തീര്‍ത്തും നാമാവശേഷമായ നിലയിലാണ്. ജനാലയുടെ സ്ഥാനത്ത് ഇന്ന് വലിയ ദ്വാരമാണ്. വാതിലുകൾ തകർന്നു. ഭിത്തിയിലെയും സീലിങ്ങിലെയും പ്ലാസ്റ്റർ എല്ലാം അടർന്നുപോയി. എത്ര നിസ്സാരമായാണ് തന്റെ വീട് പണിക്കാര്‍ നശിപ്പിച്ചു കളഞ്ഞതെന്ന് ഡോമിനിക് ചോദിക്കുന്നു. തൊഴിൽ വൈദഗ്ധ്യം തെളിയിക്കുന്ന തിരിച്ചറിയൽ രേഖകൾ പോലും പരിശോധിക്കാതെ പണിക്കാരെ സമീപിച്ചു പണം നൽകിയതാണ് അബദ്ധമായതെന്നു ഡൊമിനിക് പറയുന്നു. നഷ്ടപരിഹാരത്തിന് കേസ് കൊടുക്കാനൊരുങ്ങുകയാണ് ഡൊമിനിക്.