മറ്റു രാജ്യങ്ങളിലെ കെട്ടിടങ്ങളെ നിഷ്പ്രഭമാക്കുന്ന അംബരചുംബികൾ നിർമിക്കുക എന്നത് ഇത് പല രാഷ്ട്രങ്ങളുടെയും അഭിമാനപ്രശ്നമാണ്. അമേരിക്കയാണ് ഈ പ്രവണതയ്ക്ക് തുടക്കമിട്ടത്. പിന്നീട് ഗൾഫ് രാജ്യങ്ങൾ അതേറ്റെടുത്തു. രാഷ്ട്രത്തെ പ്രതിനിധാനം ചെയ്യുന്ന നിർമിതികളായാണ് ഇന്ന് വൻകിടരാജ്യങ്ങൾ അംബരചുംബികളെ കാണുന്നത്. ഉയരമുള്ള കെട്ടിടങ്ങളിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്തു ശ്രദ്ധ നേടുക എന്നതും പുതിയ പ്രവണതയാണ്. അടുത്തിടെ ചൈനയിലെ ഒരു കെട്ടിടത്തിൽ ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ വെള്ളച്ചാട്ടം ഒരുക്കിയത് ഉദാഹരണം. അതിനു പിന്നോടിയായി ലണ്ടൻ നഗരത്തിൽ ഒരു നിർമാണവിസ്മയം ഒരുങ്ങുകയാണ്.

ലോകത്തിലെ ആദ്യത്തെ ‘360 ഡിഗ്രി’ ഇൻഫിനിറ്റി പൂൾ ആണ് ലണ്ടനിലെ 722 അടി ഉയരമുള്ള 55 നില കെട്ടിടത്തിന്റെ മുകളിൽ ഒരുങ്ങുന്നത്. ഇൻഫിനിറ്റി ലണ്ടൻ എന്നു പേരിട്ട ഈ കുളത്തിൽ ആറു ലക്ഷം ലീറ്റർ വെള്ളം കൊള്ളും. കുളത്തിന്റെ നാലുവശങ്ങളും അടിത്തട്ടും സുതാര്യമായ ഗ്ലാസ് കൊണ്ടാണ് നിർമിക്കുക. ലണ്ടന്‍ നഗരത്തിന്റെ 360 ഡിഗ്രി വ്യൂ ആണ് ഈ പൂളിന് മുകളില്‍ നീന്തിതുടിച്ചു കാണാന്‍ സാധിക്കുക. തീർന്നില്ല, കുളത്തിൽ നീന്തുന്നവരെ കെട്ടിടത്തിനു താഴെ നിന്നു നോക്കിയാലും കാണാം. 

പൂളിലെ വെള്ളത്തിന്റെ ഊഷ്മാവ് എപ്പോഴും കൃത്യമായി നിലനിര്‍ത്താനും വെള്ളം തൂവി പോകാതെ നോക്കാനുമെല്ലാം സഹായിക്കുന്ന ടെക്നിക് പൂളില്‍ സജ്ജമാണ്. ഇതിലേക്ക് എങ്ങനെ ഇറങ്ങും എന്ന ചോദ്യത്തിനും അധികൃതർ ഉത്തരം നൽകുന്നുണ്ട്. കുളത്തിലേക്ക് കയറാനും ഇറങ്ങാനും അടിയിൽ നിന്നും ഉയർന്നുവരുന്ന വാതിലും പടികളുമാണ് ഉണ്ടാവുക. കെട്ടിടത്തിലെ എയർ കണ്ടിഷനറുകളിൽ നിന്നു പാഴാകുന്ന ഊർജമാണത്രെ വെള്ളം ചൂടാക്കാൻ ഉപയോഗിക്കുക. 2020ൽ കുളത്തിന്റെ നിർമാണം ആരംഭിക്കും. ഡിസൈനിങ് രംഗത്തെ പ്രമുഖരായ കോംപസ് പൂൾസ് ആണു നിർമാണം. പൂളിന്റെ പ്രതീകാത്മക ചിത്രങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.