ബജറ്റ് വീടുകളിലും ആഡംബരം നിറയ്ക്കാം

ഡിസൈനിൽ പുതുമകൾ പരീക്ഷിക്കുന്ന, കോഴിക്കോട്ടുനിന്നുള്ള രണ്ടു യുവ ആർക്കിടെക്ടുമാർ ഒരുക്കിയ ഒരു വീടിന്റെ അകത്തള വിശേഷങ്ങൾ നോക്കാം ...

ഭിത്തി വേർതിരിക്കാനും മറ്റും ഉപയോഗിക്കുന്ന മെറ്റീരിയൽ കൊണ്ട് (ഫൈബർ സിമന്റ് ബോർഡ്) ലിവിങ് റൂമിൽ ഒരു ഡബിൾ ഹൈറ്റ് ഭിത്തി തീർത്തു. പൂപ്പൽപിടിക്കാതിരിക്കാൻ ക്ലിയർകോട്ട് ആവരണം നൽകി. മറ്റു പെയിന്റുകൾ ഈ ഭിത്തിയിൽ ഉപയോഗിച്ചിട്ടില്ല. ഇവിടെ ഭംഗി കൂട്ടിയതിനൊപ്പം ഒരു പരിധിവരെ ചെലവും കുറച്ചു.  കാണുമ്പോൾ സിമന്റ് നിർമിതിയെന്നു തോന്നുമെങ്കിലും സിമന്റിൽ ചെയ്യുന്നതിനെക്കാൾ ഫിനിഷിങ് നൽകി. ഈ പാനൽ വേണമെങ്കിൽ ഊരിമാറ്റാം. ലോഹത്തിൽ തീർത്ത ഒരു ആർട്ട് വർക്ക് കൂടി നൽകി ഭംഗികൂട്ടി. വെളിച്ചം യഥേഷ്ടം കിട്ടാൻ ഒരു വശത്തു വലിയ ജനലുകളും നൽകി. അകത്ത് കൂടുതൽ സ്ഥലം തോന്നിക്കാൻ മറ്റു ഭിത്തികളിൽ ഉപയോഗിച്ചത് വെള്ളനിറം.

മുകൾനിലയിലേക്കുള്ള ഗോവണികളും മറ്റും ഇൻഡസ്ട്രിയൽ വർക്ക് ചെയ്താണ് ഒരുക്കിയത്. ഗോവണിക്കു മുകളിലും കൈവരികളിലും മരത്തിന്റെ പാളികളുണ്ട്. മുകൾനിലയിൽ പാലം പോലെ ഒരു ഭാഗമുണ്ട്. ഇതെല്ലാം ഇൻഡസ്ട്രിയൽ വർക്കാണ്. ഇവിടെ ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിൽ ഭിത്തികൾകൊണ്ട് വേർതിരിച്ചിട്ടില്ല. പകരം അവിടെ മുളകൊണ്ടും മറ്റും ഒരുക്കിയ ഫ്രെയിമുകൾകൊണ്ടു വേർതിരിച്ചു. നിലത്തു വ്യത്യസ്ത രീതിയിലുള്ള ടൈലുകളിട്ടു വേർതിരിച്ചു. 

കുട്ടികളുടെ കിടപ്പുമുറിയിൽ, വ്യത്യസ്ത നിറത്തിലുള്ള അക്രിലിക് പാനലുകൾകൊണ്ട്, സ്റ്റഡി ഏരിയയ്ക്കു സമീപം സ്റ്റോറേജ് സ്പേസ് ഒരുക്കി. ഭാവിയിൽ ആ ഭാഗം മുഴുവൻതന്നെ സ്റ്റോറേജ് സ്പേസ് ആക്കാം.സീലിങ്ങിൽ സിമന്റ് ഗ്രൗട്ട് അടിക്കുകയായിരുന്നു. അവിടെയും പെയിന്റ് ചെയ്തിട്ടില്ല. പ്ലാസ്റ്ററിങ്ങും ഇല്ല. ഫിനിഷിങ് ജോലി ചെയ്ത്, ക്ലിയർകോട്ട് അടിച്ചു. 

വമ്പൻ വീടുകൾ മാത്രമല്ല ഇത്തരത്തിൽ അണിയിച്ചൊരുക്കാവുന്നത്. ഒന്നു പ്ലാൻ ചെയ്താൽ ബജറ്റ് വീടുകളിലും ഇത്തരം സൗകര്യങ്ങളെല്ലാം ഒരുക്കാമെന്നാണ് ഈ ആർക്കിടെക്ട് ജോഡി പറയുന്നത്... 

ഡിസൈൻ : 

അസ്‌ലം, ഷാം ആർക്കിടെക്ട്സ്

ചെറുകുളം, കോഴിക്കോട്