എച്ച് ഐ വി പൊസിറ്റീവാണ്... ഇവർക്ക് വേണം ഒരു സ്‌നേഹവീട്

ഏകദേശം 15 വർഷങ്ങൾക്ക് മുൻപ് കേരളസമൂഹം ഏറെ ചർച്ച ചെയ്ത ഒരു വാർത്തയായിരുന്നു രമയുടേത്. തങ്ങളുടേതല്ലാത്ത കാരണത്താൽ എച്ച് ഐ വി ബാധിതരാകേണ്ടി വന്ന അമ്മയും രണ്ടു കുട്ടികളും. (രമയും കുട്ടികളും സുരേഷ്ഗോപിയോടൊപ്പം)

കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളസമൂഹത്തിൽ നിരവധി ഗുണപരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഭിന്നലിംഗക്കാരോടുള്ള സമീപനം തന്നെ ഒരുദാഹരണം. ലൈംഗിക, ആരോഗ്യ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും സ്‌കൂൾതലം മുതൽ അവബോധം നൽകി വരുന്നു. എന്നാൽ ഇതിനെയൊക്കെ പിന്നോക്കം വലിക്കുന്ന ഒരു കഥയാണ് കണ്ണൂർ കൊട്ടിയൂർ  സ്വദേശിനി രമയ്ക്ക് പറയാനുള്ളത്.

ഏകദേശം 15 വർഷങ്ങൾക്ക് മുൻപ് കേരളസമൂഹം ഏറെ ചർച്ച ചെയ്ത ഒരു വാർത്തയായിരുന്നു രമയുടേത്. തങ്ങളുടേതല്ലാത്ത കാരണത്താൽ എച്ച് ഐ വി ബാധിതരാകേണ്ടി വന്ന അമ്മയും രണ്ടു കുട്ടികളും. ഭർത്താവിൽ നിന്നുമാണ് രോഗം പകർന്നത്. ഭർത്താവ് 2003 ൽ മരിച്ചു. മൂന്ന് മക്കൾ. മൂത്ത മകൾക്ക് രോഗമില്ല. താഴെയുള്ള രണ്ടു കുട്ടികളും എച്ച് ഐ വി പൊസിറ്റീവ് ആണ്. അതോടെ ഇവരുടെ ശനിദശ ആരംഭിച്ചു. എച്ച് ഐ വി മനുഷ്യസമ്പർക്കത്തിലൂടെ പകരുകയില്ല എന്നറിയാമെങ്കിലും സമൂഹം ഇവർക്ക് ഭ്രഷ്ട് കല്പിച്ചു.

രമയും കുട്ടികളും (ഫയൽ ചിത്രം)

പത്രമാധ്യമങ്ങളിലൂടെ ഇവരുടെ ദുസ്ഥിതി തിരിച്ചറിഞ്ഞ സുമനസ്സുകളുടെസഹായമാണ് ഇത്രയും കാലം ഇവർക്ക് തുണയായത്. എച്ച് ഐ വി രോഗികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ സർക്കാർ തലത്തിൽ നിലവിലുണ്ടെങ്കിലും അതിന്റെയൊന്നും ഗുണഫലം ഇവരിലേക്ക് എത്തുന്നില്ല. സമൂഹം പുരോഗമിച്ചെങ്കിലും നാട്ടുകാരുടെ ചിന്താഗതിയിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്ന് രമ പറയുന്നു.

സർക്കാരിൽ നിന്നും ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചില്ല. വീടിന്റെ ശോചനീയാവസ്ഥ കണ്ട് പഞ്ചായത്തിൽ നിന്നും അനുവദിച്ച തുക വെറും 35000 രൂപ. അതുകൊണ്ട് ഒരു പട്ടിക്കൂട് പോലും പണിയാൻ സാധിച്ചില്ല. സുമനസ്സുകളുടെ സഹായം കൊണ്ടാണ് പത്തുവർഷങ്ങൾക്കു മുൻപ് ചോർന്നൊലിക്കുന്ന, അടച്ചുറപ്പില്ലാത്ത കൂര മാറ്റി ചെറിയൊരു വീട് പണിതത്. അതിനും കാലപ്പഴക്കത്തിന്റേതായ ക്ഷീണതകൾ വന്നു തുടങ്ങി.

ദാരിദ്ര്യത്തിലും സമൂഹത്തിന്റെ കുത്തുവാക്കുകൾക്കിടയിലും ഈ അമ്മ മക്കളെ ചേർത്ത് പിടിച്ചു. നല്ല വിദ്യാഭ്യാസം നൽകി. മൂത്ത മകൾ ബയോടെക്‌നോളജിയിൽ എംടെക് പൂർത്തിയാക്കി. രണ്ടാമത്തെ മകൾ ബിഎസ് സി സൈക്കോളജി വിദ്യാർഥിനിയാണ്. എച്ച് ഐ വി പൊസിറ്റീവ് ആയതിന്റെ പേരിൽ രണ്ടു മക്കൾക്കും ചെറുപ്രായത്തിൽ തന്നെ സമൂഹത്തിൽ നിന്നും നിരവധി അവഗണനകൾ നേരിടേണ്ടി വന്നു എന്ന് രമ പറയുന്നു. രോഗിയാണെന്ന് അറിഞ്ഞതോടെ ഒരു മുറിയിൽ താമസിച്ച കൂട്ടുകാർ വിട്ടുപോയി. ഇപ്പോൾ ഒറ്റയ്ക്ക് ഒരു മുറിയിലാണ് അവൾ താമസിച്ചു പഠിക്കുന്നത്. ഇളയ മകൻ ബികോം മൂന്നാം വർഷം പഠിക്കുന്നു.

സമൂഹത്തിലെ അവഗണിക്കപ്പെട്ടവർക്കും അടിസ്ഥാനസൗകര്യമില്ലാത്തവർക്കും നിരവധി പദ്ധതികൾ സർക്കാർ വിഭാവനം ചെയ്തിട്ടുണ്ട്. പക്ഷേ അതൊന്നും ഇവരെപ്പോലെയുള്ള യഥാർഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നില്ല. ഇപ്പോൾ രമയുടെ സ്വപ്നം മൂത്ത മകൾക്ക് ഒരു ജോലിയാണ്. പിന്നെ ശോചനീയാവസ്ഥ പരിഹരിച്ച ഒരു വീടും അതിലെല്ലാമുപരിയായി സമൂഹത്തിൽ നിന്നും അല്പം മനുഷ്യപ്പറ്റോടെയുള്ള പെരുമാറ്റവും. 

സർക്കാർ അധികാരികളും സമൂഹവും  ഇനിയെങ്കിലും സഹാനുഭൂതിയോടെ ഇവർക്ക് നേരെ നോക്കണമെന്ന്, പ്രശ്നങ്ങൾ പരിഹരിക്കണമെന്നു രമ അഭ്യർഥിക്കുന്നു. ഒപ്പം സുമനസുകൾക്കും ആവുംവിധം സഹായിക്കാം.

രമയുടെ ഫോൺ നമ്പർ-  9605189213

A/C No- 11630100158071

Federal Bank Kelakam 

IFSC- FDRL0001163