പെരുവനം തൈക്കാട്ട് ശങ്കരനാരായണൻ  എന്ന കുട്ടൻ  (53) ബാലചന്ദ്രമേനോൻ സിനിമകളുടെ ആരാധകനൊന്നുമല്ല, പക്ഷേ, സിനിമയുടെ രചനമുതൽ  സംവിധാനവും അഭിനയവുമെല്ലാം ഒറ്റയ്ക്കു ചെയ്യുന്ന ബാലചന്ദ്ര മേനോനെപ്പോലെയാണ് അദ്ദേഹം. സിനിമാനിർമാണമല്ല, വീട് നിർമാണമാണ് കുട്ടൻ ചെയ്യുന്നതെന്നു മാത്രം.‌

കുറ്റിയടിക്കൽ , തറപണി, ഇഷ്ടികകെട്ട്, വാർക്ക, ആശാരിപ്പണി, പ്ലംബിങ് , വയറിങ് ഇവയെല്ലാം ഒറ്റയ്ക്കു ചെയ്യുന്നു. ‌ഒരു സാഹസമെന്ന നിലയിലല്ല, നിസഹായതയെ നേരിടാനാണ് ഈ ഒറ്റയാൾ  പോരാട്ടം. 

െപരുവനത്ത് സ്ഥലമുണ്ടെങ്കിലും കുട്ടന് വീടുവയ്ക്കാൻ അനുമതി കിട്ടിയില്ല. പുരാവസ്തുവകുപ്പിന്റെ കർശന  നിയന്ത്രണമായിരുന്നു കാരണം. അതിനാൽ  ചേർപ്പ് സബ് സ്റ്റേഷനടുത്തു വീടുവയ്ക്കാൻ വേറെ 4 സെന്റ് സ്ഥലം വാങ്ങേണ്ടിവന്നു. അതോടെ പണം തീർന്നു. ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചിട്ടും അനുകൂല നിലപാടുണ്ടായില്ല. വീടു പണിതു നൽകുന്നവരെ സമീപിച്ചപ്പോൾ 750 ചതുരശ്രയടി വീടിന് 14 – 15 ലക്ഷമാണു ചെലവ് പറഞ്ഞത്. 

ഈ പണം ഇല്ലെന്നു മനസിലായതോടെ കുട്ടൻ ഒരു തീരുമാനമെടുത്തു. വീടുകൾ പണിയുന്നതു കണ്ടും പണിതും പരിചയമുള്ളതിനാൽ  തനിയെ പണിയാം. വീടിന്റെ കുറ്റിയടിച്ച് ഒറ്റയ്ക്ക് പണി തുടങ്ങി. ഇടയ്ക്കു സഹായിക്കാൻ ഭാര്യ രഞ്ജിനിയും മക്കളായ വസുദേവ്്, വിശാൽ എന്നിവരും എത്തുമെന്നതൊഴിച്ചാൽ തൊഴിലാളികളെ ആരെയും വിളിച്ചില്ല.

രണ്ടു കിടപ്പ് മുറികൾ, ഹാൾ, അടുക്കള, വർക്ക് ഏരിയ, രണ്ടു ശുചിമുറികൾ, സിറ്റൗട്ട് ഇവയുള്ള വീടിന്റെ വാർക്ക വരെയെത്തി ഇപ്പോൾ പണികൾ. തട്ട് അടിക്കാൻ പലകയും മറ്റും അന്വേഷിച്ചു കിട്ടാതെ വന്നതോടെ കട്ടിയുള്ള പ്ലൈവുഡ് ഉപയോഗിച്ചു. വാർപ്പ് കഴിയുമ്പോൾ പ്ലൈവുഡ് അഴിച്ചു ജനൽപാളിക്കും കബോർഡിനുമായി ഉപയോഗിക്കും. ഒ‌ഴിവുസമയത്ത് പ്ലംബിങ് ജോലിക്കു പുറത്തുപോവുകയും ചെയ്യും. ചെത്തിത്തേപ്പ് ആവശ്യമില്ലാത്ത ടെറക്കോട്ട ഇന്റർലോക് ഹോളോബ്രിക്സ് കട്ടയാണ് ഉപയോഗിച്ചിരിക്കുന്നത്.  4– 5 ലക്ഷം രൂപയിൽ വീടുപണി പൂർത്തിയാക്കാനാണ് ശ്രമം.കമ്പികെട്ടും തട്ടടിക്കലും തനിയെ പൂർത്തിയാക്കി. വാർക്കദിവസം മാത്രം സിമന്റ് കൂട്ടാൻ മൂന്നു തൊഴിലാളികളെ വിളിക്കും. ബാക്കിയെല്ലാം തനിച്ച്.