വെറും ഒരു അലങ്കാര സസ്യം എന്നതിലുപരി ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന വിശ്വാസം മൂലമാണ് മിക്കവരും വീടുകളില്‍ മണി പ്ലാന്റ് പരിപാലിക്കുന്നത്. അകത്തളങ്ങൾ അലങ്കരിക്കുന്നതിനൊപ്പംതന്നെ വീട്ടിനുള്ളിലെ അന്തരീക്ഷത്തെ ശുചിയാക്കാന്‍ മണി പ്ലാന്റിന് സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഇതാണ് മണി പ്ലാന്റിനെ വീടിനകത്തെ അരുമസസ്യമാക്കി മാറ്റുന്നത്‌. 

ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷൂയി പ്രകാരം വളരെയധികം പ്രാധാന്യമുള്ള ഒരു ചെടിയാണ് മണി പ്ലാന്റ്. വീടിനുള്ളിൽ കൃത്യമായ സ്ഥാനത്ത് ക്രമീകരിക്കുകയാണെങ്കിൽ മണി പ്ലാന്റ് ഭാഗ്യം കൊണ്ടുവരുമെന്ന് ഫെങ്ങ്ഷുയി പറയുന്നു. സ്ഥാനം തെറ്റിയാൽ ഫലം വിപരീതമാകും എന്നും പറയുന്നുണ്ട്.

സ്ഥാനം 

വീടിനുള്ളിൽ തെക്കു കിഴക്കു ഭാഗത്തായി മണിപ്ലാന്റ് വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാന്‍ ഇത് ഉത്തമമാണ്. അതുപോലെ, വടക്കുകിഴക്ക് ഭാഗത്ത് ഒരു കാരണവശാലും മണി പ്ലാന്റ് നടരുതെന്നും വാസ്തു വിദഗ്ധര്‍ പറയുന്നു. നെഗറ്റീവ് എനര്‍ജിയുള്ള വശമാണ് ഇത്.  

പരിപാലനം 

ശ്രദ്ധയോടെ വേണം മണി പ്ലാന്റ് പരിപാലിക്കാന്‍. സൂര്യപ്രകാശം മണി പ്ലാന്റിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായതിനാല്‍ ജനലിന് സമീപത്ത് മണി പ്ലാന്റ് വളര്‍ത്തുന്നതാണ് നല്ലത്. ചട്ടിയില്‍ അല്ലാതെ അലങ്കാരകുപ്പികളില്‍ വെള്ളം നിറച്ചും ചിലര്‍ മണി പ്ലാന്റ് വയ്ക്കാറുണ്ട്‌. ജോലിസ്ഥലങ്ങളിലും മണി പ്ലാന്റ് പരിപാലിക്കുന്നത് വളരെ നല്ലതാണെന്നാണ് വിശ്വാസം. അതുപോലെ മണിപ്ലാന്റ് ഒരിക്കലും ഉണങ്ങിപ്പോവാതെ ശ്രദ്ധിക്കണം. ഇത് നെഗറ്റീവ് ഊര്‍ജത്തെയാണ് കാണിക്കുന്നത്. വീട്ടിലെ സമ്പത്ത് ശോഷിച്ചു പോകുന്നതിന്റെ മുന്നറിയിപ്പായാണ് പലരും മണി പ്ലാന്റ് ഉണങ്ങി പോകുന്നതിനെ കാണുന്നത്.  

ശാസ്ത്രീയമായ അടിത്തറകള്‍ പറയാനില്ലെങ്കിലും മണി പ്ലാന്റ് ഭാഗ്യം കൊണ്ട് വരുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ചുരുക്കത്തിൽ വെറുതെയൊരു മണി പ്ലാന്റ് വീട്ടിനുള്ളില്‍ കൊണ്ട് സ്ഥാപിച്ചത് കൊണ്ട് സമ്പത്ത് കുമിഞ്ഞു കൂടുമെന്ന ധാരണ ശരിയല്ല.