ചൈനീസ് വാസ്തുവിദ്യയാണ്‌ ഫെങ്ങ്ഷുയി. നമ്മുടെ പരമ്പരാഗത വാസ്തുവിദ്യ പോലെ തന്നെ പോസിറ്റീവ് എനർജി വർധിപ്പിക്കുകയും നെഗറ്റീവ് എനർജി ഒഴിവാക്കുകയും വഴി ഗുണപരമായ ഫലങ്ങൾ ഉണ്ടാക്കുക എന്നതാണ് ഫെങ്ങ്ഷുയിയുടെ  അടിസ്ഥാനം. ഫെങ്ഷുയിയെപ്പറ്റി പറയുമ്പോൾ ആദ്യം കേൾക്കുന്ന പദം 'ചീ' എന്നതായിരിക്കും. പ്രപഞ്ചം മുഴുവൻ നിറയുന്ന ഊർജം എന്നാണർഥം. Dragons cosmic breath എന്നാണ് ഫെങ്ഷുയിയിൽ പറയുക. ഐശ്വര്യമുള്ളതും വളരുന്നതുമായ 'ചീ' ഉള്ള സ്ഥലമാണ് നല്ല ഫെങ്‌ഷുയിയുടെ സങ്കേതം. ദുഃഖമുതിരുന്നതും തകരുന്നതുമായ ചീയുള്ള സ്ഥലത്ത് ചീത്ത ഫെങ്ങ്ഷുയി ആയിരിക്കും. ഇത്രയും ആമുഖമായി പറഞ്ഞത് വീടിനുള്ളിൽ ചെടികൾ വയ്ക്കുന്നത് ഫെങ്ങ്ഷുയി പ്രകാരം നല്ലതാണോ ചീത്തയാണോ എന്നു സമർഥിക്കുന്നതിനാണ്.

ഓഫിസിനുള്ളിലും വീട്ടിലും കള്ളിമുൾച്ചെടികൾ വയ്ക്കാൻ പാടില്ല. എത്ര ഭംഗിയുള്ള പൂക്കൾ വിരിയുന്ന കള്ളിമുൾച്ചെടിയാണെങ്കിലും അവ പുറപ്പെടുവിക്കുന്ന ‘ചീ’ ഒട്ടും നല്ലതല്ല. അതിന്റെ മുള്ളുകൾ എപ്പോഴും നെഗറ്റീവ് ചീ ഉണ്ടാക്കിക്കൊണ്ടിരിക്കും. വീടിനുള്ളിൽ ഇവ വയ്ക്കുകയാണെങ്കിൽ, ഓരോ മുള്ളിൽ നിന്നും തീരെ നേർത്ത വിഷരശ്മികൾ പ്രസരിക്കും. ഇതുമൂലം നാളുകൾ കഴിയുമ്പോൾ അസുഖങ്ങളും നഷ്ടങ്ങളും പതിവുസംഭവമായി മാറും. ഇവയുടെ ഏറ്റവും നല്ല സ്ഥലം വീടിനും ഓഫിസിനുമെല്ലാം പുറത്താണ്. പുറത്തവയുള്ളപ്പോൾ ഇവ വളരെ നല്ല സംരക്ഷകരായിത്തീരുകയും ചെയ്യും.

ബോൺസായ് ചെടികൾ എപ്പോഴും മുരടിച്ച വളർച്ചയെയാണ് കാണിക്കുന്നത്. അതിനാൽ ഇത് നല്ല ഫെങ്‌ഷുയിയല്ല. ചെറിയ ചെടികൾ ബോൺസായി രൂപത്തിൽ ഭംഗിയുള്ളതാക്കി വയ്ക്കുന്നതിൽ തെറ്റൊന്നുമില്ല. അത് നല്ല 'ചീ' തന്നെയാണ്. എന്നാൽ വലിയ മരങ്ങളും മറ്റും ബോൺസായ് ആക്കുന്നത് വീട്ടിൽ നല്ലതല്ല. അവ ഒരുപക്ഷേ, വളരെ വർഷങ്ങൾ പഴക്കമുള്ളതും വളരെ വിലപിടിപ്പുള്ളതും ആയിരിക്കും. എന്നാൽ അതുകൊണ്ട് അവ നല്ല ഫെങ്‌ഷുയി ആകുന്നില്ല. കാരണം ജീവിതത്തിലും ബിസിനസിലും വളർച്ച മുരടിപ്പിക്കാൻ മാത്രമേ ഇതിനു കഴിയൂ. നിർബന്ധമായും ബോണ്‍സായ് വേണം എന്നുണ്ടെങ്കിൽ വടക്കുഭാഗത്തായി വയ്ക്കാം. ഒരിക്കലും കിഴക്കും തെക്കുകിഴക്കും വയ്ക്കാന്‍ പാടില്ല. ബെഡ്റൂമിലും ചെടികൾ വയ്ക്കാൻ തുനിയരുത്. ആരോഗ്യത്തിന് ഇത് തീരെ നല്ലതല്ല. ലിവിങ് റൂമിൽ കിഴക്കു ഭാഗത്തായി ചെടികള്‍ വയ്ക്കുന്നത് നല്ല ഫലം നൽകും.

കടപ്പാട് 

മിനി രാജീവ്