ചൈനക്കാർക്ക് ധാരാളം രൂപങ്ങൾ ആരാധിക്കാനായി ഉണ്ട്. പക്ഷേ എല്ലായിടത്തും ഒരുപോലെ ഉപയോഗിക്കുന്നതും ഏറ്റവും പ്രചാരമുള്ളതും ചിരിക്കുന്ന ബുദ്ധൻ (Laughing Buddha) തന്നെയാണ്. രണ്ട് തത്ത്വമാണ് ലാഫിങ് ബുദ്ധയ്ക്കുള്ളത്. ഒന്ന് വിജയം കൊണ്ടു വരുന്നു എന്ന സങ്കൽപ്പം. വിജയം ആഗ്രഹിക്കാത്ത ആരുംതന്നെ ഉണ്ടാവില്ല. അതിനാൽ എല്ലാവരും ഒരു ലാഫിങ് ബുദ്ധ എങ്കിലും വയ്ക്കുക. ഉപയോഗിക്കുമ്പോൾ നല്ല ഗുണനിലവാരമുള്ള വസ്തുക്കൾകൊണ്ടു നിർമിച്ചതു വാങ്ങണം. കാരണം ഇത് പ്രതീകാത്മകമായ സാന്നിധ്യമാണ്. 

ലാഫിങ് ബുദ്ധയുടെ പിന്നില്‍ ഒരു വലിയ ഭാണ്ഡക്കെട്ടുണ്ട്. ഇത് നമ്മുടെ കഷ്ടങ്ങൾ അദ്ദേഹം എടുത്തുമാറ്റുന്നു എന്ന സങ്കൽപ്പത്തിലാണ്. കഷ്ടങ്ങൾ മാറ്റി സന്തോഷവും വിജയവും കൊണ്ടുവരുന്ന ആളാണ് ലാഫിങ് ബുദ്ധ. ബുദ്ധനെ നല്ല രീതിയിൽ വളരെ വൃത്തിയുള്ള സ്ഥലത്ത് വയ്ക്കാം. (ഡ്രോയിങ് റൂമിൽ) കയറിവരുന്ന പ്രധാന വാതിലിന് എതിരെ കോൺതിരിച്ച് വയ്ക്കാം. ഇതിനെപ്പറ്റി പലർക്കും ശരിയായ ധാരണയില്ലാത്തതിനാൽ എവിടെയെങ്കിലും സ്ഥാപിക്കുകയാണ് പതിവ്. വളരെ ആദരവ് നൽകിവേണം ചിരിക്കുന്ന ബുദ്ധനെ കാണാൻ.

വളരെ സുലഭമായി ലഭിക്കുന്ന ഒരു ഫെങ്ങ്ഷുയി സിംബലാണ് വിൻഡ് ചൈം (Wind chime). പൊള്ളയായ ആറ് ദണ്ഡുകളുള്ള ലോഹ വിൻഡ് ചൈം ഉപയോഗിക്കുന്നത് ഫൈവ് യെലോ ദൂരീകരിക്കാൻ വേണ്ടിയാണ്. ബാധകളെ ഇല്ലാതാക്കാനാണ് പ്രധാനമായും ഇവ ഉപയോഗിക്കുക. ഒരിക്കലും ഇതിനു താഴെ ഇരിക്കാൻ പാടില്ല. മഞ്ഞദണ്ഡുള്ള വിൻഡ് ചൈം ആണ് ഉപയോഗിക്കേണ്ടത്. ആറ് ദണ്ഡുള്ളവയാണ് ഗുണഫലം നൽകുക. ബാക്കി സാധാരണ കാണുന്നവ വലിയ പ്രയോജനം തരുന്നവയല്ല. പക്ഷേ കാണാൻ ഭംഗിയുള്ളതാണ്. എട്ട് ദണ്ഡുള്ളവ. ആറ് ദണ്ഡുള്ളവ വടക്കുപടിഞ്ഞാറിൽ ഉപയോഗിച്ചാൽ ഗൃഹനാഥന് ഭാഗ്യം ഉണ്ടാവാൻ സഹായിക്കും. കയറിവരുന്ന വാതിലിനുനേരെ ഒരിക്കലും വിൻഡ് ചൈം തൂക്കാൻ പാടില്ല. മുറികളുടെ വശങ്ങളിലായി തൂക്കാം.

കടപ്പാട് 

മിനി രാജീവ് 

സമ്പത്തിനും സൗഭാഗ്യത്തിനും ഫെങ്ങ്ഷുയി 

മനോരമ ബുക്ക്സ്