അടുക്കളയിൽ തേങ്ങാ ചിരകിക്കഴിഞ്ഞാൽ ചിരട്ട ശരവണൻ പിടികൂടും. ഫെവികോൾ തേച്ച് ഒട്ടിച്ചു പഴയപോലെ തേങ്ങയാക്കും. ങേ, ഇതെന്തു പരിപാടി എന്നു നിങ്ങളെപ്പോലെ ആദ്യം എല്ലാവരും ചോദിച്ചിരുന്നു. ഇങ്ങനെ കുറച്ചു ചിരട്ടകൾ  ആയപ്പോൾ അതിനുള്ളിലൂടെ ചരട് കോർത്ത് പർപ്പിൾ  നിറം ചാർത്തി വീടിന്റെ മുന്നിൽ  തൂക്കി. 

നല്ല വലിയ മുന്തിരിക്കുല പോലിരിക്കുന്നു. കണ്ടവരൊക്കെ പറഞ്ഞു കൊള്ളാല്ലോ ഈ തേങ്ങാക്കുലപ്പരിപാടി. അതു കൊണ്ടൊന്നും കണിമംഗലം തയ്യിൽ  ശരവണൻ  അടങ്ങിയില്ല. ചെറുതും വലുതുമായ തേങ്ങകൾ, പനം നൊങ്ക് ഇവയൊക്കെ ശേഖരിച്ച് കുലകളാക്കി വീടിന്റെ മുന്നിൽ തൂക്കി. വീടിനു മുന്നിലൂടെ പോകുന്നവർ അതു കണ്ട് പറഞ്ഞു തുടങ്ങി: ഹൊ തേങ്ങാക്കുല! 

ശരവണന് ഒരു ദിവസം പെട്ടെന്നു തോന്നിയതല്ല ഇത്. 25 വർഷമായി ഈ കലാപരിപാടി. ദുബായിൽ പുഷ്പാലങ്കാരമേഖലയിൽ  ‘ഫ്ളവറിസ്റ്റ്’ ആയാണു ജോലി നോക്കിയിരുന്നത്. പിന്നീട് വിവാഹത്തിനായി നാട്ടിൽ  വന്നു. വന്നപ്പോൾ അതാ ഒരു പിഎസ്‌സി പരീക്ഷയുടെ ഇന്റർവ്യൂ. അതിനു ഹാജരായി. ആരോഗ്യവകുപ്പിൽ  ഇൻസ്പെക്ടർ ആയി ജോലി കിട്ടി. ഇതോടെ ഗൾഫിനു വിടപറഞ്ഞു. എന്നാൽ ഉള്ളിൽ കലയുള്ളവനു വെറുതെ ഇരിക്കാനാവുമോ? തൊടിയിൽ  ഏറ്റവും കൂടുതൽ  പൊഴിഞ്ഞുവീഴുന്നതു തേങ്ങയാണ്. അതുകൊണ്ടുള്ള അലങ്കാരജോലികൾക്കു തുടക്കമിട്ടു. അങ്ങനെയാണ് വീടിനുമുന്നിൽ ഈ അലങ്കാരപ്പണി വരുന്നത്. 

വലിയ തേങ്ങകൾ പൊതിക്കാതെ തന്നെ കുലയായി തൂക്കിയിടുകയാണു പതിവ്. ഇതിനു പെയിന്റടിക്കുന്നതോടെ സംഗതി മാറും. ഏറ്റവും വലുപ്പമുള്ള തേങ്ങ ഗുരുവായൂർ  അമ്പലത്തിൽ പോയി അവിടെ നിന്നു ലേലത്തിൽ  പിടിച്ചു കൊണ്ടുവന്നിട്ടുമുണ്ട്. ചൊരയ്ക്കയും പെയിന്റടിച്ച് കുലയായി തൂക്കിയിട്ടുണ്ട്.

ബിഎസ്‌സി ബോട്ടണി പഠിച്ച ശരവണൻ ദുബായിൽ പുഷ്പാലങ്കാര വിദഗ്ധനായി ജോലി ചെയ്യുന്നകാലത്ത് സസ്യങ്ങളുടെയും പുഷ്പങ്ങളുടെയും അറിവിൽ മികവുപുലർത്തിയിരുന്നു. ഹോളണ്ടിലെ സീസണൽ പുഷ്പങ്ങളെക്കുറിച്ചുള്ള വലിയ പോസ്റ്ററുകൾ കൊണ്ടു വീടിനകത്തെ ചുമരും അലങ്കരിച്ചിട്ടുണ്ട്.

തേങ്ങാക്കുല മാത്രമല്ല, കുന്നിക്കുരു, പലതരം കശുവണ്ടി, ഇവയൊക്കെയുണ്ട് ശരവണന്റെ കയ്യിൽ. വീട്ടകത്തെ ടീപ്പോയ് മരത്തിന്റെ വേര് മാന്തിയെടുത്തുണ്ടാക്കിയതാണ്.