തിരഞ്ഞെടുപ്പു ചൂട് ഒരു വശത്ത്,  ശരീരം പൊള്ളിക്കുന്ന മീനച്ചൂട് മറുവശത്ത്. ഇതിനിടയിൽ മെഗാ ഓഫറുകളുമായി കുതിക്കുകയാണ് കുളിർപ്പിക്കുന്ന എയർ കണ്ടിഷൻ (എസി) വിപണി. ആദ്യമൊന്നു മടിച്ചു നിന്ന വിപണി സൂര്യാതപ, സൂര്യാഘാത മുന്നറിയിപ്പുകൾ പുറത്തു വന്നതോടെ സജീവമായി.

ആഡംബരമല്ല; അത്യാവശ്യം

വീടുകളിൽ എസി ആഡംബരമായിരുന്ന കാലം കഴിഞ്ഞു. 38 ഡിഗ്രി സെൽഷ്യസിനും മുകളിലേക്കു താപനില തീ തുപ്പി ഉയർന്നതോടെ കടം വാങ്ങിയും എസി വാങ്ങാമെന്ന ചിന്തയിലാണു മലയാളികൾ. ഗൃഹപ്രവേശത്തിനൊപ്പം എസി നിർബന്ധമായി. വിപണി സാധ്യതകൾ മുൻകൂട്ടി കണ്ട് വമ്പൻ ഓഫറുകൾ കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മാനങ്ങൾ മുതൽ സൗജന്യം ഇൻസ്റ്റലേഷൻ, 5 വർഷ ഫുൾ വാറന്റി; ഓഫറുകൾ നീളുകയാണ്. ഇൻസ്റ്റാൾമെന്റ്  സൗകര്യത്തിനും വൻ ഡിമാൻഡുണ്ട്. 

ഹിറ്റാകുന്നത് ഇൻവെർട്ടർ എസി

കുളിർമ വേണമെന്ന ആഗ്രഹമുണ്ടെങ്കിലും വൈദ്യുത ബിൽ ഒരു ചോദ്യചിഹ്നമായതിനാൽ ഇൻവെർട്ടർ എസിയോടാണു കൂടുതൽ പേർക്കും പ്രിയം. സാധാരണ എസികളുമായി താരതമ്യം ചെയ്യുമ്പോൾ 3000 – 5000 രൂപ വരെ വില വ്യത്യാസമുണ്ട്. എന്നാൽ വൈദ്യുതബില്ലിൽ 30 – 40 ശതമാനം വരെ കുറവുണ്ടാകുമെന്നാണു കമ്പനികൾ അവകാശപ്പെടുന്നത്. മികച്ച ബ്രാൻഡുകളുടെ എസികൾ 22000 രൂപ മുതൽ ലഭ്യമാകും. ഇൻവെർട്ടർ എസികളിൽ മികച്ചതിന് 30000 രൂപയിലേറെ വില വരും. 

എസി സ്റ്റാറുകളുടെ രഹസ്യം

എസിക്ക് ത്രീ സ്റ്റാർ, ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ റേറ്റിങ് കണ്ടിട്ടുണ്ടല്ലോ. വൈദ്യുതി ഉപഭോഗം കുറയുന്നതനുസരിച്ചുള്ള റേറ്റിങ്ങാണിത്. ഏറ്റവും കുറഞ്ഞ വൈദ്യുത ഉപഭോഗം അടിസ്ഥാനത്തിലാണ് ത്രീ, ഫോർ, ഫൈവ് സ്റ്റാറുകൾ കിട്ടുന്നത്. നിശ്ചിത യൂണിറ്റ് ഉപഭോഗത്തിൽ കുറഞ്ഞിരിക്കുന്നതിന്റെ അളവനുസരിച്ച് റേറ്റിങ് ലഭിക്കുന്നു. ഏറ്റവും ഉപഭോഗം കുറഞ്ഞതിന് ഫൈവ് സ്റ്റാർ ലഭിക്കും. സ്റ്റാർ റേറ്റിങ് ഉയരുന്നതനുസരിച്ച് വില കൂടുമെങ്കിലും മാസം തോറുമുള്ള വൈദ്യുതിച്ചെലവു കുറയും.

കൂളർ കൂൾ; പക്ഷേ

എസി വിപണിക്കൊപ്പം മൽസരിക്കാനുള്ള ശ്രമത്തിലാണ് കൂളർ വിപണിയും എന്നാൽ ആർദ്രത കൂടുതലുള്ള കേരളത്തിലെ കാലാവസ്ഥയ്ക്കു കൂളറുകൾ യോജിച്ചതല്ലെന്ന ധാരണ വ്യാപകമായതു വിപണിക്കു തിരിച്ചടിയായി. എങ്കിലും എസി വാങ്ങാൻ സാമ്പത്തിക സ്ഥിതി അനുവദിക്കാത്തവർ കൂളറുകൾ വാങ്ങുന്നുണ്ട്. 5000 രൂപ മുതലാണു മികച്ച ബ്രാൻഡുകളുടെ വിൽപന. ഫാൻ വിൽപനയും സീസണിൽ ഉഷാറാണ്.