വൈദ്യുതിയുടെ ലഭ്യതക്കുറവും ഷോക്കേൽപിക്കുന്ന വൈദ്യുതിബില്ലും ഇനി പഴങ്കഥയാകും. വീടിനു മുകളിൽ 365  ദിവസവും കത്തിജ്വലിക്കുന്ന സൂര്യശോഭയുണ്ടാകുമ്പോൾ അതിൽനിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതാണ് നല്ലത് എന്ന തിരിച്ചറിവ് മലയാളികൾക്കു വന്നു കഴിഞ്ഞു. ശരിയായ വിധത്തിലുള്ള സോളർ സംവിധാനം ഏർപ്പെടുത്തിയാൽ വീട്ടിലെ വൈദ്യുതി ബിൽ അറുപതു മുതൽ അറുപത്തഞ്ചു ശതമാനമെങ്കിലും കുറയ്ക്കാനാകും. 

സോളാർ പാനലുകൾ ചെലവ് 

ഒരു വ്യക്തി കലാകാലത്തോളം അടയ്ക്കുന്ന വൈദ്യുത ബില്ലുമായി തട്ടിച്ചു നോക്കുമ്പോൾ വലിയൊരു തുക പാനലുകൾക്കായി ചെലവാക്കേണ്ടതില്ല. ഒന്നര - രണ്ട് ലക്ഷം രൂപയ്ക്കു മുതൽ പാനലുകൾ ഘടിപ്പിക്കാൻ സാധിക്കും. ഇതിൽ ആകത്തുകയുടെ മുപ്പതു  ശതമാനം കേന്ദ്രസർക്കാരിന്റെ സബ്സിഡിയായി ലഭിക്കും. 

ഒരു ബാറ്ററിക്ക് 20,000 രൂപയോളം ചെലവു വരും. വീട്ടിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവും ബാക്ക് അപ് വേണ്ട സമയവും കണക്കാക്കി വേണം ബാറ്ററി തിരഞ്ഞെടുക്കാൻ. മുൻനിര ബ്രാൻഡുകൾ നോക്കി തിരഞ്ഞെടുക്കുന്നതു തന്നെയാണ് ഉചിതം. ഒരു ദിവസത്തെ ബാക്ക്അപ്പിന് 1200 വാട്ട് അവർ (Watt Hour) ശേഷിയുള്ള ബാറ്ററി മതിയാകും. അതുപോലെ തന്നെ എത്ര കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സിസ്റ്റമാണ് നിങ്ങളുടെ വീടിനു അനുയോജ്യമെന്നതും മുൻകൂട്ടി കണ്ടെത്തണം. 

സാധാരണമായി നാലംഗ കുടുംബമാണെങ്കിൽ രണ്ട് കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സിസ്റ്റം ധാരാളമാണ്. എന്നാൽ എസിയുള്ള കുടുംബമാണ് എങ്കിൽ മൂന്നു കിലോവാട്ടിന്റെ സിസ്റ്റം വാങ്ങുന്നതാണ് നല്ലത്. പ്രതിദിനം പന്ത്രണ്ടു യൂണിറ്റ് വൈദ്യുതി ഇത്തരത്തിൽ ഉൽപാദിപ്പിക്കാൻ സാധിക്കും. മഴക്കാലത്ത് സൂര്യപ്രകാശം കുറവായതിനാൽ ആറോ ഏഴോ യൂണിറ്റ് മാത്രമേ ഉൽപാദിപ്പിക്കാനാകൂ.

പാനലുകൾ, ഇൻവെർട്ടറുകൾ, ബാറ്ററി എന്നിവ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കാരണം, മറ്റേത് ഉപകാരണങ്ങളെയും പോലെ തന്നെ വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ല എങ്കിൽ നഷ്ടമായിരിക്കും ഫലം. അതിനാൽ വിലക്കുറവിൽ ലഭിക്കും എന്ന് കരുതി ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾക്ക് പിന്നാലെ പോകരുത്. ഇപ്പോൾ നമ്മുടെ ഉപയോഗശേഷം വൈദ്യുതി ബാക്കി വരികയാണെങ്കിൽ അത് സർക്കാരിനു നൽകി പണം ലാഭം നേടാനും വഴിയുണ്ട്. നമ്മൾ ഉപയോഗിക്കുന്ന ഇൻവെർട്ടറിന്റെ സ്വഭാവമനുസരിച്ചാണ് ഈ അവസരം ലഭ്യമാകുക. 

ഓൺ–ഗ്രിഡ്, ഓഫ്–ഗ്രിഡ് എന്നിങ്ങനെ രണ്ടുതരം സോളർ ഇൻവെർട്ടറുകളാണ് ഉള്ളത്. ഓൺ–ഗ്രിഡ് ഇൻവെർട്ടർ സംവിധാനം വഴിയാണ് ബാക്കി വരുന്ന വൈദ്യുതി സർക്കാരിനു നൽകാൻ  സാധിക്കുക. എന്നാൽ ഇത്തരത്തിൽ ചെയ്യണമെങ്കിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ വന്ന് അനുമതിപത്രം തരണം. അപേക്ഷയ്ക്കൊപ്പം 1,000 രൂപ അടച്ചാൽ കെഎസ്ഇബി ഉദ്യോഗസ്ഥർ വന്നു പരിശോധന നടത്തി തൃപ്തികരമെങ്കിൽ ബാക്കി വൈദ്യുതി സർക്കാരിനു നൽകുന്നതിനായി അനുമതി നൽകും. സർക്കാരിനു നൽകുന്ന വൈദ്യുതിയുടെ തത്തുല്യമായ തുക വൈദ്യുതി ബില്ലിൽനിന്ന് ഇളവു ചെയ്യുകയും ചെയ്യും. 

എന്നാൽ ഗുണങ്ങൾ ഏറെയുണ്ട് എന്നതു പോലെ ചില പോരായ്മകളുമുണ്ട്. കെഎസ്ഇബി ലൈനിൽ കറന്റ് ഇല്ലെങ്കിൽ വീട്ടിലും കറന്റ് ലഭിക്കുകയില്ല. ഓൺ–ഗ്രിഡ് രീതിയിൽ സോളർ പാനൽ ഘടിപ്പിക്കുന്നതിന് രണ്ടര ലക്ഷത്തിനും രണ്ടേമുക്കാൽ ലക്ഷത്തിനും ഇടയ്ക്കു ചെലവു വരും.  ഓൺ–ഗ്രിഡിനു വേണ്ടി ചെലവാക്കുന്ന തുക അഞ്ചു വർഷത്തെ വൈദ്യുതി ലാഭത്തിലൂടെ തിരിച്ചുപിടിക്കാം എന്നാണു കണക്കാക്കപ്പെടുന്നത്. എന്നാൽ തുടക്കത്തിൽ ചെലവ് കുറവാണെങ്കിലും ഇടയ്ക്കു ബാറ്ററി മാറ്റേണ്ടി വരുന്നതിനാൽ ഓഫ്–ഗ്രിഡ് അത്ര ലാഭകരമല്ല. അതിനാൽ ഓൺ ഗ്രിഡിനാണ് ആവശ്യക്കാർ കൂടുതൽ.

പ്രതിമാസം ചെലവുകളുടെ കൂട്ടത്തിൽ നല്ലൊരു തുക ലാഭമായി നേടാൻ സോളർ പാനലുകൾ കൊണ്ട് സാധിക്കുന്നുണ്ടെന്ന് കൊച്ചി സ്വദേശിയായ വത്സൻ പറയുന്നു. തുടക്കത്തിൽ അധികചെലവായി തോന്നിയ കാര്യമാണ് ഇപ്പോൾ മികച്ച ഫലം നൽകുന്നത്. പരിചയത്തിലുള്ള ആളുകളോടു സോളർ പാനലുകൾ ഘടിപ്പിക്കാൻ ഇപ്പോൾ പറയാറുണ്ട്. ആദ്യം ഫാനുകൾ മാത്രമായിരുന്നു സോളർ വൈദ്യുതിയിൽ പ്രവർത്തിച്ചിരുന്നത്. എന്നാൽ പിന്നീടു കൂടുതൽ കിലോവാട്ട് ഉൽപാദനശക്തിയുള്ള സിസ്റ്റത്തിലേക്ക് മാറുകയായിരുന്നു. അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

അനെർട്ടിന്റെ ഇടപെടലുകളെ തുടർന്ന് ഇപ്പോൾ സോളർ വൈദ്യുതി ഉൽപാദനം വർധിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ സബ്‌സിഡി ജനകീയമായതും സോളർ സാധ്യതകളെ വർധിപ്പിക്കുന്നു.