തീരദേശ പരിപാലനച്ചട്ടം ലംഘിച്ച് നിര്‍മിച്ച കൊച്ചിയിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന്റെ പശ്‌ചാത്തലത്തിൽ, ഫ്ലാറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വീണ്ടും പ്രസക്തമാകുന്നു. ഒരു പ്ലാനിങ്ങുമില്ലാതെ ഫ്ലാറ്റ് വാങ്ങാൻ പോയാൽ കയ്യിലിരിക്കുന്ന കാശു പോവുകയായിരിക്കും ഫലം. വീടെന്ന സ്വപ്നം മനസ്സിലുള്ളവർ അപ്പാർട്ട്മെന്റ് വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ.

വാങ്ങുന്നതെങ്ങനെ?

1) നിർമാണം പൂർണമായും കഴിഞ്ഞത്

ഈ രീതിയിൽ വാങ്ങുന്നയാൾക്കു കൂടുതൽ ഭയപ്പെടേണ്ട സാഹചര്യം വരില്ല. ഫ്ലാറ്റിന് നിയമപരമായ അനുമതികൾ എല്ലാം ലഭിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചാൽ മാത്രം മതി.

2) ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്/ഉണ്ടാക്കാൻ പോകുന്നത്.

ഇത്തരം ഫ്ലാറ്റുകൾ വാങ്ങുമ്പോൾ നിർമാണം പൂർണമായും പഠിക്കണം. പ്ലാനിന് അനുമതി കിട്ടിയതാണോ എന്നു നോക്കണം. പ്ലാനിന് അനുമതി ലഭിക്കാതെ പരസ്യം ചെയ്യാൻ പാടില്ലെന്നാണു നിയമം. ഫ്ലാറ്റ് നിർമിക്കുന്ന പ്രദേശം, പ്രദേശത്തെ ഭൂമിവില എന്നിവ മനസ്സിലാക്കണം. നിർമാണം പൂർത്തിയായവയെ അപേക്ഷിച്ച് ഇത്തരം ഫ്ലാറ്റുകളുടെ സ്‌ക്വയർഫീറ്റ് നിരക്ക് കുറയേണ്ടതാണ്. വാങ്ങുമ്പോൾ കൃത്യമായ കരാർ ഉണ്ടാക്കണം.പേയ്‌മെന്റിനനുസരിച്ച് ഫ്ലാറ്റിന്റെ നിർമാണത്തിൽ പുരോഗതി ഉണ്ടോ എന്നു ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ ഫ്ലാറ്റിനു നിയമപരമായ അനുമതി ലഭിച്ചതാണോ എന്നു പരിശോധിക്കണം. കോർപറേഷൻ, ഫയർഫോഴ്‌സ്, പൊലൂഷൻ കൺട്രോൾ ബോർഡ് എന്നിവയുടെ അനുമതി നിർബന്ധമാണ്.

∙ ബിൽഡറുടെ സ്വന്തം ഭൂമിയിലാണോ, അതോ മറ്റൊരാളുടെ ഭൂമിയിൽ അപ്പാർട്ട്മെന്റ് പണിതതാണോ എന്നു മനസ്സിലാക്കണം. മറ്റൊരാളുടെ ഭൂമിയിലാണെങ്കിൽ ബില്‍ഡർക്ക് അതിന് അവകാശമുണ്ടെന്നതിനുള്ള രേഖകൾ പരിശോധിക്കുകയും ഭൂമിയുടെ മേൽ കടബാധ്യതകളില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. മുൻ ആധാരങ്ങൾ ചോദിച്ച് വാങ്ങാന്‍ മറക്കരുത്. ഫ്ലാറ്റ് നിർമാതാക്കളുടെ വിശ്വാസ്യത മനസ്സിലാക്കണം.

∙ ഭവന സമുച്ചയത്തിലെ യൂണിറ്റുകളുടെ എണ്ണത്തിനനുസരിച്ചാണ് റോഡിന്റെ വീതി കണക്കാക്കുന്നത്. എട്ട്– പത്ത് മീറ്റർ വീതിയുള്ള റോഡ് എങ്കിലും വേണം.

∙ അടിസ്ഥാന വിലയോടൊപ്പം കാർ പാർക്കിങ്, കെയർടേക്കിങ് ചാർജ്, മാലിന്യ– മലിനജല സംസ്കരണം പോലുള്ള പൊതുസംവിധാനങ്ങൾക്കുള്ള ചാർജ് എന്നിവ കൂടി ചേർക്കുമ്പോൾ അടിസ്ഥാന വിലയേക്കാൾ 20–30 ശതമാനം കൂടുതൽ നൽകേണ്ടി വരാം. ഇക്കാര്യങ്ങൾ പ്രത്യേകം ചോദിച്ചറിയണം.

∙ സ്റ്റെയർകെയ്സ്, ഇടനാഴി തുടങ്ങി പൊതുസൗകര്യങ്ങളുടെ അളവു കൂടി ചേർന്നാണ് അപ്പാർട്ട്മെന്റിന്റെ സൂപ്പർ ഏരിയ. അപ്പാർട്ട്മെന്റിന്റെ ഉൾവശത്ത് ഉപയോഗിക്കുന്ന സ്ഥലമാണ് കാർപെറ്റ് ഏരിയ. കാർപെറ്റ് ഏരിയയാണ് നിങ്ങൾക്ക് ലഭിക്കുന്നത്, അഥവാ അവിടെയാണ് താമസിക്കാനാകുക. അതിനാൽ കാർപെറ്റ് ഏരിയ എത്രയെന്ന് വ്യക്തമായി അറിയണം.

∙ വിൽപ്പനനികുതി, രജിസ്ട്രേഷൻ ചാർജ്, കെട്ടിടനികുതി തുടങ്ങിയ നികുതികൾ അപ്പാർട്ട്മെന്റിനും ബാധകമാണ്. ചില ബിൽഡർമാർ നികുതി അടയ്ക്കുകയും വാങ്ങുന്നവരിൽ നിന്ന് വിലയിൽ ഉൾപ്പെടുത്തി ഈ തുക ഈടാക്കുകയും ചെയ്യും. ഇക്കാര്യത്തിൽ വ്യക്തത വേണം. അപ്പാർട്ട്മെന്റ് കൈമാറുന്നതിനു മുമ്പ് നികുതികൾ അടച്ചുതീർക്കേണ്ടത് ബിൽഡറുടെ ഉത്തരവാദിത്തമാണ്.

∙ ഓരോ നിലയിലും വില വ്യത്യാസപ്പെടാം. താഴത്തെ നിലയിൽ വില കുറവായിരിക്കും. നാല് നിലയ്ക്ക് മുകളിൽ വില കൂടും.

∙ വസ്തു കൈമാറ്റനിയമം, രജിസ്ട്രേഷൻ നിയമം, മുദ്രപ്പത്ര നിയമം എന്നിവയ്ക്കുപുറമേ അപ്പാർട്ട്മെന്റ് ഓണർഷിപ് ആക്ട് കൂടി ഫ്ലാറ്റ് തീറാധാരങ്ങളിൽ പാലിക്കണം. കെട്ടിടം നിർമിക്കപ്പെട്ട വസ്തുവിനെ സംബന്ധിച്ച വിവരണവും ഓരോ ഫ്ലാറ്റ് ഉടമയ്ക്കും അവകാശപ്പെട്ട അവിഭാജ്യ ഓഹരിക്രമവും ഇതിൽ വ്യക്തമാക്കണം. കൊമേഴ്സ്യൽ, റസിഡൻഷ്യൽ പെർമിറ്റുകൾ പ്രത്യേകം വാങ്ങിയിരിക്കണം.

∙ ഓരോ ഫ്ലാറ്റും ഒറ്റ റസിഡൻഷ്യൽ യൂണിറ്റായതിനാൽ, അതു ഭാഗിക്കാനോ വിഭജിക്കാനോ പാടില്ല. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടവും ഓഹരി അവകാശവുമല്ലാതെ, ഒന്നും കൈമാറാനോ ഒന്നിലും ബാധ്യത സൃഷ്ടിക്കാനോ കഴിയുകയില്ല. താമസാവശ്യത്തിനല്ലാതെ ഫ്ലാറ്റ് കൈമാറാനോ വാടകയ്ക്ക് നൽകാനോ ഉടമയ്ക്ക് അവകാശമില്ല. 

∙ ഭവന പദ്ധതികൾ സമയകൃത്യതയോടെ കൈമാറിയില്ലെങ്കിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ചട്ട പ്രകാരം (റെറ) പരാതിപ്പെടാം. പദ്ധതി വൈകിയാൽ ലാഭം ബിൽഡർക്ക് ലഭിക്കില്ലെന്നു മാത്രമല്ല, കനത്ത പിഴയും നൽകേണ്ടി വരും.