കുടുംബാംഗങ്ങളുടെയും, ഉറ്റവരുടെയും മനസ്സു തുറന്ന പ്രാര്‍ത്ഥനയുടെ അകമ്പടിയോടെ ചെയ്യുന്ന മംഗളകർമമാണ് ഗൃഹശിലാസ്ഥാപനം. വീട് നിർമാണത്തിന്റെ പണികൾ ആരംഭിക്കുന്നതിന്റെ ഔദ്യോഗിക തുടക്കം കൂടിയാണിത്. രണ്ടു രീതിയിൽ മേൽപ്പറഞ്ഞ മംഗളകർമങ്ങൾ നടത്താം. വലിയ പറമ്പാണെങ്കിൽ, സ്ഥലത്തിന്റെ വടക്കു കിഴക്കോ, തെക്കു പടിഞ്ഞാറോ ആണ് സാധാരണയായി സ്ഥാനനിർണയം നടത്തുക. ഭൂമിയുടെ ചെരിവും മണ്ണിന്റെ ഘടനയും വഴി സൗകര്യവും, ദിക്കും ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ധാരാളം വിസ്തൃതിയുള്ള പറമ്പാണെങ്കിൽ മേൽപ്പറഞ്ഞ സ്ഥാനവും ദിക്കും കണക്കാക്കി പ്ലാൻ വരച്ച് പൂർത്തിയാക്കി യശേഷം കുറ്റിയടിയും ശിലാസ്ഥാപനവും നടത്താം. രണ്ടും വെവ്വേറെ ദിവസങ്ങളിലോ, ഒറ്റ ദിവസമോ നല്ല മുഹൂർത്തം നോക്കി ചെയ്യാവുന്നതാണ്.

ചെറിയ പ്ലോട്ടിലാണ് വീട് നിർമിക്കുന്നതെങ്കിൽ സ്ഥാന കുറ്റി നേരത്തേ സ്ഥാപിച്ച് പ്ലാൻ വരയ്ക്കുന്നതാണ് ഉത്തമം. കാരണം കെട്ടിടനിർമാണ നിയമം പരിഗണിച്ച് പ്ലാൻ വരയ്ക്കേണ്ടതിനാൽ പിന്നീട് പ്ലാനിൽ മാറ്റങ്ങൾ സാധ്യമാവില്ല. കല്ലിടേണ്ട സ്ഥാനവും പ്ലാനിൽ വാസ്തുവിദഗ്ധൻ മാർക്ക് ചെയ്ത് വാങ്ങിച്ചോ, നേരിട്ടു വന്ന് സ്ഥാനം നിർണയം നടത്തിയോ ചെയ്യാം. 

പണ്ടുകാലത്ത് വൃക്ഷപൂജ ചെയ്ത് കറയുള്ള വൃക്ഷം (ഉദാ: പ്ലാവ്) മുറിച്ചായിരുന്നു ഗൃഹനിർമാണം ആരംഭിച്ചിരുന്നത്. നിലവിൽ തടിമുറിച്ചും, തടിയിൽ പണികൾ ആരംഭിച്ചും ഗൃഹനിർമാണാരംഭം കുറിക്കാറുണ്ട്. രണ്ടായാലും പോസിറ്റീവ് എനർജി പ്രദാനം െചയ്തു തന്നെ വേണം വീട് പണി ആരംഭിക്കുവാൻ. വീടു നിർമാണം നടത്തുന്ന പണിക്കാരുടെ ആത്മവിശ്വാസത്തിനും ഉപോദ്ബലമാകുന്നു ശരിയായ തുടക്കമെന്നതിന് സംശയമില്ല.