വീട് നിർമാണരംഗത്ത് ഒരുപക്ഷേ ഏറ്റവും കൂടുതൽ വ്യത്യസ്തത അവലംബിച്ചുവരുന്ന ഇടങ്ങളായി ടോയ്‍ലറ്റ്/ബാത്റൂമുകൾ മാറിയിരിക്കുന്നു. പ്രാഥമികാവശ്യങ്ങൾക്ക് മാത്രം സൗകര്യം ഒരുക്കിവന്നിരുന്ന ബാത്റൂമുകളുടെ രൂപകൽപനയിൽ വലിയ മാറ്റങ്ങൾ വന്നു കഴിഞ്ഞു. തിരക്കേറിയ ജീവിതത്തിൽ പ്രാഥമികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ടോയ്‍ലറ്റുകൾ മികച്ചതും, കൂടുതൽ സമയം െചലവഴിക്കേണ്ടുന്ന മുറികളുമായി മാറിക്കഴിഞ്ഞിരിക്കുന്നു. ക്ലൈന്റ് ഹോമുകളുടെ ഏറ്റവും പുതിയ സവിശേഷത ഇത്തരം ന്യൂ ജനറേഷൻ ടോയ്‍ലറ്റ് / ബാത്റൂമുകളാണ്. 30, 40 സ്ക്വയർഫീറ്റിൽ ഒതുങ്ങി നിന്നിരുന്ന ബാത്റൂമുകളുടെ വിസ്തൃതി 100, 150 സ്ക്വയർ ഫീറ്റിലേക്ക് മാറിയതും രൂപകൽപനയിൽ വന്ന മാറ്റങ്ങൾ സൂചിപ്പിക്കുന്നു.

വാഷ് ബേസിൻ ഏരിയ, ക്ലോസെറ്റ് ഏരിയ, വെറ്റ് ബാത്ത് ഏരിയ എന്നിവ കൂടാതെ ഡ്രസ് ഏരിയ, റെസ്റ്റ് / റീഡിങ് സ്പെയ്സ് എന്നിങ്ങനെയുള്ളവയും ബാത്റൂമുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഒന്നരയടി, രണ്ടടി വീതിയിൽ ഒതുങ്ങിയിരിക്കുന്ന വാഷ്ബേസിൻ ഏരിയ നാല് അടി, അഞ്ച് അടി നീളത്തിൽ ഡ്രസ് ഏരിയായ്ക്ക് ഒപ്പവും. കൂടുതൽ സൗകര്യ പ്രദമായ വാൾമൗണ്ട് കൺസീൽഡ് ക്ലോസെറ്റും, ജാക്കൂസി, ബാത്ത് ടബ്ബുകൾ, ഷവർ തുടങ്ങിയ സൗകര്യമുള്ള ബാത്റൂമുകളും എല്ലാം പുതിയകാല ടോയ്‍ലറ്റുകളെ ഏറെ വ്യത്യസ്ത മാക്കുന്നു.

പ്രകൃതി നേരിട്ട് ബാത്റൂമുകളിലേക്ക്

മറ്റേത് മുറികളെപ്പോലെ തന്നെ വെളിച്ചവും, വായുസഞ്ചാരവും ഉറപ്പാക്കുന്ന ടോയ്‍ലറ്റ് / ബാത്റൂമുകളാണ് പുതിയ ട്രെൻഡ്. വാഷ് ബേസിൻ ഏരിയായും, ബാത്ത് ഏരിയായും തുറന്ന രീതിയിലും, ക്ലോസെറ്റ് ഏരിയ മാത്രം ഗ്ലാസ്സ് / ഫൈബർ ഉപയോഗിച്ചും വാതിൽ നൽകിയും സ്വകാര്യത ഉറപ്പാക്കുകയും ചെയ്യുന്ന രീതി കൂടുതലായി അവലംബിച്ചു വരുന്നു. വാഷ്ബേസിൻ ഏരിയായിൽ വിശാലമായ ഗ്രാനൈറ്റ് സ്ലാബ് പ്രതലം നൽകി കൗണ്ടർ ടോപ്പ്, കൗണ്ടർ ‍ഡൗൺ വാഷ് ബേസിനുകൾ നൽകിയും വലിയ കണ്ണാടി ഉറപ്പിച്ചും, ഡ്രസ് ഏരിയയുടെ സൗകര്യം ഉറപ്പാക്കുന്നു. തൊട്ടടുത്തായി ഡ്രസ് ഷെൽഫു കളും, കോസ്മെറ്റിക് ട്രേകളും നൽകിവരുന്നു. വൈറ്റ് ഏരിയായിൽ ചൂട് /തണുപ്പ് വെള്ളം ലഭിക്കുന്ന ബാത്ത് ടബ്ബുകളും, വലിയ ഷവർ പാനലും നൽകി കൂടുതൽ സൗകര്യപ്രദമാ ക്കാൻ ശ്രദ്ധിക്കുന്നു.

മുമ്പൊക്കെ വെന്റിലേഷനുകൾ നൽകിവന്നിരുന്ന ബാത്റൂമു കളിൽ ഇന്ന് വലിയ ജനാലകളും കടന്നു വന്നിരിക്കുന്നു. ജനാലകളുടെ അടിഭാഗം ഫ്രോസൺ ഗ്ലാസ്സോ, പലകയിൽ ലൂവർ ഡിസൈനോ നൽകി സ്വകാര്യതയും ഉറപ്പാക്കി വരുന്നു.

ബാത്റൂമുകളിൽ ഭിത്തിയുടെ മുകൾഭാഗത്തായി പകൽ വെളിച്ചം കടക്കുന്നതും എന്നാൽ സ്വകാര്യത ഉറപ്പാക്കുന്ന തരത്തിലുള്ള പർഗോളയും നൽകി വരുന്നുണ്ട്.

ടോയ്‍ലറ്റ് /ബാത്റൂമുകളുടെ ഒരു വശത്തായി ഗ്രീൻ കോർട്ട് യാർഡുകൾ നിർമിക്കുന്ന രീതിയും രൂപകൽപനയിൽ അവലം ബിക്കുന്നു. ധാരാളം വായു സഞ്ചാരവും വെളിച്ചവും നിറയുന്ന ഇത്തരം ബാത്റൂമുകളൾ തീർച്ചയായും ന്യൂജനറേഷൻ വീടുകളെ തികച്ചും വ്യത്യസ്തമാക്കുന്നു.

ചെലവ് നിയന്ത്രിക്കാം

∙വീടിന്റെ പ്ലാൻ വരപ്പിക്കുമ്പോൾ ടോയ്‍ലറ്റ് / ബാത്റൂമിന്റെ പ്ലംബിങ് പ്ലാൻ കൂടി നിർബന്ധമായും വാങ്ങണം.

∙മെയിന്റനൻസ് ജോലികൾ / സർവീസ് ജോലികൾക്ക് വരുമ്പോൾ പൈപ്പുകളുടെ കൃത്യസ്ഥാനം നിർണയിക്കുന്നതിന് ഇത്തരം പ്ലാനുകൾ കൂടുതലായി സഹായിക്കും. പിന്നീടുള്ള മണ്ണ് ലെവലിങ് ജോലികൾ ചെയ്യുന്ന സമയത്ത് പൈപ്പുകൾ പൊട്ടാതിരിക്കാനും വേണ്ട ശ്രദ്ധ കൊടുക്കുവാനും സാധിക്കുന്നു.

∙ടോയ്‍ലറ്റ് / ബാത്റൂമുകളുടെ ഏതെങ്കിലും ഒരു ഭിത്തിയിൽ തന്നെ വാട്ടർലൈൻ/ വെയിസ്റ്റ് ലൈൻ നൽകാൻ ശ്രദ്ധിക്കുകയും, പാസേജ് മറുവശത്തേക്കും നൽകിയാൽ ചെലവ് കുറയ്ക്കുവാൻ സാധിക്കും.

∙സെപ്റ്റിക് ടാങ്ക് ഉചിതമായ സ്ഥലത്ത് ഉറപ്പിച്ചാൽ ടോയ്‍ലെറ്റുകളിൽ നിന്നുള്ള വേയ്സ്റ്റ് ലൈനുകളുടെ ചെലവിൽ കാര്യമായ ലാഭം വരുത്താം.

∙മുൻകൂട്ടി സോളർ ലൈൻ തീരുമാനിക്കുകയും, വാട്ടർ ടാങ്കിന്റെയടുത്തായി പാനലുകൾ സ്ഥാപിക്കുകയും ചെയ്താൽ എക്സ്ട്രാ ചെലവുകൾ കുറയ്ക്കാൻ സാധിക്കും.