മഴക്കാലമാണ്. കോരിച്ചൊരിയുന്ന മഴയത്ത് വീടിനുള്ളിലെ ചൂട് നിങ്ങൾ മാത്രമല്ല ആഗ്രഹിക്കുക. വീടിനുള്ളിൽ മഴക്കാലത്ത് ഉറുമ്പ്, ഈച്ച, പല്ലി, എട്ടുകാലി, എലി തുടങ്ങിയ ക്ഷുദ്രജീവികളുടെ ഘോഷയാത്രയായിരിക്കും. ഈർപ്പമുള്ളപ്പോൾ ചിതലിന്റെ കാര്യം പറയുകയും വേണ്ട. വീടു നിർമാണ സമയത്തുതന്നെ ചെയ്യാവുന്ന പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റുകൾ നിരവധിയുണ്ട്. ഭിത്തിയിലും അടിത്തറയോടു ചേർന്നും ചിതലരിക്കാതിരിക്കാൻ ഇതു സഹായിക്കും പക്ഷേ, നിരയിട്ടു വരുന്ന ഉറുമ്പുകളും ഭിത്തിയിൽ ഓടിനടക്കുന്ന പല്ലികളുമെല്ലാം മനസ്സിനെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. 

ശല്യക്കാരായ എല്ലാത്തരം ജീവികളെയും ഓടിക്കാൻ നിരവധി രാസപദാർഥങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇതിലെല്ലാം ചെറിയ അളവിലാണെങ്കിൽ പ്പോലും വിഷം അടങ്ങിയിരിക്കുന്നു. ഇത് മനുഷ്യശരീരത്തിലെത്താനും ചെറിയ കുട്ടികളിലും പ്രായമായവരിലും അലർജിയുള്ളവരിലുമൊക്കെ പ്രതികൂലമായി പ്രവർത്തിക്കുകയും ചെയ്യാനുമുള്ള സാധ്യത തള്ളിക്കളയനാകില്ല. അതുകൊണ്ട് അടുക്കളയിൽ നിന്നു ലഭിക്കുന്ന നിത്യോപയോഗസാധനങ്ങൾ ഉപയോഗിച്ച്  ഇക്കോഫ്രണ്ട്ലി പെസ്റ്റ് കൺട്രോളിങ് നടത്തിക്കളയാം. 

1. ആവശ്യത്തിന് വെന്റിലേഷനും സൂര്യപ്രകാശവും വീടിനകത്തില്ലെങ്കിൽ എല്ലാത്തരം ക്ഷുദ്രജീവികളും കൂടേറാനും  മുട്ടയിട്ടു പെരുകാനും സാധ്യതയുണ്ടെന്നത് തർക്കമറ്റ വസ്തുതയാണ്. ഇടയ്ക്കിടെ കർട്ടൻ നീക്കി, ജനൽ തുറന്നിട്ട് വീടിനകത്തേക്ക് പ്രകാശവും വായുവും കയറ്റുക. 

2. വീടിനകത്തോ പുറത്തോ ചെറിയ മാളങ്ങളോ ദ്വാരങ്ങളോ ഉണ്ടെങ്കിൽ അത് അടയ്ക്കുക. ഇത്തരം താമസസ്ഥലങ്ങളാണ് ക്ഷുദ്രജീവികളെ പ്രോത്സാഹിപ്പിക്കുന്നത്. 

3. കബോർഡുകൾക്കുള്ളിലെ ഇരുട്ടിലും സിങ്കിനടിയിലുമാണ് പാറ്റ താവളം കണ്ടെത്തുന്നത്. പ്രത്യേകിച്ച് പുൾഒൗട്ടുകൾ ഉണ്ടെങ്കിൽ അതിനിടയിലും അടിയിലും വൃത്തിയാക്കൽ എളുപ്പമല്ല. ഇത്തരം സ്ഥലങ്ങളിലാണ് പാറ്റയും പല്ലിയുമെല്ലാം താവളമടിക്കുന്നത്. ആഴ്ചയിൽ ഒരിക്കലെങ്കിലും ഒരു പകൽ മുഴുവൻ ഈ കബോർഡുകളുടെ വാതിൽ വെളിച്ചത്തിലേക്ക് തുറന്നുവച്ചാൽ ഇരുട്ടിൽ കൂടു കൂട്ടിയ ജീവികളെല്ലാം സ്ഥലം വിടും. ബേക്കിങ് സോഡ ചേർത്ത വെള്ളംകൊണ്ടു തറ തുടയ്ക്കുന്നതും ഉറുമ്പുശല്യം കുറയ്ക്കും. 

4. പഞ്ചസാര പൊടിച്ചതിൽ ബേക്കിങ് സോഡ ചേർത്ത് ചെറിയ ഉരുളകളാക്കുക. ഇത് കബോർഡുകൾക്കടിവശത്തുവച്ചാൽ പാറ്റ നശിക്കും.

5. വീടിനുള്ളിൽ എലി താമസം തുടങ്ങിയാൽ വളരെ ബുദ്ധിമുട്ടായാിരിക്കും. ഇഞ്ചി എലിക്കു വളരെ പേടിയായതിനാൽ എലിയുടെ സഞ്ചാരവഴികൾ കണ്ടെത്തി അവിടെ ഇഞ്ചി ചുരണ്ടിയതു വിതറിയാൽ മതി. തോട്ടത്തിലെ എലി ശല്യം കുറയാനും ചെടികൾക്കിടയിൽ ഇഞ്ചി നട്ടാൽ മതി. 

6. മഴക്കാലത്ത് ചെടികളിലും വീടിനകത്തുമെല്ലാം ഒച്ചിന്റെ ശല്യമുണ്ടാകും. ഉപ്പ്, അല്ലെങ്കിൽ ഉപ്പുവെള്ളം ഉപയോഗിച്ച് ഒച്ചിനെ തുരത്താം. കാപ്പിപ്പൊടിയാണ് ഒച്ചിനു പേടിയുള്ള മറ്റൊരു സാധനം. കാപ്പി ഉണ്ടാക്കി ബാക്കിയാകുന്ന മട്ട് ചെടിയുടെ ചുവട്ടിൽ ഒഴിച്ച് ഒച്ചിനെ ഓടിക്കാം. 

7. നാരങ്ങ,ഓറഞ്ച് തുടങ്ങിയ സാധനങ്ങളുടെ മണം പാറ്റയ്ക്ക് താൽപര്യമില്ല. അതുകൊണ്ടുതന്നെ ഇതിന്റെ തൊലിയോ ഓറഞ്ച് അല്ലെങ്കിൽ ലെമൺ ഫ്ളേവറുള്ള ഫ്ളോർ ക്ലീനിങ് ലോഷനുകളോ ഉപയോഗിച്ച് പാറ്റശല്യം നല്ലൊരളവുവരെ കുറയ്ക്കാം. 

8. ഈച്ച, ഉറുമ്പ് തുടങ്ങിയ ജീവികളെ ഓടിക്കാൻ പുതിന വളരെ ഫലപ്രദമാണ്. പുതിന ചെറുതായൊന്നു ഞെരടി ഒരു തുണിയിൽ പൊതിഞ്ഞ് ഭംഗിയുള്ള ചരടുകൊണ്ടു കെട്ടി മുറിയുടെ മൂലകളിൽ നിക്ഷേപിക്കുക. ഈച്ചയുടെയും ഉറുമ്പിന്റെയും ശല്യം കുറയും. വിനാഗിരിയും വെള്ളവും തുല്യ അളവിൽ ചേർത്തതിൽ മുക്കിയ തുണികൊണ്ടു തുടച്ചാൽ കൗണ്ടർ ടോപ്പിനു മുകളിലും ഡൈനിങ് ടേബിളിലും ഉറുമ്പു വരുന്നതു തടയാം. 

9. ബാർസോപ്പ് വെള്ളത്തിൽ ലയിപ്പിച്ചതിൽ രണ്ടു തുള്ളി വേപ്പെണ്ണയും ചേർത്ത് സ്പ്രേ ചെയ്താൽ തോട്ടത്തിലെ ഉറുമ്പ്, ചിതൽ ശല്യംകുറയും. പുളിയുള്ള മോര് വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യുന്നതും ചിതലിനെ അകറ്റും. 

10. ഇടയ്ക്കിടെ സാധാരണ വാക്വം ക്ലീനറോ ആവി ഉപയോഗിച്ചു പ്രവർത്തിക്കുന്ന വാക്വം ക്ലീനറോ ഉപയോഗിച്ച് തറ വൃത്തിയാക്കുക. അലർജിക്കു കാരണമാകുന്ന സൂക്ഷ്മ ജീവികളും ഉറുമ്പും ഈച്ചയുമെല്ലാം അകന്നു പോകും.