കേരളത്തിലെ പാർപ്പിടമേഖലയിൽ അസമത്വം കൂടി വരികയാണോ? കേരളത്തിൽ ഏകദേശം 14 % വീടുകൾ പൂട്ടിക്കിടക്കുന്നു എന്നൊരു സർവേഫലം കുറച്ചുവർഷം മുൻപ് വന്നിരുന്നു. ഇതിൽ ഭൂരിഭാഗവും 3000 ചതുരശ്രയടിക്ക് മുകളിലുള്ള ആഡംബരവീടുകളാണ് എന്നും വിലയിരുത്തലുണ്ടായിരുന്നു. ഇതേകേരളത്തിൽ തലചായ്ക്കാൻ നല്ലൊരു വീടില്ലാത്ത

കേരളത്തിലെ പാർപ്പിടമേഖലയിൽ അസമത്വം കൂടി വരികയാണോ? കേരളത്തിൽ ഏകദേശം 14 % വീടുകൾ പൂട്ടിക്കിടക്കുന്നു എന്നൊരു സർവേഫലം കുറച്ചുവർഷം മുൻപ് വന്നിരുന്നു. ഇതിൽ ഭൂരിഭാഗവും 3000 ചതുരശ്രയടിക്ക് മുകളിലുള്ള ആഡംബരവീടുകളാണ് എന്നും വിലയിരുത്തലുണ്ടായിരുന്നു. ഇതേകേരളത്തിൽ തലചായ്ക്കാൻ നല്ലൊരു വീടില്ലാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ പാർപ്പിടമേഖലയിൽ അസമത്വം കൂടി വരികയാണോ? കേരളത്തിൽ ഏകദേശം 14 % വീടുകൾ പൂട്ടിക്കിടക്കുന്നു എന്നൊരു സർവേഫലം കുറച്ചുവർഷം മുൻപ് വന്നിരുന്നു. ഇതിൽ ഭൂരിഭാഗവും 3000 ചതുരശ്രയടിക്ക് മുകളിലുള്ള ആഡംബരവീടുകളാണ് എന്നും വിലയിരുത്തലുണ്ടായിരുന്നു. ഇതേകേരളത്തിൽ തലചായ്ക്കാൻ നല്ലൊരു വീടില്ലാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ പാർപ്പിടമേഖലയിൽ അസമത്വം കൂടി വരികയാണോ? കേരളത്തിൽ ഏകദേശം 14 % വീടുകൾ പൂട്ടിക്കിടക്കുന്നു എന്നൊരു സർവേഫലം കുറച്ചുവർഷം മുൻപ് വന്നിരുന്നു. ഇതിൽ ഭൂരിഭാഗവും 3000 ചതുരശ്രയടിക്ക് മുകളിലുള്ള ആഡംബരവീടുകളാണ് എന്നും വിലയിരുത്തലുണ്ടായിരുന്നു. ഇതേകേരളത്തിൽ തലചായ്ക്കാൻ നല്ലൊരു വീടില്ലാത്ത ലക്ഷക്കണക്കിന് ആളുകളുമുണ്ട്. സർക്കാർ ഭവനപദ്ധതികളിലെ അപേക്ഷകരുടെ ബാഹുല്യം തന്നെ ഉദാഹരണമാണ്. ഈ സാഹചര്യത്തിൽ ആഡംബരവീടുകളുടെ പ്രസക്തി, ലഘുവായി ഒന്ന് വിശകലനം ചെയ്യാനാണ് ശ്രമിക്കുന്നത്.

ആഡംബരവീടുകൾ ശാപമാകുന്നത് എപ്പോൾ?

ADVERTISEMENT

കേരളത്തിലെ സാഹചര്യത്തിൽ അനുകരണഭ്രമവും അനാവശ്യ മാത്സര്യവുമാണ് ആഡംബരവീടുകൾ ഒരു സാമൂഹികവിപത്ത് എന്ന നിലയിലേക്ക് എത്തിക്കുന്നത്. ഉദാഹരണത്തിന് കേരളത്തിൽ പലയിടത്തും നടക്കുന്ന ഒരു സാഹചര്യം പറയാം. രണ്ടു അയൽക്കാർ. വർഷങ്ങളായി ഒരേ സാമ്പത്തിക പശ്ചാത്തലമുണ്ടായിരുന്നവർ. പക്ഷേ അതിലൊരു വീട്ടിലെ പുതുതലമുറ ഗൾഫിൽ പോകുന്നു. അവരുടെ സാമ്പത്തികനിലവാരം മെച്ചപ്പെടുന്നു. പഴയ വീട് പൊളിച്ചു കളഞ്ഞു വമ്പൻ വീട് വയ്ക്കുന്നു. അതോടെ പുത്തൻപണക്കാരന്റെ അത്ര സാമ്പത്തിക വളർച്ച ഇല്ലാതെ പോയ, എന്നാൽ നാട്ടിൽ അത്യാവശ്യം ജോലിയുള്ള അയൽക്കാർക്ക് കണ്ണുകടിയുണ്ടാകുന്നു. പിന്നീട് അവർ വീട് വയ്ക്കുന്ന ഒരു സമയം എത്തുമ്പോൾ, അയൽക്കാരന്റേതിനേക്കാൾ വലിയ വീട് വയ്ക്കാനാണ് ശ്രമിക്കുക. അങ്ങനെ വീട് ഒരു കോംപറ്റീഷൻ ഐറ്റമായി മാറുന്നു. അതിനായി വലിയ തുക ഹോം ലോൺ എടുക്കാനും അവർ മടിക്കില്ല. ജീവിതത്തിന്റെ അനിശ്ചിതങ്ങൾക്കിടയിൽ എവിടെയെങ്കിലും കണക്കുകൂട്ടലുകൾ പിഴച്ചാൽ പിന്നെ കടവും പഴിയുമായിരിക്കും ഫലം.

വീടുപണിയുടെ കാര്യത്തിൽ 'ദീർഘവീക്ഷണം' കൂടിപ്പോയതിന്റെ പ്രശ്‍നങ്ങൾ മലയാളികൾ അനുഭവിക്കുന്നുണ്ട്. 'വീട്, ജീവിതത്തിൽ ഒരിക്കൽ മാത്രം' എന്ന വൈകാരിക ആശയം കാരണം, പണിയുമ്പോൾ ഒന്നിനും കുറവ് വേണ്ട എന്നുകരുതും. ചെറുതായി പണിതുകഴിഞ്ഞാൽ ഭാവിയിൽ കുടുംബം വികസിക്കുമ്പോൾ അസൗകര്യങ്ങൾ വർധിച്ചാലോ? അപ്പോൾ പിന്നെയും വീട് പുതുക്കിപ്പണിയാൻ നടക്കണം. അതിലും നല്ലത് അടുത്ത തലമുറയ്ക്ക് വേണ്ടി കൂടിയുള്ള സൗകര്യങ്ങൾ ഇപ്പോഴേ ഒരുക്കുന്നതല്ലേ എന്നുചിന്തിക്കുന്നവരുണ്ട്. ഒറ്റനോട്ടത്തിൽ ഇതിൽ അൽപം കാര്യമില്ലേ എന്നും തോന്നിപ്പോകും. പക്ഷേ പ്രായോഗികതലത്തിൽ വരുമ്പോൾ ഇത് അബദ്ധമാകാറാണ് പതിവ്. മിക്ക അടുത്തതലമുറയും ഏതെങ്കിലും നഗരങ്ങളിലെ ഫ്ലാറ്റുകളിലേക്കോ വിദേശരാജ്യങ്ങളിലേക്കോ ചേക്കേറിയിട്ടുണ്ടാകും. വീടുപണിതിട്ട മാതാപിതാക്കളുടെ കാലം കഴിയുമ്പോൾ 'നാട്ടിലെ ബാധ്യതയായ' വീടും സ്ഥലവും എല്ലാംകൂടി വിറ്റുപെറുക്കി സ്ഥലംകാലിയാക്കുന്നതാണ് മിക്കവാറും സംഭവിക്കുക .

ADVERTISEMENT

ആഡംബരവീടുകൾ ഉയരുമ്പോൾ സംഭവിക്കുന്ന പാരിസ്ഥിതികാഘാതവും മനസ്സിലാക്കേണ്ടതാണ്. ഉദാഹരണത്തിന് അനാവശ്യമായി ഒരു മുറി പണിയാൻ ശ്രമിക്കുമ്പോൾ അത്രയും പ്രകൃതിവിഭവങ്ങളാണ് നഷ്ടമാകുന്നത്. അത് വേറെ ഒരു പാവപ്പെട്ടവന് ഉപകരിക്കേണ്ടായിരുന്നു എന്നോർക്കണം. വീടിന്റെ പുറംഭിത്തികളും നടപ്പാതയുമെല്ലാം കരിങ്കല്ല് വിരിക്കാൻ ശ്രമിക്കുമ്പോൾ അത്രയുംകൂടി മലകൾ തകർക്കപ്പെടുകയാണ്. തലചായ്ക്കാൻ നല്ലൊരു വീടില്ലാത്ത ലക്ഷക്കണക്കിന് ആളുകൾക്കുകൂടി അർഹതപ്പെട്ട പ്രകൃതിവിഭവങ്ങളാണ് ഇവിടെ ഒരുവിഭാഗം ദുർവിനിയോഗം ചെയ്യുന്നത്.

 

ADVERTISEMENT

ആഡംബരവീടുകൾ അനുഗ്രഹമാകുന്നത് എപ്പോൾ?

ഇനി എതിർവശം പരിശോധിക്കാം. ഒരു ചെറിയ ഉദാഹരണം പറയാം. അധികം വികസനം ഇല്ലാത്ത ഒരു പ്രദേശം സങ്കൽപിക്കുക. അവിടെ ഒരു പ്രവാസി വസ്തു വാങ്ങി ആഡംബരവീട് പണി തുടങ്ങി. അയാൾ സമീപത്തെ കടകളിൽ നിന്നും കട്ടയും സിമന്റും കമ്പിയും മറ്റു നിർമാണസാമഗ്രികളും മേടിക്കുമ്പോൾ, അയാളുടെ NRI അക്കൗണ്ടിൽ മറ്റാർക്കും ഉപകാരമില്ലാത്ത കിടന്ന പണം ആ ലോക്കൽ മാർക്കറ്റിലേക്ക് പമ്പ് ചെയ്യപ്പെടുകയാണ്. ആ പ്രദേശത്തെ മേസ്തിരിമാർക്കും ആശാരിമാർക്കും വെൽഡർക്കും ഇലക്ട്രീഷ്യനും പ്ലംബർക്കുമെല്ലാം ജോലി കിട്ടുന്നു. അവരുടെ കയ്യിലേക്ക് അധികമായി പണമെത്തുന്നു. ആ പണം അവർ തുണി മേടിക്കാനും ടിവി മേടിക്കാനും മൊബൈൽ മേടിക്കാനും ചെലവഴിക്കുമ്പോൾ ആ പ്രാദേശികവിപണി സജീവമാകുന്നു. മാത്രമല്ല അവിടെയുള്ള തദ്ദേശസ്ഥാപനങ്ങൾക്ക് നികുതിയായി അധികവരുമാനം ലഭിക്കുന്നു. കേരളത്തിൽ ഗൾഫ് പ്രവാസികൾ ഏറെയുള്ള മലബാർ ഏരിയകൾ ഇതിന്റെ ഉദാഹരണമാണ്. അവർ ഗൾഫിൽ പോയി കാശുണ്ടാക്കിയാൽ അടുത്തതായി ചെയ്യുന്നത് നാട്ടിൽ ഒരു നല്ല വീട് പണിയുകയെന്നതാണ്. ഇത് മനസ്സിലാക്കി നിർമാണവിപണിയും ഈ മേഖലകളിൽ കേന്ദ്രീകരിക്കുന്നു.  ഗൾഫുകാരൻ, നാട്ടിൽ വീട് വയ്ക്കുന്നതിന് പകരം നഗരത്തിൽ വല്ല ഫ്ലാറ്റും മേടിച്ചിരുന്നെങ്കിലോ?  ഇത്രയും പേരിലേക്ക് ആ പണം എത്തുമായിരുന്നില്ല. ചുരുക്കത്തിൽ സാമ്പത്തിക ശാസ്ത്ര വീക്ഷണകോണിൽ, ആഡംബരവീടുകൾ ധനത്തിന്റെ ചാക്രികവിനിമയം സുഗമമായി നടക്കാൻ ഉപകരിക്കുന്നു. 

രത്നച്ചുരുക്കം

ഇനിയും പോസിറ്റീവും നെഗറ്റീവുമായ ഒരുപാട് ഘടകങ്ങൾ ഈ വിഷയത്തിൽ വിലയിരുത്തപ്പെടാനുണ്ട്. എങ്കിലും ദൈർഘ്യം മൂലം അതിനുമുതിരുന്നില്ല. ഇത് വായിക്കുന്ന മലയാളികളുടെ ചർച്ചയ്ക്കായി അത് വിട്ടുതരുന്നു. മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു മനുഷ്യായുസ്സിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിൽ ഒന്നാണ് വീട്. അതിനാൽ ഫാന്റസിയെക്കാളും മാത്സര്യത്തേക്കാളും യാഥാർഥ്യബോധത്തോടെയുള്ള സമീപനമാണ് വേണ്ടത്. ചുരുക്കത്തിൽ 'കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ' എന്ന പഴമൊഴിക്ക് വീടിന്റെ കാര്യത്തിൽ വലിയ പ്രായോഗികാർഥമുണ്ട്. 


English Summary- Luxury Home in Kerala- A Boon or Bane